ഐപിഎല്ലില്‍ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങിയ രാജസ്ഥാന്‍ റോയല്‍സിനു രണ്ടാമങ്കത്തില്‍ തിരിച്ചടി നേരിട്ടിരുന്നു. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ അഞ്ചു റണ്‍സിനായിരുന്നു പഞ്ചാബ് കിങ്‌സിനോടു അവര്‍ കീഴടങ്ങിയത്. ഇനിയും ചില ഏരിയകളില്‍ സഞ്ജു സാംസണിന്റെ ടീം മെച്ചപ്പെടാനുണ്ടെന്നു ഈ മല്‍സരം കാണിച്ചു തരികയും ചെയ്തു. നേരത്തേ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ മാച്ചില്‍ ഏകപക്ഷീയ വിജയമായിരുന്നു റോയല്‍സിന്റേത്.
ഹൈദരാബാദില്‍ നടന്ന മല്‍സരത്തില്‍ 72 റണ്‍സിന് എതിരാളികളെ റോയല്‍സ് വാരിക്കളയുകയായിരുന്നു. റോയല്‍സിന്റെ മൂന്നാം റൗണ്ട് മല്‍സരം ശനിയാഴ്ച വൈകീട്ട് 3.30ന് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായിട്ടാണ്. പഞ്ചാബുമായുള്ള പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കും റോയല്‍സ് ഈ മല്‍സരത്തില്‍ ഇറങ്ങുക. ചില കാര്യങ്ങള്‍ റോയല്‍സ് ശ്രദ്ധിച്ചെങ്കില്‍ മാത്രമേ മുന്നോട്ടുള്ള മല്‍സരങ്ങളില്‍ വിജയത്തോടെ മുന്നേറാന്‍ സാധിക്കുകയുള്ളൂ. ഇവ എന്തൊക്കെയാണെന്നറിയാം.

ബാറ്റിങില്‍ മുന്‍നിരയെ അമിതമായി ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കുകയെന്നതാണ് രാജസ്ഥാന്‍ റോയല്‍സ് ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം. കുറച്ചു കാലമായി മുന്‍നിര ബാറ്റര്‍മാരെ അമിതമായി ആശ്രയിച്ചാണ് അവര്‍ മുന്നോട്ടു പോവുന്നതെന്നു നമുക്കു കാണാം. പ്രത്യേകിച്ചും ജോസ് ബട്‌ലര്‍, നായകന്‍ സഞ്ജു സാംസണ്‍ എന്നിവരാണ് റോയല്‍സിന്റെ നെടുംതൂണുകള്‍. ഇവര്‍ ഫ്‌ളോപ്പായാല്‍ ടീമിനും തിരിച്ചടി നേരിടുമെന്നതാണ് റോയല്‍സിന്റെ ദൗര്‍ബല്യം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദമായുള്ള ആദ്യ മാച്ചില്‍ ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു എന്നിവരുടെ ഫിഫ്റ്റികളായിരുന്നു ടീമിന്റെ വിജയത്തിനു അടിത്തറയിട്ടത്. പഞ്ചാബ് കിങ്‌സിനെതിരേ ഇവരില്‍ കാര്യമായ സംഭാവന ലഭിക്കാതിരുന്നതു തോല്‍വിക്കു വഴിയൊരുക്കുകയും ചെയ്തു. ഈ രീതിയല്‍ ടോപ്പ് ത്രീയെ മാത്രം ആശ്രയിച്ച് റോയല്‍സിനു ഏറെക്കാലം മുന്നോട്ടുപോവുക അസാധ്യമാണ്. മധ്യനിരയില്‍ നിന്നും കൂടുതല്‍ സംഭാവനകള്‍ വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ലഭിച്ചേ തീരൂ.
ഏറ്റവും മികച്ച ബാറ്റിങ് ഓര്‍ഡര്‍ കണ്ടെത്തുകയെന്നതാണ് രാജസ്ഥാന്‍ റോയല്‍സ് ചെയ്യേണ്ട രണ്ടാമത്തെ കാര്യം. യുവ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെ 7.75 കോടി രൂപയ്ക്കു 2022ലെ സീസണിനു മുമ്പ് റോയല്‍സ് സ്വന്തമാക്കയപ്പോള്‍ എല്ലാവരും നെറ്റി ചുളിച്ചിരുന്നു. കാരണം ഓപ്പണര്‍മാരായി ജോസ് ബട്‌ലര്‍- യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ ടീമിലുണ്ടെന്നിരിക്കെ എന്തിനാണ് ദേവ്ദത്ത് എന്നതായിരുന്നു ചോദ്യം. ഇപ്പോഴിതാ താരത്തിനു അനുയോജ്യമായ ബാറ്റിങ് ഓര്‍ഡര്‍ കണ്ടെത്താനാവാതെ റോയല്‍സ് വിഷമിക്കുകയാണ്. മധ്യനിരയില്‍ നാലാം നമ്പറില്‍ ദേവ്ദത്തിനെ അവര്‍ പരീക്ഷിച്ചു നോക്കിയെങ്കിലും ഈ നീക്കം പരാജയപ്പെടുകയായിരുന്നു.

