ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ വമ്പന്മാരുടെ നിരയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. എക്കാലത്തും തകര്‍പ്പന്‍ താരനിര ഉണ്ടായിട്ടും ഒരു തവണ പോലും കപ്പടിക്കാന്‍ ഭാഗ്യം അവര്‍ക്കുണ്ടായില്ല. ഇത്തവണയും വലിയ പ്രതീക്ഷകളോടെയാണ് തുടങ്ങിയതെങ്കിലും ടൂര്‍ണമെന്റ് മുന്നോട്ട് പോകവെ ആര്‍സിബി പിന്നോട്ട് പോകുന്നതാണ് കാണാനാവുന്നത്. അഞ്ച് മത്സരത്തില്‍ നിന്ന് മൂന്ന് തോല്‍വിയാണ് ടീം നേരിട്ടത്.
അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് എട്ട് വിക്കറ്റിനാണ് ആര്‍സിബി തോറ്റത്. അതും സ്വന്തം തട്ടകത്തിലാണെന്നത് നാണക്കേട് ഇരട്ടിയാക്കുന്നു. ആര്‍സിബി ആരാധകരെ കടുത്ത നിരാശയിലേക്ക് തള്ളിവിട്ടാണ് ടീം സിഎസ്‌കെയോട് തോറ്റത്. ജയിക്കേണ്ട കളി ആര്‍സിബി തോറ്റതിന് പിന്നാലെ കടുത്ത വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തുകയാണ്.

ഇങ്ങനെ തോല്‍ക്കാന്‍ ആര്‍സിബിക്കേ സാധിക്കുകയൂള്ളൂവെന്നാണ് ആരാധകര്‍ പറയുന്നത്. എല്ലാവരും ആര്‍സിബി, ആര്‍സിബി എന്ന് ആര്‍പ്പുവിളിച്ചെങ്കിലും ആര്‍സിബി ഇവരുടെയെല്ലാം ഹൃദയം തകര്‍ത്തുകളഞ്ഞു. വെയ്ന്‍ പാര്‍ണലിനെ വനിന്‍ഡു ഹസരങ്കക്കും ഹര്‍ഷല്‍ പട്ടേലിനും മുമ്പ് ബാറ്റിങ്ങിനിറക്കിയത് മണ്ടത്തരമായെന്നാണ് ആരാധകര്‍ പറയുന്നത്. ഹസരങ്ക ചഹാലല്ലെന്നും അത്യാവശ്യം ബാറ്റ് ചെയ്യാനും അറിയാമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
ഫഫ് ഡുപ്ലെസിസും ഗ്ലെന്‍ മാക്‌സ് വെല്ലും തകര്‍പ്പന്‍ ഫിഫ്റ്റി നേടുന്നു. റണ്‍സ് പിന്തുടരുമ്പോള്‍ ആവിശ്യമായിരുന്ന ഇക്കോണമി നിലനിര്‍ത്തിത്തന്നെ പോകുന്നു. ഹോം ഗ്രൗണ്ടിന്റെ ആധിപത്യം, വിക്കറ്റുകള്‍ ബാക്കി, മികച്ച റണ്‍റേറ്റ്, സിഎസ്‌കെയുടെ അനുഭവസമ്പന്നരല്ലാത്ത ബൗളര്‍മാര്‍, ക്യാച്ചുകള്‍ കൈവിട്ട് ലൈഫ് ലഭിച്ചു എന്നിട്ടും ആര്‍സിബിക്ക് ജയിക്കാനാവാത്തത് നിര്‍ഭാഗ്യമാണോ എന്നാണ് ആരാധകരുടെ ചോദ്യം.
ഈ മത്സരം പോലും ജയിക്കാനാവാത്ത ആര്‍സിബി ഏത് മത്സരമാണ് പിന്നെ ജയിക്കുകയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 19 പന്തില്‍ 36 റണ്‍സായിരുന്നു ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അഞ്ച് വിക്കറ്റുകള്‍ ശേഷിക്കുന്നുമുണ്ടായിരുന്നു. എന്നിട്ടും ആര്‍സിബിക്ക് ജയിക്കാനായില്ല. ടീം ഹെറ്റ്‌മെയര്‍, റിങ്കു സിങ് എന്നിവരെപ്പോലെയൊരു ഫിനിഷറെ മിസ് ചെയ്യുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
ഡെത്ത് ഓവറുകളില്‍ സിഎസ്‌കെയുടെ യുവ പേസര്‍മാര്‍ കാട്ടിയ അച്ചടക്കം മത്സരത്തില്‍ നിര്‍ണ്ണായകമായി മാറി. മതീഷ പതിരണയുടെ ബൗളിങ് പ്രകടനമാണ് എടുത്തു പറയേണ്ടത്. ആര്‍സിബി വര്‍ഷങ്ങളായുള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ഒന്നോ രണ്ടോ ബാറ്റ്‌സ്മാന്‍മാരെ മാത്രം ആശ്രയിച്ചാണ് ആര്‍സിബി കളിക്കുന്നത്.
വിരാട് കോലി, ഫഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവര്‍ പുറത്തായാല്‍ ടീമിനെ ജയിപ്പിക്കാന്‍ ആളില്ല. ദിനേഷ് കാര്‍ത്തികിനെ ഇപ്പോള്‍ ഫിനിഷര്‍ റോളില്‍ വിശ്വസിക്കാനാവില്ല. രജത് പാട്ടീധാറിന്റെ അഭാവം ആര്‍സിബിയില്‍ വ്യക്തമാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. ബൗളര്‍മാര്‍ പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ല. മുഹമ്മദ് സിറാജ് ഭേദപ്പെട്ട് നില്‍ക്കുമ്പോഴും വെയ്ന്‍ പാര്‍ണല്‍, വിജയകുമാര്‍ വൈശാഖ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെല്ലാം റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മടികാട്ടുന്നില്ല.

ഇത്തവണയും ആര്‍സിബി കപ്പടിക്കുമെന്ന് കാത്തിരിക്കുന്ന ആരാധകര്‍ മണ്ടന്മാരാണെന്നാണ് ആരാധകര്‍ തന്നെ പ്രതികരിക്കുന്നത്. ആര്‍സിബി ഭാഗ്യമില്ലാത്ത ടീമാണ്. എല്ലാം അനുകൂലമായാലും ആര്‍സിബിക്ക് ജയിക്കാന്‍ അറിയില്ലെന്നും റെക്കോഡുകള്‍ ഇനിയും സൃഷ്ടിക്കുമെങ്കിലും കപ്പടിക്കാന്‍ ഈ ടീമിന് സാധിക്കില്ലെന്നുമാണ് ആരാധകരുടെ വിലയിരുത്തല്‍.
ഡുപ്ലെസിസും (62) മാക്‌സ് വെല്ലും (76) ചേര്‍ന്ന് ആര്‍സിബിക്ക് അടിത്തറ പാകിയെങ്കിലും പിന്നീടങ്ങോട്ട് ടീം തകര്‍ന്നടിയുകയായിരുന്നു. ഷഹബാസ് അഹമ്മദിനെയൊക്കെ ബാറ്റ്‌സ്മാനെന്ന നിലയില്‍ കൂടുതല്‍ വിശ്വസിക്കുന്നത് ആര്‍സിബിയുടെ മണ്ടത്തരം തന്നെയാണ്. വിരാട് കോലിയോ ഫഫ് ഡുപ്ലെസിസോ സാക്ഷാല്‍ എംഎസ് ധോണി നയിച്ചാല്‍ പോലും ആര്‍സിബിയെ കപ്പടിപ്പിക്കാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.