ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം ബൗളിങില്‍ വന്‍ ഫ്‌ളോപ്പായി മാറിക്കൊണ്ടിരിക്കുന്ന ഹര്‍ഷല്‍ പട്ടേലിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. നേരത്തേ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായി ആര്‍സിബിക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഹര്‍ഷല്‍ ഒരു തവണ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കിയിരുന്നു.
പക്ഷെ ഇപ്പോള്‍ പഴയ ഫോം ആവര്‍ത്തിക്കാനാവാതെ വലയുകയാണ് ഹര്‍ഷല്‍. ഈ സീസണില്‍ ആര്‍സിബിക്കു വേണ്ടി കളിച്ച ഒരു മല്‍സരത്തില്‍പ്പോലും ഹര്‍ഷല്‍ തിളങ്ങിയിട്ടില്ല. അഞ്ചു മല്‍സരങ്ങളിലായി 18.2 ഓവറുകള്‍ ബൗള്‍ ചെയ്ത താരം 10.74 ഇക്കോണമി റേറ്റില്‍ വിട്ടുകൊടുത്തിരിക്കുന്നത് 197 റണ്‍സാണ്. നേടിയതാവട്ടെ ആറു വിക്കറ്റുകള്‍ മാത്രം.

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കഴിഞ്ഞ മാച്ചിലും ഹര്‍ഷല്‍ ബൗളിങില്‍ നന്നായി തല്ലുവാങ്ങിയിരുന്നു. 3.2 ഓവറുകള്‍ ബൗള്‍ ചെയ്ത താരം വിട്ടുകൊടുത്തത് 36 റണ്‍സായിരുന്നു. രണ്ടു വീതം നോ ബോളുകളും വൈഡുകളുമെറിഞ്ഞ ഹര്‍ഷലിനു ലഭിച്ചാവട്ടെ ഒരു വിക്കറ്റ് മാത്രമായിരുന്നു. ആര്‍സിബി- ചെന്നൈ മല്‍സരത്തെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ വിശകലനം നടത്തവെയായിരുന്നു ഹര്‍ഷലിന്റെ ബൗളിങിനെ ഡാനിഷ് കനേരിയ വിമര്‍ശിച്ചത്. അതോടൊപ്പം താരത്തിനു നിര്‍ണായക ഉപദേശം നല്‍കുകയും ചെയ്തു.
ഹര്‍ഷല്‍ പട്ടേല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും അതു വഴി ഇന്ത്യന്‍ ടീമിലെത്തുകയും ചെയ്തിട്ടുള്ള താരമാണ്. പക്ഷെ ഇത്തവണത്തെ ബൗളിങ് കാണുമ്പോള്‍ ഹര്‍ഷല്‍ ഒട്ടും താല്‍പ്പര്യമില്ലാത്തതു പോലെയാണ് കളിക്കുന്നതെന്നു തോന്നി. പഴയതു പോലെ ക്രിക്കറ്റ് ഇപ്പോള്‍ അദ്ദേഹം ആസ്വദിക്കുന്നില്ല. ലൈനും ലെങ്തുമൊന്നും പാലിക്കാന്‍ ഹര്‍ഷലിനു കഴിയുന്നില്ല. മുഖഭാവം കാണുമ്പോള്‍ അദ്ദേഹം ഗെയിം ആസ്വദിക്കുന്നില്ലെന്നാണ് തോന്നിയത്. ഹര്‍ഷലിനു യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നു അറിയില്ലെന്നും ഡാനിഷ് കനേരിയ വ്യക്തമാക്കി.
ഒരു സമയത്തു വളരെ മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളായിരുന്നു ഹര്‍ഷല്‍ പട്ടേല്‍. ഡെത്ത് ഓവറില്‍ ബൗള്‍ ചെയ്യാന്‍ പ്രത്യേക മിടുക്കും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ കുറച്ചു കാലമായി ഹര്‍ഷല്‍ ഈ കഴിവ് നഷ്ടമായി ബൗളിങില്‍ പതറുകയാണ്. ഇനി അദ്ദേഹം ചെയ്യേണ്ടത് ക്രിക്കറ്റിലെ അടിസ്ഥാന കാര്യങ്ങളിലേക്കു തിരിച്ചുപോവുകയെന്നതാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കഠിനാധ്വാനം നടത്തി ഫോം വീണ്ടെടുക്കാന്‍ ശ്രമിക്കണം. കാരണം ഹര്‍ഷലിനു ഗെയിമിലെ നിയന്ത്രണം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം ഇപ്പോള്‍ ഗെയിം തീരെ ആസ്വദിക്കുന്നില്ല. ഞാനും ഹര്‍ഷലിന്റ ബൗളിങ് ഒട്ടും ആസ്വദിക്കുന്നില്ല.

ചെന്നൈയ്‌ക്കെതിരായ ഈ കളിയിലും അദ്ദേഹത്തിനു നന്നായി ബൗള്‍ ചെയ്യാന്‍ സാധിച്ചില്ല. രണ്ടു തവണ ബീമറുകള്‍ എറിഞ്ഞതു കാരണം ഓവര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ഹര്‍ഷലിനെ മാറ്റുകയും ചെയ്തിരുന്നു. നമ്മള്‍ നേരത്തേ കണ്ടിട്ടുള്ള, നമുക്ക് കണ്ടു പരിചയമുള്ള ഹര്‍ഷല്‍ പട്ടേല്‍ ഇങ്ങനെയല്ല. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിനു ഇനി ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ ഇനിയൊരിക്കലും ഹര്‍ഷല്‍ ഇന്ത്യക്കു വേണ്ടി കളിക്കില്ല. കാരണം ഇന്ത്യന്‍ ടീമിലേക്കു മികച്ച ഒരുപാട് ബൗളര്‍മാര്‍ വന്നുകൊണ്ടിരിക്കുകയാണ്.
അതുകൊണ്ടു തന്നെ ഹര്‍ഷല്‍ തന്റെ ബൗളിങുമായി ബന്ധപ്പെട്ട് എത്രയും വേഗത്തില്‍ എന്തെങ്കിലും ചെയ്‌തേ തീരൂ. ഫാസ്റ്റ് ബൗളിങ് കോച്ചുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് എവിടെയാണ് തനിക്കു പിഴയ്ക്കുന്നതെന്നു മനസ്സിലാക്കാനും തെറ്റ് തിരുത്താനും ശ്രമിക്കണം. പഴയതു പോലെ സ്ലോ ബോളുകളും ഹര്‍ഷലിനു നന്നായി എറിയാന്‍ സാധിക്കുന്നില്ല. സ്ലോ ബോള്‍ എറിയാന്‍ ശ്രമിക്കുമ്പോള്‍ പല തവണ അതു ബീമറായി മാറുകയാണെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.