ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിലവിലെ റണ്ണറപ്പുകളായ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം നാളെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നടക്കാന്‍ പോവുകയാണ്. സഞ്ജു സാംസണ്‍ നയിക്കുന്ന ടീമെന്ന നിലയില്‍ വലിയ ആരാധക പിന്തുണയുള്ളവരാണ്. ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍, ട്രന്റ് ബോള്‍ട്ട് തുടങ്ങി പ്രമുഖരായ താരങ്ങളുടെ വലിയ നിര രാജസ്ഥാനുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണയും കിരീട പ്രതീക്ഷകളേറെ.
സഞ്ജു സാംസണെ സംബന്ധിച്ച് ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും വളരെ നിര്‍ണ്ണായകമായ സീസണാണ് മുന്നിലുള്ളത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് സ്വപ്‌നം കാണുന്ന സഞ്ജുവിന് രാജസ്ഥാനെ കപ്പിലേക്കെത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. എന്നാല്‍ രാജസ്ഥാന്‍ ആദ്യ മത്സരത്തില്‍ തോല്‍ക്കാനാണ് സാധ്യത കൂടുതല്‍. ഇത് പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

നേര്‍ക്കുനേര്‍ കണക്കുകള്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണം. രാജസ്ഥാന്റെ ചരിത്രത്തില്‍ ഏറ്റവും തലവേദന സൃഷ്ടിച്ച ടീമാണ് ഹൈദരാബാദ്. ഇതുവരെ 16 മത്സരങ്ങളിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ എട്ട് തവണ വീതമാണ് ഇരു ടീമും ജയിച്ചത്. അവസാന സീസണില്‍ ഒരു തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഈ മത്സരത്തില്‍ 61 റണ്‍സിന്റെ ജയം രാജസ്ഥാനൊപ്പമായിരുന്നു. ഇതിന് പകരം വീട്ടാനുറച്ചാണ് ഹൈദരാബാദ് ഇറങ്ങുക.
തട്ടകത്തിന്റെ മുന്‍തൂക്കം ഹൈദരാബാദിനൊപ്പമാണ്. ഇത് മാനസികമായി ഹൈദരാബാദിന് മുന്‍തൂക്കം നല്‍കും. അവസാന സീസണില്‍ നിരാശപ്പെടുത്തിയ ഹൈദരാബാദ് ഇത്തവണ ബ്രയാന്‍ ലാറയെന്ന ഇതിഹാസത്തിന്റെ പരിശീലനത്തിന് കീഴിലാണിറങ്ങുന്നത്. ഇതും ഹൈദാരാബാദിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതും രാജസ്ഥാന്റെ വിജയ സാധ്യത കുറക്കുന്നതുമായ കാരണമാണ്. തട്ടകത്തിന്റെ ആത്മവിശ്വാസം ഹൈദരാബാദിനെ തുണക്കുമോയെന്നത് കണ്ടറിയാം.

ഹൈദരാബാദിന്റെ ബൗളിങ് കരുത്താണ് എടുത്തു പറയേണ്ട മറ്റൊന്ന്. ഭുവനേശ്വര്‍ കുമാറിന്റെ സ്വിങ് ബൗളിങ് ജോസ് ബട്‌ലര്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തും. ടി നടരാജന്റെ ഡെത്ത് ഓവറിലെ യോര്‍ക്കര്‍ മികവും ഉമ്രാന്‍ മാലിക്കിന്റെ തീപാറും പന്തുകളും രാജസ്ഥാന് വലിയ തലവേദനയായി മാറുമെന്ന കാര്യം ഉറപ്പാണ്. വാഷിങ്ടണ്‍ സുന്ദറിന്റെയും ആദില്‍ റഷീദിന്റെയും സ്പിന്‍ മികവും രാജസ്ഥാനെ വിറപ്പിക്കാന്‍ ഹൈദരാബാദിനെ സഹായിച്ചേക്കും.
ഇത്തവണയും ഏറ്റവും മികച്ച ബൗളിങ് കരുത്തുള്ള ടീമുകളിലൊന്നാണ് ഹൈദരാബാദ്. അവസാന സീസണിലെ പോരായ്മകള്‍ക്ക് ഒരുപരിധിവരെ പരിഹാരം കാണാന്‍ ഹൈദരാബാദിന് സാധിച്ചിട്ടുണ്ട്. മായങ്ക് അഗര്‍വാളിന്റെയും ഹാരി ബ്രൂക്കിന്റെയും വരവ് ഹൈദരാബാദിന്റെ ബാറ്റിങ് കരുത്തുയര്‍ത്തും. രാജസ്ഥാന്റെ പേസ് നിരയുടെ ശക്തി സംശയിക്കേണ്ടിയിരിക്കുന്നു. ട്രന്റ് ബോള്‍ട്ട്, ഒബെഡ് മക്കോയി എന്നിവര്‍ ഇത്തവരുമുണ്ട്. എന്നാല്‍ മക്കോയും ബോള്‍ട്ടും പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് എത്തുന്നത്.

ഇതും രാജസ്ഥാനെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. പ്രസിദ്ധ് കൃഷ്ണയുടെ അഭാവവും രാജസ്ഥാന് തലവേദനയാവും. കുല്‍ദീപ് സെന്‍, ജേസന്‍ ഹോള്‍ഡര്‍, നവദീപ് സൈനി, കെ എം ആസിഫ് എന്നിവരാണ് രാജസ്ഥാന്റെ മറ്റ് പ്രധാന പേസര്‍മാര്‍. ഇവരില്‍ വിശ്വസ്തരെന്ന് വിളിക്കാവുന്നവര്‍ കുറവാണ്. അതുകൊണ്ട് തന്നെ പേസ് നിരയുടെ ഫോമും പരിക്കും രാജസ്ഥാനെ ഇത്തവണ പിന്നോട്ടടിക്കുമെന്ന കാര്യം ഉറപ്പാണ്. ഹോള്‍ഡറുടെ വരവ് രാജസ്ഥാനെ എങ്ങനെ സ്വാധീനിക്കുമെന്നതും കണ്ടറിയാം.
ഈ സീസണില്‍ മികവ് കാട്ടാനാവാതെ പോയാല്‍ സഞ്ജുവിന്റെ കരിയറില്‍ ഇത് വലിയ തിരിച്ചടിയായി മാറുമെന്നുറപ്പ്. ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് വരാനിരിക്കെ സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനം നിശ്ചയിക്കുന്നതില്‍ ഐപിഎല്ലിലെ പ്രകടനം നിര്‍ണ്ണായകമാവും. അതുകൊണ്ട് തന്നെ ഇതിന്റെ സമ്മര്‍ദ്ദവും സഞ്ജുവിനുണ്ട്. ഇതും രാജസ്ഥാനെ പിന്നോട്ടടിക്കുന്ന കാര്യമായി മാറാനാണ് സാധ്യത കൂടുതല്‍.