ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ പ്രതീക്ഷക്കൊത്തുയരാന്‍ ആര്‍സിബിക്ക് സാധിക്കുന്നില്ല. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ മൂന്ന് തോല്‍വിയും രണ്ട് ജയവുമാണ് ആര്‍സിബിയുടെ പേരിലുള്ളത്. തട്ടകത്തില്‍ പോലും ജയിക്കാന്‍ ടീമിന് സാധിക്കുന്നില്ല. അവസാന മത്സരത്തില്‍ സിഎസ്‌കെയോട് ആര്‍സിബി തോറ്റിരിക്കുകയാണ്.
ഇതോടെ ആരാധകര്‍ വളരെ നിരാശരായിരിക്കുകയാണ്. എന്നാല്‍ ആര്‍സിബിയുടെ തോല്‍വികള്‍ക്കിടയിലും പേസര്‍ മുഹമ്മദ് സിറാജിന്റെ ബൗളിങ് പ്രകടനം ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്. ചെണ്ട സിറാജ് എന്ന പേരില്‍ നിന്ന് പവര്‍പ്ലേയിലെ തീ ബൗളറായി മാറാന്‍ സിറാജിന് സാധിക്കുന്നു. ഈ സീസണില്‍ ഇതുവരെയുള്ള സിറാജിന്റെ പവര്‍പ്ലേയിലെ ബൗളിങ് കണക്കുകള്‍ കൈയടി അര്‍ഹിക്കുന്നതാണ്.

ഈ സീസണിലെ പവര്‍പ്ലേയില്‍ 72 പന്തുകള്‍ എറിഞ്ഞപ്പോള്‍ അതില്‍ 50 ഡോട്ട് ബോളുകളായിരുന്നു. വിസ്മയിപ്പിക്കുന്ന കണക്ക് തന്നെയാണിത്. മുംബൈക്കെതിരേ ചിന്നസ്വാമിയില്‍ നടന്ന മത്സരത്തില്‍ 3 ഓവറുകള്‍ പവര്‍പ്ലേയില്‍ അദ്ദേഹം എറിഞ്ഞു. വെറും അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും പോക്കറ്റിലാക്കി. കെകെആറിനെതിരേ ഈഡന്‍ ഗാര്‍ഡനിലായിരുന്നു രണ്ടാമത്തെ മത്സരം. രണ്ട് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത സിറാജിന് വിക്കറ്റ് നേടാനും സാധിച്ചില്ല.
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മൂന്നാം മത്സരം നടന്നത്. രണ്ട് ഓവര്‍ പവര്‍പ്ലേയിലെറിഞ്ഞ സിറാജ് ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് നേടിയത്. നാലാം മത്സരത്തിനും ചിന്നസ്വാമി വേദിയായപ്പോള്‍ മൂന്ന് ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് സിറാജ് നേടിയത്. സിഎസ്‌കെയ്‌ക്കെതിരായ അവസാന മത്സരത്തില്‍ രണ്ട് ഓവറില്‍ 6 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് അദ്ദേഹം നേടിയത്.
അഞ്ച് മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റുമായി നിലവില്‍ വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് പോരാട്ടത്തില്‍ ആറാം സ്ഥാനത്താണ് സിറാജ്. 7 ഇക്കോണമിയിലാണ് സിറാജിന്റെ തകര്‍പ്പന്‍ പ്രകടനം. ഇത്തവണ ആര്‍സിബിയുടെ ബൗളിങ് നിരയില്‍ വിശ്വസ്തനെന്ന് പറയാന്‍ സാധിക്കുന്നത് സിറാജിനെ മാത്രമാണ്. മറ്റുള്ളവരെല്ലാം തല്ലുകൊള്ളികളായി മാറുകയാണ്.
ഒരു സമയത്ത് റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത തല്ലുകൊള്ളിയായ ബൗളറായിരുന്നു സിറാജ്. അവിടെ നിന്നാണ് ഇന്നത്തെ സിറാജെന്ന നിലയിലേക്കുള്ള വളര്‍ച്ച. വിരാട് കോലി നായകനായിരിക്കെ വളര്‍ത്തിക്കൊണ്ടുവന്ന സിറാജ് ഇന്ന് ഇന്ത്യന്‍ ടീമിലെയും പ്രധാന ബൗളര്‍മാരിലൊരാളാണ്. ബൗളറെന്ന നിലയില്‍ തെറ്റുകളില്‍ നിന്ന് പഠിച്ച് സിറാജ് ബഹുദൂരം മുന്നോട്ട് പോയിരിക്കുകയാണെന്ന് പറയാം.
29കാരനായ സിറാജ് 70 ഐപിഎല്ലില്‍ നിന്ന് 67 വിക്കറ്റാണ് ഇതുവരെ നേടിയത്. ഇക്കോണമി 8.63. 32 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ബൗണ്‍സറുകള്‍ എറിയാന്‍ മിടുക്കനായ സിറാജ് മികച്ച ലൈനിലും ലെങ്തിലും പന്തെറിയുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ചിന്നസ്വാമിയിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമാണ്. ഇവിടെ മികച്ച ഇക്കോണമിയില്‍ പവര്‍പ്ലേയില്‍ പന്തെറിയുകയെന്നത് ഒട്ടും എളുപ്പമല്ല.

അതുകൊണ്ട് തന്നെ സിറാജിന്റെ ബൗളിങ് പ്രകടനം അഭിനന്ദനം അര്‍ഹിക്കുന്നതാണ്. എന്നാല്‍ ഡെത്ത് ഓവറിലേക്ക് വരുമ്പോള്‍ സിറാജിന് ഈ മികവ് കാട്ടാന്‍ പലപ്പോഴും സാധിക്കുന്നില്ല. എന്നാല്‍ ന്യൂബോളിനെ നന്നായി ഉപയോഗപ്പെടുത്താന്‍ സിറാജിന് സാധിക്കുന്നു. നിലവില്‍ ആര്‍സിബിയെ പിന്നോട്ടടിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് ബൗളര്‍മാരുടെ മോശം പ്രകടനമാണ്.
വെയ്ന്‍ പാര്‍ണല്‍, ഹര്‍ഷല്‍ പട്ടേല്‍, വിജയകുമാര്‍ വൈശാഖ് എന്നിവര്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ആര്‍സിബിയുടെ മുന്നോട്ടുള്ള യാത്ര വളരെ ദുഷ്‌കരമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.