മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. പതിവ് പോലെ നിരവധി യുവതാരങ്ങളാണ് ഈ സീസണിലും മികവ് കാട്ടി ഉയര്‍ന്നുവന്നിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവിയിലേക്ക് നോക്കുമ്പോള്‍ പ്രതീക്ഷകളേറെ. 2024ല്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ യുവതാരങ്ങളുടെ വളര്‍ച്ച ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ നിലവില്‍ ഇന്ത്യക്കായി ടി20 കളിക്കുന്ന ചില യുവതാരങ്ങള്‍ വഴിമാറേണ്ടതായുണ്ട്.
ഇന്ത്യയുടെ ടി20 ടീമിന് പുതിയ മുഖം ആവിശ്യമായിരിക്കുകയാണ്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ സാധിക്കുന്ന താരങ്ങളുടെ നിരയാണ് ഇന്ത്യക്കാവശ്യം. ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ഭാവി നായകസ്ഥാനം ഉറപ്പിക്കുമ്പോള്‍ ടീമില്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ വേണോയെന്നതാണ് പ്രധാന ചോദ്യം. ടി20 ടീമില്‍ നിന്ന് ഇതിനോടകം രോഹിത് ശര്‍മയെ തഴഞ്ഞ അവസ്ഥയാണുള്ളത്. എന്നാല്‍ വിരാട് കോലി ഇപ്പോഴും സജീവമായി ഇന്ത്യയുടെ ടി20 ടീമിലുണ്ട്.

2024ല്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ രണ്ട് സീനിയേഴ്‌സിനെയും ഇന്ത്യ ടി20 ടീമില്‍ ഉള്‍പ്പെടുത്തേണ്ടതായുണ്ടോ? പരിശോധിക്കാം. ഇതിനെക്കുറിച്ച് ഇന്ത്യയുടെ മുന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി പറഞ്ഞത് ഇങ്ങനെയാണ്. കോലിയും രോഹിത്തും ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധിക്കട്ടേയെന്നും ടി20യിലേക്ക് യുവതാരങ്ങളെ വളര്‍ത്തണമെന്നുമാണ് ശാസ്ത്രിയുടെ നിലപാട്.
യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ, ജിതേഷ് ശര്‍മ എന്നിവരെയെല്ലാം അടുത്ത ടി20 ലോകകപ്പിനായി വളര്‍ത്തിക്കൊണ്ടുവരണമെന്നാണ് ശാസ്ത്രി പറയുന്നത്. നിലവിലെ ഫോമിനാണ് ടി20യില്‍ പ്രാധാന്യം നല്‍കേണ്ടതെന്നാണ് ശാസ്ത്രിയുടെ നിലപാട്. അങ്ങനെ വരുമ്പോള്‍ രോഹിത്, കോലി തുടങ്ങിയവര്‍ക്ക് ടി20 ടീമിലെ സ്ഥാനം നഷ്ടമായേക്കും. സമീപകാലത്തെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ശാസ്ത്രിയുടെ നിര്‍ദേശം 100 ശതമാനവും ഗുണം ചെയ്യുന്നതാണ്.
രോഹിത് ശര്‍മ ഏറെ നാളുകളായി മോശം ഫോമിലാണ്. വലിയ സ്‌കോര്‍ നേടാന്‍ അദ്ദേഹത്തിനാവുന്നില്ല. 2020 മുതലുള്ള ഐപിഎല്ലിലെ കണക്കുകള്‍ നോക്കുമ്പോള്‍ രോഹിത്തിന് ഒരു സീസണില്‍ പോലും 30ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കളിക്കാനായിട്ടില്ല. സ്‌ട്രൈക്കറേറ്റും 130ന് മുകളിലേക്കെത്തിക്കാനായില്ല. പ്രായം തളര്‍ത്തുന്ന രോഹിത്തില്‍ നിന്ന് ടി20യില്‍ വലിയ പ്രകടനം ഇനിയും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല.
യുവതാരങ്ങള്‍ക്കായി രോഹിത് വഴിമാറുന്നതാണ് നല്ലത്. എന്നാല്‍ വിരാട് കോലിയുടെ കണക്കുകളിലേക്ക് വരുമ്പോള്‍ ശരാശരി മികച്ചതാണ്. ഉയര്‍ന്ന ശരാശരിയില്‍ കളിക്കുന്ന കോലിയുടെ പ്രശ്‌നം സ്‌ട്രൈക്കറേറ്റാണ്. ആര്‍സിബി ഓപ്പണറായ കോലിക്ക് ഉയര്‍ന്ന ശരാശരിയില്‍ കളിക്കുക പ്രയാസമാണ്. അതുകൊണ്ട് തന്നെ ദേശീയ ടീമിലേക്ക് പരിഗണിക്കുന്നത് താരത്തിന് വലിയ ഗുണം ചെയ്‌തേക്കില്ല.

എന്നാല്‍ മറ്റൊരു തലത്തില്‍ പരിഗണിച്ചാല്‍ കോലി ടീമിന്റെ നട്ടെല്ലായി വേണം. ഉദാഹരണമായി അവസാന ടി20 ലോകകപ്പിലെ പാകിസ്താനെതിരായ മത്സരം ഇന്ത്യ ജയിച്ചത് കോലിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിലാണ്. ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കരുത്തുള്ള കോലിയുടെ വിടവ് നികത്താന്‍ കഴിവുള്ള യുവതാരം ഇപ്പോഴില്ലെന്നതാണ് വസ്തുത. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 200ന് മുകളിലേക്ക് സ്‌കോര്‍ പോകുന്നതെല്ലാം വളരെ അപൂര്‍വ്വമായാണ്.
അതുകൊണ്ട് തന്നെ എല്ലാ മത്സരങ്ങളിലും 150ന് മുകളില്‍ സ്‌ട്രൈക്കറേറ്റ് വേണമെന്ന് പറയാനാവില്ല. കോലി സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ കഴിവുള്ളവനാണ്. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് കോലിയുടെ പേരിലാണെന്ന് ഓര്‍ക്കണം. ഐപിഎല്ലിലെ യുവതാരങ്ങളുടെ പ്രകടനം വിലയിരുത്തി ഇത് ലോകകപ്പില്‍ ആവര്‍ത്തിക്കപ്പെടുമെന്ന് കരുതാനാവില്ല. അതുകൊണ്ട് തന്നെ കോലിയെ ടി20 ടീമില്‍ നിലനിര്‍ത്തുന്നതാണ് ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുന്നത്.
യുവതാരങ്ങളായ ജിതേഷ് ശര്‍മയേയും യശ്വസി ജയ്‌സ്വാളിനെയും തിലക് വര്‍മയേയും ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതും അത്യാവശ്യമാണ്. രോഹിത്തിനെ ഇന്ത്യ ടി20 ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയാലും കോലിയെ നിലനിര്‍ത്തുന്നതാവും എന്തുകൊണ്ടും നല്ലതെന്ന് പറയാം.