Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ചിന്നസ്വാമിയില്‍ റണ്‍മഴ- വിറപ്പിച്ച് ആര്‍സിബി, സിഎസ്‌കെ രക്ഷപ്പെട്ടു

ബെംഗളൂരു: അടിയും തിരിച്ചടിയുമെല്ലാം കണ്ട ഹൈ സ്‌കോറിങ് ത്രില്ലഫില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചിന്നസ്വാമിയില്‍ റണ്‍മഴയ്ക്കാണ് ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായത്. തുടക്കം പതറിയ ആര്‍സിബി പിന്നീട് സിഎസ്‌കെയെ വിറപ്പിച്ചെങ്കിലും വിജയം എത്തിപ്പിടിക്കാവുന്നതില്‍ അപ്പുറമായിരുന്നു.

227 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ആര്‍സിബിക്കു എംഎസ് ധോണിയും സംഘവും നല്‍കിയത്. മറുപടിയില്‍ ഒരു ഘട്ടത്തില്‍ ആര്‍സിബി ജയിക്കുമെന്നു തോന്നിച്ചെങ്കിലും വിക്കറ്റുകള്‍ പിഴുത് ചെന്നൈ പിടിമുറുക്കുകയായിരുന്നു. എട്ടു റണ്‍സിന്റെ നേരിയ വിജയമാണ് സിഎസ്‌കെ സ്വന്തമാക്കിയത്. എട്ടു വിക്കറ്റിനു 218 റണ്‍സെടുത്ത് ആര്‍സിബി മല്‍സരം അടിയറവയ്ക്കുകയായിരുന്നു. സ്‌കോര്‍: സിഎസ്‌കെ ആറിന് 226, ആര്‍സിബി എട്ടിന് 218.

CSK

രണ്ടോവറിനുള്ളില്‍ തന്നെ വിരാട് കോലി (6), മഹിപാല്‍ ലൊംറോര്‍ (0) എന്നിവരെ നഷ്ടമായ ആര്‍സിബി രണ്ടിനു 15ലേക്കു വീണിരുന്നു. പിന്നീട് നായകന്‍ ഫഫ് ഡുപ്ലെസിയും (62) ഗ്ലെന്‍ മാക്‌സ്വെല്ലും (76) കൗണ്ടര്‍ അറ്റാക്കിങ് ബാറ്റിങിലൂടെ ആര്‍സിബിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. 136 റണ്‍സാണ് ഈ ജോടി വാരിക്കൂട്ടിയത്. സിഎസ്‌കെ ബൗളര്‍മാരെ ഇരുവരും നിലത്തുനിര്‍ത്തിയില്ല.

ഇവര്‍ സിഎസ്‌കെയെ അനായാസം ജയത്തിലേക്കു നയിക്കുമെന്നു ഉറപ്പിച്ചിരിക്കെയാണ് കളിയിലെ ടേണിങ് പോയിന്റായ മാക്‌സിയുടെ പുറത്താവല്‍. 36 ബോളില്‍ എട്ടു സിക്‌സറും മൂന്നു ഫോറുമടക്കം 76 റണ്‍സെടുത്ത മാക്‌സിയെ മഹീഷ് തീക്ഷണയുടെ ബൗളിങില്‍ ധോണി പിടികൂടി.

പിന്നീട് സിഎസ്‌കെ ഒരു സഖ്യത്തെയും അധികനേരം ക്രീസില്‍ നിര്‍ത്തിയില്ല. ഡുപ്ലെസിയെ മോയിന്‍ അലിയുടെ ബൗളിങില്‍ ധോണി ക്യാച്ചെുടുത്തതോടെ സിഎസ്‌കെ പിടിമുറുക്കുകയായിരുന്നു. 33 ബോളില്‍ താരം അഞ്ചു ഫോറും നാലു സിക്‌സറുമടിച്ചു. മാക്‌സി പുറത്തായ അതേ രീതിയില്‍ തന്നെയായിരുന്നു ഡുപ്ലെസിയുടെ മടക്കം (നാലിന് 159). ദിനേശ് കാര്‍ത്തിക് (28), ഷഹബാസ് അഹമ്മദ് (12) എന്നിവരെയും വൈകാതെ പുറത്താക്കി സിഎസ്‌കെ വിജയമുറപ്പാക്കുകയായിരുന്നു. ചെന്നൈയ്ക്കായി തുഷാര്‍ ദേശ്പാണ്ഡെ മൂന്നു വിക്കറ്റുകളെടുത്തു. മതീശ പതിരനയ്ക്കു രണ്ടു വിക്കറ്റും ലഭിച്ചു.

ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട സിഎസ്‌ക്കെയ്ക്കു ആഗ്രഹിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. റുതുരാജ് ഗെയ്ക്വാദ് (3) തുടര്‍ച്ചയായി രണ്ടാമത്തെ മാച്ചിലും ബാറ്റിങില്‍ നിരാശപ്പെടുത്തി. മുഹമ്മദ് സിറാജിന്റെ ബൗളിങില്‍ റുതുരാജിനെ വെയ്ന്‍ പാര്‍നല്‍ പിടികൂടുകയായിരുന്നു. എന്നാല്‍ മിന്നുന്ന ഫോമിലുള്ള അജിങ്ക്യ രഹാനെ മൂന്നാമനായി ക്രീസിലെത്തിയതോടെ സിഎസ്‌കെ ഇന്നിങ്‌സിനു പുതിയ ഉണര്‍വ് ലഭിച്ചു. ഡെവന്‍ കോണ്‍വേയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 74 റണ്‍സ് ഈ ജോടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തതോടെ സിഎസ്‌കെ ശക്തമായ നിലയിലെത്തി.

devon conway

സീസണിലെ രണ്ടാം ഫിഫ്്റ്റിയിലേക്കു കുതിച്ച രഹാനെയെ പുറത്താക്കി വനിന്ദു ഹസരംഗയാണ് ആര്‍സിബിക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. വമ്പന്‍ ഷോട്ടിനു തുനിഞ്ഞ രഹാനെയെ ലങ്കന്‍ സ്പിന്നര്‍ ബൗള്‍ഡാക്കുകയായിരുന്നു. 20 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. രഹാനെ പുറത്തായെങ്കിലും റണ്‍റേറ്റ് താഴേക്കു പോവാനാതിരിക്കാന്‍ സിഎസ്‌കെ ശ്രദ്ധിച്ചു.

നാലാമനായെത്തിയ ശിവം ദുബെ തീപ്പൊരി ബാറ്റിങായിരുന്നു കാഴ്തവച്ചത്. ഇതോടെ മറ്റൊരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് കൂടി സിഎസ്‌കെ ഇന്ന്ങ്‌സില്‍ കണ്ടു. 80 റണ്‍സാണ് ഈ സഖ്യം വാരിക്കൂട്ടിയത്. ആര്‍സിബി ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് ഇരുവരും റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. സെഞ്ച്വറിയിലേക്കു മുന്നേറിയ കോണ്‍െേവ പുറത്താക്കിയത് ഹര്‍ഷല്‍ പട്ടേലാണ്. 45 ബോളില്‍ ആറു വീതം ഫോറും സിക്‌സറുമടിച്ച കോണ്‍വേയെ ഹര്‍ഷല്‍ തകര്‍പ്പനൊരു യോര്‍ക്കറിലൂടെ ബൗള്‍ഡാക്കുകയായിരുന്നു.

പിന്നീട് സിഎസ്‌കെയ്ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ദുബെ, അമ്പാട്ടി റായുഡു (14), രവീന്ദ്ര ജഡേജ (10) എന്നിവര്‍ കാര്യമായൊന്നും ചെയ്യാനാവാതെ റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ പുറത്തായി. മോയിന്‍ അലിയും (19*) എംഎസ് ധോണിയും (1*) പുറത്താവാതെ ക്രീസില്‍ നില്‍ക്കുകയായിരുന്നു. ആര്‍സിബിക്കായി ബൗള്‍ ചെയ്ത ആറു ബൗളര്‍മാര്‍ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

ടോസിനു ശേഷം ആര്‍സിബി ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി സിഎസ്‌കെയോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. പരിക്കേറ്റ സൗത്താഫ്രിക്കന്‍ പേസര്‍ സിസാന്‍ഡ മഗാലയെ ഒഴിവാക്കിയാണ് സിഎസ്‌കെ ഇറങ്ങിയത്. പകരം ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ മതീശ പതിരാന ടീമിലേക്കു വന്നു. എന്നാല്‍ ആര്‍സിബി കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തി.

പ്ലെയിങ് ഇലവന്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോലി, ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), മഹിപാല്‍ ലൊംറോര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ഷഹബാസ് അഹമമ്മദ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, വെയ്ന്‍ പാര്‍നല്‍, മുഹമ്മദ് സിറാജ്, വൈശാഖ് വിജയ് കുമാര്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, മോയിന്‍ അലി, അമ്പാട്ടി റായുഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മഹീഷ് തീക്ഷണ, മതീശ പതിരാന, തുഷാര്‍ ദേശ്പാണ്ഡെ.

Story first published: Monday, April 17, 2023, 15:51 [IST]
Other articles published on Apr 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+