For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സഞ്ജു ബൗളര്‍ക്കരികിലേക്കു ഓടിയെത്തി, 20ാം ഓവറില്‍ ബൗളറോട് മിണ്ടാതെ ധോണി!

എന്തുകൊണ്ടാണ് ലോക ക്രിക്കറ്റിലെ മറ്റു ക്യാപ്റ്റന്‍മാരില്‍ നിന്നും താന്‍ വളരെ സ്‌പെഷ്യലായി മാറുന്നതെന്ന ഇതിഹാസ നായകന്‍ എംഎസ് ധോണി ഒരിക്കല്‍ക്കൂടി ലോകത്തിനു കാണിച്ചു തന്നു. ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകസ്ഥാനത്തു ധോണിക്കു പകരം മറ്റൊരു ക്യാപ്റ്റനായിരുന്നെങ്കില്‍ വിറളി പിടിക്കുമെന്നുറപ്പാണ്. കാരണം ഫീല്‍ഡിങില്‍ പല ക്യാച്ചുകളും സിഎസ്‌കെ താരങ്ങള്‍ കൈവിട്ടിരുന്നു.

മാത്രമല്ല പരിചയസമ്പത്ത് ഒട്ടുമില്ലാത്ത ബൗളര്‍മാര്‍ റണ്‍സ് വാരിക്കോരി നല്‍കുകയും ചെയ്തു. പക്ഷെ വിക്കറ്റിനു പിന്നില്‍ ഇതെല്ലാം കണ്ടുകൊണ്ടു നിന്ന ധോണിക്കു യാതൊരു കുലുക്കവുമില്ലായിരുന്നു. ആര്‍സിബിക്കു ജയിക്കാന്‍ ആറു ബോളില്‍ 19 റണ്‍സ് വേണമെന്നിരിക്കെ ധോണി 20ാമത്തെ ഓവര്‍ ഏല്‍പ്പിച്ചത് ശ്രീലങ്കയുടെ യുവ ഫാസ്റ്റ് ബൗളര്‍ മതീശ പതിരാനയെ ആയിരുന്നു. ഈ സീസണില്‍ അദ്ദേഹത്തിന്റെ ആദ്യ മല്‍സരമായിരുന്നു ഇത്. ഇത്രയും പിരിമുറുക്കമുള്ള ഒരു സന്ദര്‍ഭത്തില്‍ പതിരാനയ്ക്കു സമ്മര്‍ദ്ദം അതിജീവിക്കാനാവുമോയെന്നു ധോണിയൊഴികെ മറ്റെല്ലാവരും ചിന്തിച്ചിട്ടുണ്ടാവും.

DHONI-SANJU

പക്ഷെ അദ്ദേഹത്തിനു തന്റെ ബൗളറില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. മൂന്നാമത്തെ ബോളില്‍ പതിരാന സിക്‌സര്‍ വഴങ്ങിയപ്പോഴും ധോണി ബൗളര്‍ക്കു അരികിലേക്കു വരികയോ എന്തെങ്കിലും നിര്‍ദേശം നല്‍കുകയോ ചെയ്തില്ല. ശേഷിച്ച മൂന്നു ബോളില്‍ രണ്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത പതിരാന ഒരു വിക്കറ്റുമെടുത്ത് സിഎസ്‌കെയ്ക്കു എട്ടു റണ്‍സിന്റെ വിജയം സമ്മാനിക്കുകയും ചെയ്തു.

എന്തുകൊണ്ടാണ് മറ്റു ക്യാപ്റ്റന്‍മാരെപ്പോലെ ധോണി ഓരോ ബോളിനു ശേഷവും അവസാന ഓവറില്‍ ബൗളര്‍ക്കു അരികിലേക്കു വരികയോ, ഇടയ്ക്കിടെ നിര്‍ദേശം നല്‍കുകയോ ചെയ്യാതിരുന്നത്? ഇതേക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് കമന്റേറ്ററും ന്യൂസിലാന്‍ഡിന്റെ മുന്‍ ഫാസ്റ്റ് ബൗളറുമായ സൈമണ്‍ ഡൂള്‍. തന്റെ ടീമംഗങ്ങളില്‍ ധോണിയര്‍പ്പിക്കുന്ന വിശ്വാസമാണ് ഇതിനു പിന്നിലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

കളിക്കളത്തില്‍ തന്റെ ബൗളര്‍മാര്‍ക്കു അരികിലേക്കു ഇടയ്ക്കിടെ പോയി അവര്‍ക്കു ധോണി നിര്‍ദേശം നല്‍കുന്നത് നമ്മള്‍ അധികം കാണാറില്ല. ബൗളിങ് കോച്ചായി ഡ്വയ്ന്‍ ബ്രാവോ ഇപ്പോള്‍ സിഎസ്‌കെയിലുണ്ട്. അദ്ദേഹമായിരിക്കാം ബൗളര്‍മാരോടു സംസാരിക്കുകയും അവര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത്. അവര്‍ക്കു ബൗളിങില്‍ തീര്‍ച്ചയായും പ്ലാനുകളുണ്ടാവും.

