ചെന്നൈ: ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ 2022 സീസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന അധ്യായമാണ്. ടീം ഒമ്പതാം സ്ഥാനക്കാരായി എന്നത് മാത്രമല്ല ആരാധകര്‍ പ്രതീക്ഷിക്കാത്ത പല വിവാദങ്ങളും പ്രശ്‌നങ്ങളും കഴിഞ്ഞ സീസണില്‍ സിഎസ്‌കെയിലുണ്ടായി. അതിലൊന്ന് രവീന്ദ്ര ജഡേജയുടെ നായകസ്ഥാനങ്ങളും പിന്നീട് പാതിവഴിയില്‍ താരത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതും പിന്നീടുണ്ടായ വിവാദങ്ങളുമാണ്.

അവസാന സീസണോടെ ഐപിഎല്‍ മതിയാക്കാന്‍ ആഗ്രഹിച്ച ധോണി തന്റെ പകരക്കാരനായ നായകനായി വിലയിരുത്തിയത് രവീന്ദ്ര ജഡേജയെയാണ്. എന്നാല്‍ സിഎസ്‌കെയെപ്പോലൊരു വലിയ ടീമിനെ അതും ധോണിയെപ്പോലൊരു ഇതിഹാസ നായകന്‍ നയിച്ച ടീമിനെ നയിച്ചപ്പോള്‍ ജഡേജക്ക് പ്രതീക്ഷിച്ച മികവ് കാട്ടാന്‍ സാധിച്ചില്ല. ജഡേജയുടെ പല തീരുമാനങ്ങളും പാളിയപ്പോള്‍ ടീമും പിന്നോട്ട് പോയി. ക്യാപ്റ്റന്‍സി ജഡേജയുടെ പ്രകടനത്തെയും ബാധിച്ചു.
ജഡേജ ക്യാപ്റ്റനാണെന്ന് പറയുമ്പോഴും കളത്തില്‍ തീരുമാനങ്ങള്‍ എംഎസ് ധോണി എടുക്കുന്ന അവസ്ഥയായിരുന്നു. ഇതോടെ ഡമ്മി ക്യാപ്റ്റനെന്ന പേരിലേക്ക് ജഡേജ ഒതുക്കപ്പെട്ടു. പിന്നാലെ പരിക്കേറ്റതിനെത്തുടര്‍ന്ന് ജഡേജ പാതിവഴിയില്‍ ടീം വിട്ടു. ഇത്തവണ പുതിയ ടീമിനൊപ്പമാവും ജഡേജയുണ്ടാവുമെന്നും സിഎസ്‌കെയുമായി ഉടക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എല്ലാവരും അത്ഭുതപ്പെടുത്തി ജഡേജ ഇത്തവണയും സിഎസ്‌കെയില്‍ തുടരും.

ഇപ്പോഴിതാ അവസാന സീസണില്‍ സിഎസ്‌കെയില്‍ എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച നിര്‍ണ്ണായക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ജഡേജ സിഎസ്‌കെയുടെ നായകസ്ഥാനം ലഭിച്ച ശേഷം അതൃപ്തനായിരുന്നുവെന്നും ധോണിയുടെ ചില പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചതും ജഡേജയെ ടീം വിടാന്‍ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. എന്നാല്‍ 16ാം സീസണിന് മുമ്പ് ജഡേജയുമായി സംസാരിച്ച് സിഎസ്‌കെ ടീം മാനേജ്‌മെന്റ് ധാരണയിലേക്കെത്തുകയായിരുന്നു.
ജഡേജക്ക് കീഴില്‍ സിഎസ്‌കെ തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയതോടെ ധോണിയോടും ജഡേജയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ചോദ്യമുയര്‍ന്നു. ക്യാപ്റ്റന്‍സി മികവ് സ്പൂണില്‍ കോരി വായില്‍ നല്‍കാന്‍ സാധിക്കുന്ന കാര്യമല്ലെന്നാണ് അന്ന് ധോണി പറഞ്ഞത്. ഇത് ജഡേജയുടെ നായകമികവിനെ താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ളതായിരുന്നു. അതില്‍ ജഡേജക്ക് കടുത്ത അതൃപ്തിയും ഉണ്ടായിരുന്നുവെന്നാണ് ക്രിക് ബസിന്റെ റിപ്പോര്‍ട്ടുള്ളത്.
16ാം സീസണില്‍ പുതിയ സീസണിനൊപ്പം ചേരാന്‍ ജഡേജ പദ്ധതിയിട്ടിരുന്നെങ്കിലും ധോണിയും സിഎസ്‌കെ സിഇഒ കാശി വിശ്വനാഥനുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ ടീമില്‍ തുടരാന്‍ ജഡേജ സമ്മതിക്കുകയായിരുന്നു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ജഡേജ. അതുകൊണ്ട് തന്നെ ജഡേജയെ കൈവിടാന്‍ സിഎസ്‌കെ തയ്യാറല്ലായിരുന്നു. ഇതാണ് അദ്ദേഹവുമായി ചര്‍ച്ച ചെയ്യാനും ജഡേജയെ സിഎസ്‌കെയില്‍ തുടരാന്‍ സമ്മതിപ്പിക്കാനും ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്.

അവസാന സീസണില്‍ ജഡേജ 19 ശരാശരിയില്‍ 116 റണ്‍സ് മാത്രമാണ് നേടിയത്. 10 മത്സരത്തില്‍ നിന്ന് നേടിയത് അഞ്ച് വിക്കറ്റും. ഇത്തവണ ശക്തമായ തിരിച്ചുവരവാണ് ജഡേജ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം ജഡേജയുടെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഐപിഎല്ലിലും താരത്തില്‍ പ്രതീക്ഷകളേറെ. ഈ സീസണോടെ എംഎസ് ധോണി കളിനിര്‍ത്തുമെന്നുറപ്പ്. സിഎസ്‌കെയ്ക്ക് അടുത്ത സീസണില്‍ പുതിയ നായകനെ വേണം.
രവീന്ദ്ര ജഡേജക്ക് ക്യാപ്റ്റന്‍സിയില്‍ ഒരവസരം കൂടി സിഎസ്‌കെ നല്‍കിയേക്കുമെന്ന സൂചനകളുമുണ്ട്. റുതുരാജ് ഗെയ്ക് വാദും ബെന്‍ സ്‌റ്റോക്‌സുമാണ് സിഎസ്‌കെയ്ക്ക് പരിഗണിക്കാവുന്ന മറ്റ് നായകന്മാര്‍. എന്നാല്‍ ഇന്ത്യക്കാരനായ നായകനിലാണ് ടീം മാനേജ്‌മെന്റിന് കൂടുതല്‍ താല്‍പര്യം. അതുകൊണ്ട് തന്നെ സിഎസ്‌കെ ജഡേജയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. ഇത്തവണ ശക്തമായതിരിച്ചുവരവ് സിഎസ്‌കെയ്ക്കും ജഡേജക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്.