റോയല്‍ ചാഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ത്രസിപ്പിക്കുന്ന വിജയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കടപ്പെട്ടിരിക്കുന്നത് ജൂനിയര്‍ മലിങ്കയെന്നറിയപ്പെടുന്ന മതീശ പതിരനയോടാണ്. ഡെത്ത് ഓവറുകളില്‍ അസാധാരണ ബൗളിങായിരുന്നു ശ്രീലങ്കന്‍ യുവ ഫാസ്റ്റ് ബൗളര്‍ കാഴ്ചവച്ചത്.സീസണിലെ ആദ്യ മല്‍സരം കളിക്കാനിറങ്ങിയ പതിരന കളിയുടെ ഏറ്റവും നിര്‍ണായകമായ ഘട്ടത്തില്‍ ടീമിന്റെ രക്ഷകനായി മാറുകയായിരുന്നു.
18ാം ഓവറില്‍ പതിരന തന്റെ മൂന്നാമത്തെ ഓവര്‍ ബൗള്‍ ചെയ്യാനെത്തുമ്പോള്‍ ആര്‍സിബിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 18 ബോളില്‍ 35 റണ്‍സായിരുന്നു. അഞ്ചു വിക്കറ്റുകളും അവരുടെ പക്കലുണ്ടായിരുന്നു. ആര്‍സിബി ജയിക്കുമെന്ന് ആരാധകര്‍ ഏറെക്കുറെ ഉറപ്പിച്ചിരുന്നു. പക്ഷെ അവിശ്വസനീയ ബൗളിങായിരുന്നു പതിരന ഈ ഓവറില്‍ കാഴ്ചവച്ചത്.

വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള ഷഹബാസ് അഹമ്മദിനെ ആദ്യത്തെ ബോളില്‍ തന്നെ അദ്ദേഹം പുറത്താക്കി. ലോങ്ഓഫില്‍ റുതുരാജ് ഗെയ്ക്വാദാണ് ഷഹബാസിനെ പിടികൂടിയത്. വെയ്ന്‍ പാര്‍നലാണ് തുടര്‍ന്നു ക്രീസിലേക്കു വന്നത്. സുയാഷ് പ്രഭുദേശായ് ആയിരുന്നു ക്രീസിലുള്ള മറ്റൊരു താരം. പക്ഷെ ഒരു വൈഡുള്‍പ്പെടെ നാലു റണ്‍സ് മാത്രമേ ഈ ഓവറില്‍ പതിരന വിട്ടുനല്‍കിയുള്ളൂ. തുഷാര്‍ ദേശ്പാണ്ഡെയെറിഞ്ഞ അടുത്ത ഓവറില്‍ 12 റണ്‍സ് ആര്‍സിബിക്കു ലഭിക്കു.
അവസാന ഓവറില്‍ മൂന്നു വിക്കറ്റുകള്‍ കൈയിലിക്കെ ആര്‍സിബിക്കു ജയിക്കാന്‍ ആവശ്യം 19 റണ്‍സ്. പതിരനയെ തന്നെ ക്യാപ്റ്റന്‍ എംഎസ് ധോണി 20ാം ഓവറും ഏല്‍പ്പിക്കുകയായിരുന്നു. ആദ്യത്തെ രണ്ടു ബോളില്‍ രണ്ടു സിംഗിള്‍ മാത്രം. അടുത്ത ബോളില്‍ പ്രഭുദേശായ് സിക്‌സറടിച്ചു. പക്ഷെ നാലാമത്തേത് കിടിലനൊരു യോര്‍ക്കറായിരുന്നു. പ്രഭുദേശായ്ക്ക റണ്ണൊന്നും ലഭിച്ചില്ല.

ശേഷിച്ച രണ്ടു ബോളില്‍ ജയിക്കാന്‍ 11 റണ്‍സ് വേണം. അഞ്ചാമത്തേത് സ്ലോ ബോളായിരുന്നു. രണ്ടു റണ്‍സ് മാത്രമേ പ്രഭുദേശയ്ക്കു ലഭിച്ചുള്ളൂ. ഇതോടെ സിഎസ്‌കെ വിജയമുറപ്പാക്കി. അവസാന ബോളില്‍ പ്രഭുദേശായിയെ രവീന്ദ്ര ജഡേജയ്ക്കു സമ്മാനിച്ച പതിരന സിഎസ്‌കെയ്ക്കു എട്ടു റണ്‍സിന്റെ വിജയം സമ്മാനിക്കുകയും ചെയ്തു. നാലോവറില്‍ 42 റണ്‍സിനു രണ്ടു വിക്കറ്റുകളാണ് പതിരന വീഴ്ത്തിയത്. ആദ്യത്തെ രണ്ടോവറില്‍ 28 റണ്‍സ് വഴങ്ങിയ പേസര്‍ അടുത്ത രണ്ടോവില്‍ 14 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. രണ്ടു വിക്കറ്റുകളും പോക്കറ്റിലാക്കി.
ചിന്നസ്വാമിയില്‍ റണ്‍മഴ
റണ്‍മഴയ്ക്കാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷിയായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട സിഎസ്‌കെ ആറു വിക്കറ്റിനു 226 റണ്‍സന്ന വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. ഡെവന്‍ കോണ്‍വേ (83), ശിവം ദുബെ (52) എന്നിവരുടെ പ്രകടനമാണ് സിഎസ്‌കെയെ 200ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്. അജിങ്ക്യ രഹാനെ 37 റണ്‍സും നേടി.
റണ്‍ചേസില്‍ ആര്‍സിബി വീറോടെ തന്നെ പൊരുതി. ഗ്ലെന്‍ മാക്‌സ്വെല്‍ (76), നായകന്‍ ഫഫ് ഡുപ്ലെസി (62) എന്നിവരുടെ ഇന്നിങ്‌സുകള്‍ ആര്‍സിബിയെ ജയം സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചിരുന്നു. പക്ഷെ ഈ സഖ്യം വേര്‍പിരിഞ്ഞതോടെ സിഎസ്‌കെ കളിയില്‍ പിടിമുറുക്കുകയായിരുന്നു. ചെന്നൈയ്ക്കായി തുഷാര്‍ ദേശ്പാണ്ഡെ മൂന്നും മതീശ പതിരന രണ്ടും വിക്കറ്റുകളെടുത്തു.