ഐപിഎല്ലില്‍ ഇന്ത്യന്‍ ബാറ്റര്‍ അജിങ്ക്യ രഹാനെയുടെ വെടിക്കെട്ട് ബാറ്റിങ് കണ്ട് ക്രിക്കറ്റ് പ്രേമികള്‍ അന്തം വിട്ടിരിക്കുകയാണ്. മോശം ഫോം കാരണം ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍പ്പോലും ഇപ്പോള്‍ ഇടമില്ലാത്ത അദ്ദേഹം വേണമെങ്കില്‍ ടി20 ഫോര്‍മാറ്റില്‍ വരെ തനിക്കു കളിക്കാന്‍ സാധിക്കുമെന്ന് കാണിച്ചു തന്നിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞ ജഴ്‌സിയിലേക്കു കയറിയതോടെ രഹാനെ മറ്റൊരു താരമായി മാറിയിരിക്കുകയാണ്.
ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുളള മാച്ചിലും അദ്ദേഹം മോശമാക്കിയില്ല. മൂന്നാം നമ്പറില്‍ മികച്ച ഇന്നിങ്‌സോടെ ഇംപാക്ടുണ്ടാക്കിയ ശേഷമാണ് രഹാനെ ക്രീസ് വിട്ടത്. 20 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കം 37 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു. സീസണിലെ രണ്ടാമത്തെ ഫിഫ്റ്റി രഹാനെ ഈ കളിയില്‍ കുറിക്കുമെന്നു കരുതിയെങ്കിലും 10ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ പുറത്തായി. ലങ്കന്‍ സ്റ്റാര്‍ സ്പിന്നര്‍ വനിന്ദു ഹസരംഗയ്‌ക്കെതിരേ ആഞ്ഞടിക്കാന്‍ ശ്രമിച്ച അദ്ദേഹം ബൗള്‍ഡായി ക്രീസ് വിടുകയായിരുന്നു.

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ചില മിസ് ഹിറ്റുകള്‍ കണ്ടെങ്കിലും പിന്നീട് കണ്ണഞ്ചിപ്പിക്കുന്ന ടൈമിങോടെയാണ് രഹാനെ ചില ഷോട്ടുകള്‍ കളിച്ചത്. സിക്‌സറുകളും ഫോറുകളുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. പവര്‍പ്ലേയില്‍ 200 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റോടെയാണ് താരം സ്‌കോര്‍ ചെയ്തത്. റുതുരാജ് ഗെയ്ക്വാദ് (3) കാര്യമായ ഇംപാക്ടുണ്ടാക്കാതെ മൂന്നാം ഓവറിലെ രണ്ടാമത്തെ ബോളില്‍ പുറത്തായതോടെയാണ് രഹാനെ മൂന്നാമനായി ക്രീസിലെത്തിയത്. ഏഴു ബോളില്‍ ഏഴു റണ്‍സെന്ന നിലയിലായിരുന്നു നാലാം ഓവറില്‍ അദ്ദേഹം.
എന്നൈല്‍ വൈശാഖ് വിജയ് കുമാറിന്റെ അഞ്ചാം ഓവറില്‍ രഹാനെ ടോപ് ഗിയറിലേക്കു കയറി. ആദ്യ ബോളില്‍ ബൗണ്ടറി പറത്തിയ അദ്ദേഹം മൂന്നാമത്തെ ബോള്‍ സിക്‌സറിലേക്കു പായിച്ചു. വമ്പന്‍ സിക്‌സറായിരുന്നു ഇത്. എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഷോട്ട് ചിന്നസ്വാമി സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ ഇടിച്ച ശേഷം താഴേക്കു പതിക്കുകയായിരുന്നു.

വെയ്ന്‍ പാര്‍നലെറിഞ്ഞ അടുത്ത ഓവറില്‍ രണ്ടു ഫോറും ഒരു സിക്‌സറും രഹാനെ അടിച്ചു. ഇതോടെ പവര്‍പ്ലേ കഴിഞ്ഞപ്പോള്‍ സിഎസ്‌കെ ഒന്നിന് 53. രഹാനെ 14 ബോളില്‍ 28 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഡെവന്‍ കോണ്‍വേ 16 ബോളില്‍ 22ഉം റണ്‍സെടുത്തു.
വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തിലൂടെയായിരുന്നു അജിങ്ക്യ രഹാനെയുടെ സിഎസ്‌കെ അരങ്ങേറ്റം. കന്നി മല്‍സരത്തില്‍ തന്നെ റണ്‍ചേസില്‍ 27 ബോളില്‍ നിന്നും 61 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം താന്‍ പഴയ ആളല്ലെന്നു തെളിയിച്ചു. രാജസ്ഥാന്‍ റോയല്‍സുമായുള്ള അടുത്ത മല്‍സരത്തിലും രഹാനെ മോശമാക്കിയില്ല. 19 ബോളില്‍ 31 റണ്‍സ് താരം സ്‌കോര്‍ ചെയ്തു. ഇപ്പോള്‍ ആര്‍സിബിക്കെതിരേ 20 ബോളില്‍ 37 റണ്‍സോടെ രഹാനെ വീണ്ടും കസറിയിരിക്കുകയാണ്.