ധോണിക്കും അതറിയാം. അവസാന ഓവറിലും പതിരാനയ്ക്കു പ്രത്യേക നിര്‍ദേശം ബൗളിങ് കോച്ച് നല്‍കിയിരിക്കാം. ധോണി താരത്തിന്റെ കഴിവില്‍ പൂര്‍ണമായും വിശ്വസിക്കുന്നു. കാര്യങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ മോശമായിരുന്നെങ്കില്‍ ഒരുപക്ഷെ ധോണി പതിരാനയ്ക്കു അടുത്തേക്കു വന്നു സംസാരിക്കുകയും ചെയ്യുമായിരുന്നുവെന്നു സൈമണ്‍ ഡൂള്‍ വിശദമാക്കി.

MS DHONI

സൈമണ്‍ ഡൂളിനൊപ്പം ഷോയില്‍ പങ്കെടുത്ത പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെയും ഇതേ അഭിപ്രായം തന്നെയാണ് പങ്കുവച്ചത്. രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ നേരത്തേ നടന്ന മല്‍സരത്തില്‍ റോയല്‍സിനായി 20ാം ഓവര്‍ ബൗള്‍ ചെയ്ത സന്ദീപ് ശര്‍മയോടു ഞാന്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. മൂന്നു ബോളില്‍ സിഎസ്‌കെയ്ക്കു ജയിക്കാന്‍ ഏഴു റണ്‍സ് വേണമെന്നിരിക്കെ എന്തായിരുന്നു ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അടുത്തേക്കു വന്നു സംസാരിച്ചതെന്നു സന്ദീപിനോടു ചോദിച്ചിരുന്നു.

നീയെന്താണ് ബൗള്‍ ചെയ്യാന്‍ പോവുന്നതെന്നായിരുന്നു സഞ്ജു ചോദിച്ചത്. ഓക്കെ, നന്നായി ബൗള്‍ ചെയ്യൂ എന്നു മാത്രമാണ് സഞ്ജു പറഞ്ഞതെന്നുമായിരുന്നു സന്ദീപ് തുറന്നു പറഞ്ഞത്. അതിനു ശേഷം സഞ്ജു വിക്കറ്റിനു പിന്നിലേക്കു തിരികെ പോവുകയായിരുന്നുവെന്നും ഭോഗലെ വ്യക്തമാക്കി.

ഒരു ക്യാപ്റ്റന്‍ കളിക്കളത്തില്‍ ഒരിക്കലും ആത്മവിശ്വാസം കൈവിടാന്‍ പാടില്ല. മാത്രമല്ല കൂളായിരിക്കുകയും വേണം. എന്നാല്‍ ഒരു ക്യാപ്റ്റന്‍ അസ്വസ്ഥനായി കാണപ്പെടുമ്പോള്‍ അതു താരങ്ങളെയും ഭയപ്പെടുത്തും. ക്യാപ്റ്റന്റെ പക്കല്‍ ഇനി ജയിക്കാന്‍ ഐഡിയകളൊന്നുമില്ലെന്നു അവര്‍ സംശയിക്കുകയും ചെയ്യും. ഫീല്‍ഡില്‍ ഒരിക്കലും ഒരു ക്യാപ്റ്റന്‍ ശാന്തത കൈവിടാന്‍ പാടില്ല. കാരണം താരങ്ങള്‍ മുഴുന്‍ അവരുടെ ക്യാപ്റ്റനിലേക്കാണ് നോക്കുക.

ക്യാപ്റ്റനെ കൂളായി അവര്‍ കാണുകയാണെങ്കില്‍ എന്തൊക്കെയോ ചില പ്ലാനുകള്‍ അദ്ദേഹത്തിനുണ്ടെന്നും അതു ടീമിനു വിജയം നല്‍കുമെന്നുമുള്ള ആത്മവിശ്വാസം അവര്‍ക്കു നല്‍കുകയും ചെയ്യുമെന്നും ഹര്‍ഷ ഭോഗലെ കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ ശാന്തനായിരിക്കുമ്പോള്‍ അതു ചിന്തിക്കാന്‍ സഹായിക്കും. എന്നാല്‍ ദേഷ്യപ്പെടുമ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യും. അതുകൊണ്ടാണ് ശാന്തരായിട്ടുള്ള ക്യാപ്റ്റന്‍മാര്‍ക്കു മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ നന്നായി തിളങ്ങാന്‍ സാധിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി.

Story first published: Tuesday, April 18, 2023, 16:55 [IST]
Other articles published on Apr 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+