മുംബൈ: നിലവിലെ നമ്പര്‍ വണ്‍ ടി20 ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. എബി ഡിവില്ലിയേഴ്‌സിന് ശേഷം മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും സിക്‌സര്‍ പായിക്കുന്ന 360 ഡിഗ്രി ബാറ്റ്‌സ്മാനെന്ന പേരെടുക്കുകയും ചെയ്തു. തല്ലിത്തകര്‍ക്കുന്ന ബാറ്റിങ് ശൈലിയുള്ള സൂര്യകുമാറിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. അവസാന ആറ് ഇന്നിങ്‌സില്‍ നാല് തവണയാണ് സൂര്യ ഗോള്‍ഡന്‍ ഡെക്കായത്.
ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്ന സൂര്യ ഇന്ന് ഫ്രീ വിക്കറ്റായി മാറിയിരിക്കുന്നു. അത്യുന്നതങ്ങളില്‍ നിന്ന് വലിയ താഴ്ചയിലേക്ക് സൂര്യ തകര്‍ന്നിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ തന്റെ സിഗ്നേച്ചര്‍ ഷോട്ട് കളിച്ചാണ് സൂര്യ പുറത്തായത്. തല്ലിപ്പറത്തിയിരുന്ന സൂര്യയില്‍ നിന്ന് ടീമിന്റെ തലവേദനയായി സൂര്യ മാറുന്നു. എവിടെയാണ് സൂര്യക്ക് പിഴക്കുന്നത്.

സൂര്യകുമാറിന്റെ മോശം ഫോമിന്റെ കാരണമായി പല പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടാമെങ്കിലും എന്താണ് ശരിയായ പ്രശ്‌നമെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും അവതാരകനുമായ രവി ശാസ്ത്രി. സൂര്യകുമാര്‍ മുന്‍പത്തേക്കാള്‍ ക്ഷമ കാട്ടണമെന്നാണ് ശാസ്ത്രി പറയുന്നത്. നിലയുറപ്പിച്ച ശേഷം ആക്രമണത്തിനായി ശ്രമിക്കേണ്ടതാണ്. മികച്ച ഫോമിലുള്ളപോലെ കടന്നാക്രമിച്ചിട്ട് കാര്യമില്ലെന്നാണ് ശാസ്ത്രി പറയുന്നത്.
'സൂര്യ മുന്‍പത്തെക്കാളും ക്ഷമകാട്ടേണ്ടതാണ്. ക്രീസില്‍ അല്‍പ്പനേരം നിന്ന് നിലയുറപ്പിക്കാന്‍ ശ്രമിക്കണം. ടി20യായാലും നിലയുറപ്പിക്കാന്‍ കുറച്ച് പന്തുകള്‍ കളിക്കുന്നത് പ്രശ്‌നമല്ല. ഒരു മികച്ച ഷോട്ടുകൊണ്ട് തന്നെ തിരിച്ചുവരാന്‍ അവന് സാധിക്കും. അതിനായി അല്‍പ്പനേരം ക്രീസില്‍ തുടരുകയാണ് വേണ്ടത്. 20-30 മിനുട്ട് ക്രീസില്‍ നില്‍ക്കുകയല്ല ആറോ എട്ടോ പന്തുകള്‍ നിലയുറപ്പിക്കാന്‍ എടുക്കാവുന്നതാണ്.

