ബെംഗളൂരു: ഐപിഎല്ലിന്റെ രണ്ടാം പകുതിയില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ ശേഷിച്ച മല്‍സരങ്ങള്‍ നിര്‍ണായകമായ കെകെആര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് അവരുടെ മൈതാനത്തു കൊമ്പുകുത്തിച്ചത്. ചിന്നസ്വാമിയില്‍ നടന്ന പോരാട്ടത്തില്‍ 21 റണ്‍സിനായിരുന്നു കെകെആറിന്റെ വിജയം.
201 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ആര്‍സിബിക്കു കെകെആര്‍ നല്‍കിയത്. നായകന്റെ ഇന്നിങ്‌സുമായി വിരാട് കോലി (54) മുന്നില്‍ നിന്നും പട നയിച്ചെങ്കിലും ആര്‍സിബിക്കു എട്ടു വിക്കറ്റിനു 179 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 37 ബോളില്‍ ആറു ഫോറുള്‍പ്പെട്ടതാണ് കോലിയുടെ ഇന്നിങ്‌സ്. സ്‌കോര്‍- കെകെആര്‍ അഞ്ചിന് 200, ആര്‍സിബി എട്ടിന് 179.

കോലിയെ മാറ്റിനിര്‍ത്തിയാല്‍ മഹിപാല്‍ ലൊംറോര്‍ (34) മാത്രമാണ് റണ്‍ചേസില്‍ ആര്‍സിബി നിരയില്‍ പൊരുതി നോക്കിയത്. ദിനേശ് കാര്‍ത്തിക് 22 റണ്‍സുമെടുത്തു. ഫഫ് ഡുപ്ലെസിക്ക് (17) മുന്‍ മല്‍സരങ്ങളിലേതു പോലെ ഈ കളിയില്‍ ബാറ്റിങില്‍ ഇംപാക്ടുണ്ടാക്കാനായില്ല. ഗ്ലെന്‍ മാക്‌സ്വെല്ലും (5) നിരാശപ്പെടുത്തി.
ഷഹബാസ് അഹമ്മദ് (2), സുയാഷ് പ്രഭുദേശായ് (10), വനിന്ദു ഹസരംഗ (5) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. മൂന്നു വിക്കറ്റുകളെുത്ത വരുണ്‍ ചക്രവര്‍ത്തിയും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ട സുയാഷ് ശര്‍മ, ആന്ദ്രെ റസ്സല്‍ എന്നിവരും ചേര്‍ന്നാണ് ആര്‍സിബിയെ ഒതുക്കിയത്.
പവര്‍പ്ലേ കഴിയുമ്പോഴേക്കും ആര്‍സിബി മൂന്നിന് 58ലേക്കു വീണിരുന്നു. എന്നാല്‍ കോലിക്കു കൂട്ടായി ലൊംറോര്‍ വന്നതോടെ ആര്‍സിബി ശക്തമായി തിരിച്ചവന്നു. 55 റണ്‍സ് ഈ സഖ്യം ചേര്‍ന്നെടുത്തു. ഈ ഘട്ടത്തില്‍ ആര്‍സിബിക്കു വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തിക്കെതിരേ തുടരെ രണ്ടാം സിക്‌സറിനു ശ്രമിച്ച് ബൗണ്ടറി ലൈനിന് അരികില്‍ ലൊംറോര്‍ ക്യാച്ച് നല്‍കിയതോടെ ആര്‍സിബിയുടെ താളം തെറ്റി. പിന്നിട് അവര്‍ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഇതോടെ വിജയം അകന്നു പോവുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട കൊല്‍ക്കത്ത അഞ്ചു വിക്കറ്റിനാണ് 200 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിത്. തുടരെ രണ്ടാം ഫിഫ്റ്റിയടിച്ച ഇംഗ്ലണ്ട് താരം ജേസണ്‍ റോയിയാണ് (56) കെകെആര്‍ ഇന്നിങ്‌സിനു തുടക്കത്തില്‍ തന്നെ വേഗത നല്‍കിയത്. 29 ബോളുകള്‍ നേരിട്ട താരം അഞ്ചു സിക്‌സറു നാലു ഫോറുമടിച്ചു.
