ഐപിഎല്ലില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്- രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ പോരാട്ടത്തെ ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. ഇതിഹാസനായകന്‍ എംഎസ് ധോണിയും മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണും മുഖാമുഖം വരുന്നുവെന്ന പ്രത്യേകതയും ഈ പോരാട്ടത്തെ സ്‌പെഷ്യലാക്കി മാറ്റുന്നു. ധോണിപ്പട പോയിന്റ് പട്ടികയില്‍ തലപ്പത്താണെങ്കില്‍ റോയല്‍സ് മൂന്നാംസ്ഥാനത്താണ്. ചെന്നൈ- രാജസ്ഥാന്‍ മല്‍സരത്തിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഗൂഗിള്‍.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഹോംഗ്രൗണ്ടായ ജയ്പൂരില സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെടുത്തുമെന്നാണ് ഗൂഗിളിന്റെ പ്രവചനം. ഗൂഗിളിന്റെ വിജയസാധ്യ പ്രകാരം നേരിയ മുന്‍തൂക്കം നല്‍കിയിരിക്കുന്നത് റോയല്‍സിനാണ്. 51 ശതമാനം സാധ്യതയാണ് സഞ്ജു സാംസണിനും സംഘത്തിനുമുള്ളത്.

എന്നാല്‍ ചെന്നൈയുടെ വിജയസാധ്യത 49 ശതാനവുമാണ്. മുന്‍ കണക്കുകളുടെയും നിലവിലെ പ്രകടനങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് ഗൂഗിളിന്റെ ഈ പ്രവചനം. എന്നാല്‍ വിജയസാധ്യതയുടെ കാര്യത്തില്‍ ഇരുടീമുകളും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നതിനാല്‍ വ്യാഴാഴ്ചത്തെ പോരാട്ടം ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരിക്കുമെന്നുറപ്പാണ്.
ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് ചെന്നൈയും രാജസ്ഥാനും കൊമ്പുകോര്‍ക്കുന്നത്. ഈ മാസം 12ന് സിഎസ്‌കെയുടെ തട്ടകമായ ചെപ്പോക്കില്‍ നടന്ന ത്രില്ലറില്‍ മൂന്നു റണ്‍സിനു സിഎസ്‌കെയെ റോയല്‍സ് വീഴ്ത്തിയിരുന്നു. ചെപ്പോക്കില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ മുബൈ ഇന്ത്യന്‍സിനെക്കൂടാതെ സിഎസ്‌കെയെ തോല്‍പ്പിച്ച ഏക ടീമായും റോയല്‍സ് മാറിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്.
52 റണ്‍സോടെ ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലറര്‍ ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. സഞ്ജു ഈ കളിയില്‍ ഫ്‌ളോപ്പായി മാറി. നേരിട്ട രണ്ടാമത്തെ ബോളില്‍ രവീന്ദ്ര ജഡേജ അദ്ദേഹത്തെ ബൗള്‍ഡാക്കുകയായിരുന്നു. മറുപടിയില്‍ സിഎസ്‌കെ അവസാന ബോള്‍ വരെ പോരാടിയെങ്കിലും ആറു വിക്കറ്റിനു 172 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 50 റണ്‍സെടുത്ത ഡെവന്‍ കോണ്‍വേയാണ് ടോപ്‌സ്‌കോറര്‍. ഒരു ഘട്ടത്തില്‍ റോയല്‍സ് അനായാസം ജയിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
കാരണം റണ്‍ചേസില്‍ ആറിന് 113ലേക്കു അവര്‍ വീണിരുന്നു. എന്നാല്‍ അപരാജിതമായ ഏഴാം വിക്കറ്റില്‍ ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുമായി ധോണി- ജഡേജ സഖ്യം സിഎസ്‌കെയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. ധോണി തന്റെ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ 17 ബോളില്‍ മൂന്ന സിക്‌സറും ഒരു ഫോറുമടക്കം 32 റണ്‍സ് അടിച്ചെടുത്തു. ജഡേജ 15 ബോളില്‍ രണ്ടു സിക്‌സറും ഒരു ഫോറുമടക്കം 25 റണ്‍സും പുറത്താവാതെ നേടി.

അതേസമയം, പോയിന്റ് പട്ടികയിലേക്കു വന്നാല്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും രണ്ടു തോല്‍വികളുമായിട്ടാണ് ചെന്നൈ ലീഗില്‍ തലപ്പത്തുള്ളത്. ഏഴു കളികളില്‍ നാലെണ്ണത്തില്‍ ജയിച്ച റോയല്‍സ് മൂന്നെണ്ണത്തില്‍ തോല്‍വി രുചിച്ചു. വ്യാഴാഴ്ച നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ മികച്ച മാര്‍ജിന്‍ ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറാന്‍ റോയല്‍സിനു സാധിക്കും. ഇരുടീമുകള്‍ക്കും അപ്പോള്‍ 10 പോയിന്റ് വീതമാണ് ഉണ്ടാവുകയെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റുള്ളതിനാല്‍ റോയല്‍സിന് സിഎസ്‌കെയെ പിന്തള്ളാം.
സിഎസ്‌കെ- റോയല്‍സ് മാച്ചിലെ സാധ്യതാ ഇലവന്‍
രാജസ്ഥാന്‍ റോയല്‍സ്-യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറേല്‍, ജേസണ്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, സന്ദീപ് ശര്‍മ.
ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, ശിവം ദുബെ, അമ്പാട്ടി റായുഡു, മോയിന്‍ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍), തുഷാര്‍ ദേശ്പാണ്ഡെ, മതീശ പതിരാന, മഹീഷ് തീക്ഷണ.