നിലവില്‍ അവന് വലിയ പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നില്ല'- ശാസ്ത്രി പറഞ്ഞു. സൂര്യകുമാര്‍ കടന്നാക്രമിച്ച് കളിക്കുന്ന താരമാണ്. ആദ്യ പന്ത് മുതല്‍ തല്ലിപ്പറത്താന്‍ ശ്രമിക്കുന്നതിനാല്‍ സൂര്യയുടെ വിക്കറ്റ് ഏത് സമയത്തും നഷ്ടമാവുമെന്ന അവസ്ഥയാണ്. സൂര്യ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുമ്പോള്‍ ഇപ്പോള്‍ ഉദ്ദേശിച്ച ദൂരം പന്ത് താണ്ടുന്നില്ല.
മികച്ച ടൈമിങ് താരത്തിനില്ല. അമിത ആത്മവിശ്വാസം സൂര്യയെ ചതിക്കുന്നു. ബൗളറെ ബഹുമാനിക്കാന്‍ സൂര്യ പഠിക്കേണ്ടിയിരിക്കുന്നു. മത്സരത്തിന്റെ സാഹചര്യവും പിച്ചിന്റെ സ്വഭാവവും പരിഗണിച്ചാണ് സൂര്യകുമാര്‍ ബാറ്റ് ചെയ്യേണ്ടത്. എന്നാല്‍ ഇപ്പോള്‍ സൂര്യകുമാര്‍ വെറുതെ കടന്നാക്രമിക്കുകയാണ് ചെയ്യുന്നത്. ഡല്‍ഹിക്കെതിരേ മുംബൈയുടെ ജയം അവസാന പന്തിലേക്കെത്തിച്ചത് സൂര്യകുമാര്‍ യാദവ് സൃഷ്ടിച്ച സമ്മര്‍ദ്ദമാണെന്ന് പറയാം.
മുംബൈക്ക് ഇത്തവണ തിരിച്ചുവരവ് നടത്താന്‍ സൂര്യകുമാര്‍ യാദവ് ഫോമിലേക്കെത്തേണ്ടത് അത്യാവശ്യമാണ്. ക്രീസില്‍ അല്‍പ്പം സമയം പിടിച്ചുനിന്ന് ആക്രമണത്തിലേക്ക് സൂര്യകുമാര്‍ ഗിയര്‍ മാറ്റേണ്ടതായുണ്ട്. നിലവിലെ ഇതേ രീതി തുടര്‍ന്നാല്‍ സൂര്യകുമാര്‍ ഫ്‌ളോപ്പ് ഷോ തുടരുമെന്നുറപ്പാണ്. അങ്ങനെ സംഭവിച്ചാല്‍ മുംബൈയുടെ കിരീട പ്രതീക്ഷയെ അത് പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

സൂര്യകുമാര്‍ യാദവിനെ ഫിനിഷര്‍ റോളില്‍ കളിപ്പിക്കുന്നതുകൊണ്ട് കാര്യമില്ല. മൂന്നാം നമ്പറില്‍ തന്നെ തുടരുന്നതാണ് നല്ലത്. അതാവുമ്പോള്‍ നിലയുറപ്പിക്കാന്‍ അല്‍പ്പം കൂടുതല്‍ പന്തുകള്‍ ലഭിക്കുകയും ചെയ്യും. നിലവിലെ മോശം ഫോം കൊണ്ട് സൂര്യയെ മുംബൈ ഒഴിവാക്കില്ലെന്നുറപ്പ്. എന്നാല്‍ ഇതേ ഫോം വരുന്ന മത്സരങ്ങളിലും ആവര്‍ത്തിച്ചാല്‍ സൂര്യയെ മാറ്റിനിര്‍ത്തുന്നതിനെക്കുറിച്ച് പോലും ടീം മാനേജ്‌മെന്റ് ആലോചിച്ചേക്കും.
സൂര്യയെ ഫോം ഔട്ടാക്കിയതില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനും ഉത്തരവാദിത്തമേറെ. ടി20 സ്‌പെഷ്യലിസ്റ്റായ സൂര്യയെ ഏകദിനത്തിലും ടെസ്റ്റിലുമടക്കം മാറി മാറി പരിഗണിച്ച് ശൈലി മാറ്റാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ടി20യിലെ പ്രകടനം ഏകദിനത്തില്‍ ആവര്‍ത്തിക്കാന്‍ സാധിക്കാതെ വന്നതോടെ സൂര്യ ഫ്‌ളോപ്പായി. ഇതോടെ അദ്ദേഹത്തിന്റെ ടി20യിലെ പ്രകടനവും മോശമായി മാറി. എന്നാല്‍ ഇതില്‍ നിന്നെല്ലാം തിരിച്ചുവരാന്‍ കെല്‍പ്പുള്ളവനാണ് സൂര്യ. ആ പ്രതീക്ഷയിലാണ് മുംബൈ.