ക്യാപ്റ്റന്‍ നിതീഷ് റാണ (48), വെങ്കടേഷ് അയ്യര്‍ (31) എന്നിവരും കെകെആര്‍ നിരയില്‍ മിന്നിച്ചു. സ്ലോ ഇന്നിങ്‌സാണ് കളിച്ചതെങ്കിലും ഓപ്പണര്‍ എന്‍ ജഗദീശന്‍ 27 റണ്‍സ് സംഭാവന ചെയ്തു. ആന്ദ്രെ റസ്സല്‍ (1) !ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ നിരാശപ്പെടുത്തിയപ്പോള്‍ റിങ്കു സിങും (10 ബോളില്‍ 18*) ഡേവിഡ് വീസ്സെയും (മൂന്നു ബോളില്‍ 12*) മികച്ച ഫിനിഷിങിലൂടെ ടീം സ്‌കോര്‍ 200ലെത്തിച്ചു.
ആഗ്രഹിച്ച തുടക്കമായിരുന്നു റോയ്-ജഗദീശന്‍ സഖ്യം കെകെആറിനു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 56 ബോളില്‍ 83 റണ്‍സ് ഈ സഖ്യം ചേര്‍ന്നെടുത്തു. ജഗദീശന്‍ തട്ടിയും മുട്ടിയും ക്രീസില്‍ പിടിച്ചുനിന്നപ്പോള്‍ മറുഭാഗത്തു റോയ് തകര്‍ത്തടിച്ചു. പക്ഷെ ജഗദീശനും റോയിയും ഒരേ ഓവറില്‍ പുറത്തായത് കെകെആറിനെ ഞെട്ടിച്ചു.
വിജയ് കുമാര്‍ വൈശാഖാണ് അവര്‍ക്കു ഇരട്ട പ്രഹരമേകിയത്. 29 ബോളില്‍2 24 റണ്‍സെടുത്ത ജഗദീശനെ അദ്ദേഹം ഡേവിഡ് വില്ലിക്കു സമ്മാനിച്ചു. ഓവറിലെ അവസാന ബോളില്‍ റോയിയെ ബൗള്‍ഡാക്കി വിജയ് കുമാര്‍ ആര്‍സിബിയെ കളിയിലേക്കു തിരികെ കൊണ്ടു വന്നു.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ വീണ്ടും മികച്ചൊരു കൂട്ടുകെട്ട് കെകെആര്‍ ഇന്നിങ്‌സില്‍ കണ്ടു. റാണ- വെങ്കടേഷ് ജോടി 80 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തതോടെ കൊല്‍ക്കത്ത 160 കടന്നു. ആര്‍സിബിയുടെ ഫീല്‍ഡിങിലെ പിഴവുകളും അവരെ അതിനു സഹായിച്ചു. റാണയുടെയും വെങ്കടേഷിന്റെയും സിംപിള്‍ ക്യാച്ചുകള്‍ മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും പാഴാക്കുകയായിരുന്നു. അവ മുതലാക്കിയിരുന്നെങ്കില്‍ കെകെആറിനെ നേരത്തേ പിടിച്ചുകെട്ടാന്‍ ആര്‍സിബിക്കാവുമായിരുന്നു.
ടോസിനു ശേഷം ആര്‍സിബിയുടെ താല്‍ക്കാലിക ക്യാപ്റ്റന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്ഥിരം നായകന്‍ ഫഫ് ഡുപ്ലെസി തുടരെ മൂന്നാത്തെ കളിയിലും ബാറ്റിങില്‍ മാത്രം ഇംപാക്ട് പ്ലെയറായി ഇറങ്ങുകയായിരുന്നു. ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് കെകെആറും ആര്‍സിബിയും കൊമ്പുകോര്‍ത്തത്. നേരത്തേ കൊല്‍ക്കത്തയില്‍ നടന്ന മാച്ചില്‍ ആര്‍സിബി വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. 81 റണ്‍സിനായിരുന്നു കെകെര്‍ എതിരാളികളെ തരിപ്പണമാക്കിയത്.
പ്ലെയിങ് ഇലവന്‍
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വിരാട് കോലി, മഹിപാല്‍ ലൊംറോര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സുയാഷ് പ്രഭുദേശായ്, ഡേവിഡ് വില്ലി, വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- എന്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), ജേസണ്‍ റോയ്, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ (ക്യാപ്റ്റന്‍), ആന്ദ്രെ റസ്സല്‍, റിങ്കു സിങ്, സുനില്‍ നരെയ്ന്‍, ഡേവിഡ് വീസ്സെ, വൈഭവ് അറോറ, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.