ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിനു തന്റെ ഫിനിഷിങ് ടച്ച് നഷ്ടമായോ? ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ആരാധകര്‍ക്കാണ് ഈ ആശങ്കയുള്ളത്. കഴിഞ്ഞ സീസണില്‍ നിരവധി മല്‍സരങ്ങളില്‍ ഫിനിഷറായെത്തി മിന്നിച്ച ഡിക്കെ ഇത്തവണ ഇതാവര്‍ത്തിക്കാനാവാതെ പാടുപെടുകയാണ്.
2022ലെ ഐപിഎല്ലിലേതു പോലെ ടീമിന്റെ ഹീറോയാവാന്‍ കാര്‍ത്തിക്കിനു ലഭിച്ച സുവര്‍ണാവസരങ്ങളിലൊന്നായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സമായുള്ള കഴിഞ്ഞ മല്‍സരം. പക്ഷെ മോശമില്ലാതെ ബാറ്റ് ചെയ്‌തെങ്കിലും ക്രീസില്‍ തുടര്‍ന്ന് ടീമിന്റെ വിജയം പൂര്‍ത്തിയാക്കാന്‍ കാര്‍ത്തിക്കിനായില്ല.

15ാം ഓവറിലായിരുന്നു ചെന്നൈയ്‌ക്കെതിരേ കാര്‍ത്തിക് ക്രീസിലേക്കു വന്നത്. അപ്പോള്‍ ആര്‍സിബി നാലിന് 159 റണ്‍സെന്ന ശക്തമായി നിലയിലായിരുന്നു. ആറോവറില്‍ 68 റണ്‍സായിരുന്നു ആര്‍സിബിക്കു അപ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒന്നോ, രണ്ടോ മികച്ച ഓവറുകള്‍ ലഭിച്ചാല്‍ ആര്‍സിബിക്കു ജയിക്കാന്‍ സാധിക്കുമായിരുന്നു. ആറു വിക്കറ്റുകളും ആര്‍സിബിയുടെ പക്കലുണ്ടായിരുന്നു. ഇതിനേക്കാള്‍ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ നിന്നു പോലും കഴിഞ്ഞ തവണ ആര്‍സിബിയെ ഡിക്കെ വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഷഹബാസ് അഹമ്മദിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി ദിനേശ് കാര്‍ത്തിക് ടീമിനെ മുന്നോട്ടു നയിച്ചു. ഒടുവില്‍ ജയിക്കാന്‍ 24 ബോളില്‍ 46 റണ്‍സെന്ന നിലയിലേക്കു കാര്യങ്ങള്‍ വന്നു. 17ാം ഓവറില്‍ തുഷാര്‍ ദേശ്പാണ്ഡെയ്‌ക്കെതിരേ രണ്ടു ഫോറുകകള്‍ ഡിക്കെ നേടി. ഇതിനിടെ ഒരു തവണ ജീവനും തിരിച്ചുകിട്ടി. കാര്‍ത്തിക്കിന്റെ ക്യാച്ച് റുതുരാജ് ഗെയ്ക്വാദ് പാഴാക്കുകയായിരുന്നു.
പക്ഷെ ഇതേ ഓവറിലെ അഞ്ചാമത്തെ ബോളില്‍ ഡിക്കെ പുറത്താവുകയും ചെയ്തു. 14 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടക്കം 28 റണ്‍സെടുത്ത അദ്ദേഹത്തെ മഹീഷ് തീക്ഷണ പിടികൂടുകയായിരുന്നു. ശേഷിച്ച മൂന്നോവറുകളില്‍ കൂടി ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഡിക്കെയ്ക്കു ടീമിന്റ വിജയം പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നു.

ഈ സീസണില്‍ ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിയാതെ പുറത്തായതോടെ സോഷ്യല്‍ മീഡിയയില്‍ പലരും ദിനേശ് കാര്‍ത്തിക്കിനെ വിമര്‍ശിച്ചിരിക്കുകയാണ്. ഡിക്കെ നിങ്ങളെക്കുറിച്ചു നാണംതോന്നുന്നു. കുറച്ചു വിക്കറ്റുകള്‍ നഷ്ടമായ ശേഷം നിങ്ങള്‍ ഉത്തരവാദിത്വത്തോടെ കളിച്ച് ആര്‍സിബിയെ വിജയത്തിലേക്കു നയിക്കേണ്ടിയിരുന്നു. നിങ്ങളക്കുറിച്ച് വളരെയധികം നിരാശനണെന്നുമായിരുന്നു ഒരു പ്രതികരണം.
ദിനേശ് കാര്‍ത്തിക് കാരണം ജയിക്കാമായിരുന്ന രണ്ടു മല്‍സരങ്ങളാണ് ആര്‍സിബി കൈവിട്ടത്. ഈ പരാജയങ്ങളില്‍ നിന്നും കരകയറാന്‍ കളിയുന്നില്ല. നിങ്ങളെ വെറുക്കുന്നു ഡിക്കെ. ദയവു ചെയ്ത് ആര്‍സിബി വിടണമെന്നായിരുന്നു ഒരു യൂസര്‍ ആവശ്യപ്പെട്ടത്. ദയവായി ദിനേശ് കാര്‍ത്തിക് വിരമിക്കണം.
നിങ്ങള്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയ ആ ബോള്‍ എങ്ങനെ ഓഫ് സൈഡിലേക്കു കളിക്കണമെന്നു കുട്ടികള്‍ക്കു പോലുമറിയാം. പക്ഷെ ചെറിയ ഗ്രൗണ്ടില്‍ നിങ്ങള്‍ എന്താണ് ചെയ്തത്? ചെറിയ ഗ്രൗണ്ട് പോലും ക്ലിയര്‍ ചെയ്യാന്‍ നിങ്ങള്‍ക്കാവുന്നില്ല. മടിയനായ കുട്ടിയെപ്പോലെയാണ് കളിച്ചുകൊണ്ടിരിക്കുന്നതെന്നും ഒരു യൂസര്‍ ആഞ്ഞടിച്ചു.
അതേസമയം, ആര്‍സിബിക്കെതിരേ എട്ടു റണ്‍സിന്റെ് ത്രില്ലിങ് വിജയമായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സിഎസ്‌കെ സ്വന്തമാക്കിയത്. 227 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു ആര്‍സിബിക്കു സിഎസ്‌കെ നല്‍കിയത്. രണ്ടു വിക്കറ്റുകള്‍ 15 റണ്‍സില്‍ നഷ്ടമായിട്ടും അവര്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല.
നായകന്‍ ഫഫ് ഡുപ്ലെസിയുടെയും (33 ബോളില്‍ 62) ഗ്ലെന്‍ മാക്‌സ്വെല്ലിന്റെയും (36 ബോളില്‍ 76) ആര്‍സിബിയെ വിജയം സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ മാക്‌സിയുടെ പുറത്താവല്‍ കളിയിലെ ടേണിങ് പോയിന്റായി. പിന്നീട് വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്ന സിഎസ്‌കെ എതിരാളികളെ എട്ടു വിക്കറ്റിനു 218 റണ്‍സില്‍ ഒതുക്കുകയും ചെയ്തു.