പഞ്ചാബ് കിങ്‌സുമായുള്ള കഴിഞ്ഞ മാച്ചില്‍ അഞ്ചാം നമ്പറിലായിരുന്നു താരം കളിച്ചത്. 26 ബോളില്‍ 21 റണ്‍സിന് പുറത്താവുകയും ചെയ്തു. ദേവ്ദത്തിന്റെ സ്ലോ ഇന്നിങ്‌സായിരുന്നു റണ്‍ചേസില്‍ റോയല്‍സിനു പരാജയം നേരിടാനുള്ള ഒരു പ്രധാന കാരണം. അതുകൊണ്ടു തന്നെ ബാറ്റിങ് ലൈനപ്പില്‍ ആരൊക്കെയെന്നത് റോയല്‍സിനു തീരുമാനിക്കേണ്ടതുണ്ട്. കഴിഞ്ഞ മല്‍സരത്തില്‍ ഇംപാക്ട് പ്ലെയറായി ഇറങ്ങി തിളങ്ങിയ ധ്രുവ് ജുറേലിനെ സ്ഥിരമായി കളിപ്പിക്കുന്നതിനെക്കുറിച്ച് റോയല്‍സിനു ആലോചിക്കാം. കൂടാതെ ഷിംറോണ്‍ ഹെറ്റ്‌മെയറിനെ ബാറ്റിങില്‍ കുറേക്കൂടി നേരത്തേ ഇറക്കുന്നതും പരിഗണിക്കാം.
ആറാം ബൗളര്‍ ആരാണെന്നതാണ് രാജസ്ഥാന്‍ റോയല്‍സ് പരിഹരിക്കേണ്ട മൂന്നാമത്തെ ചോദ്യം. അഞ്ചു ബൗളര്‍മാരെ ഉള്‍പ്പെടുത്തിയുള്ള ഗെയിം പ്ലാനാണ് റോയല്‍സ് പരീക്ഷിക്കുന്നത്. കഴിഞ്ഞ സീസണിലും നമ്മള്‍ ഇതു കണ്ടിരുന്നു. ഇപ്പോള്‍ ഇംപാക്ട് പ്ലെയര്‍ നിയമം വന്നതോടെ ആറാം ബൗളറെ ഇറക്കുകയെന്നത് കൂടുതല്‍ എളുപ്പമായിരിക്കുകയാണ്. പക്ഷെ ടീമിന്റെ ബാലന്‍സ് നഷ്ടപ്പെടുത്താതെ ആറാം ബൗളറെ എങ്ങനെ കളിപ്പിക്കാമെന്നു റോയല്‍സ് ആലോചിക്കണം.

റിയാന്‍ പരാഗ് ഈ റോളില്‍ പരീക്ഷിക്കാവുന്ന താരമാണെങ്കിലും പലപ്പോഴും താരത്തെ ടീം ഉപയോഗിക്കാറില്ലെന്നു കാണാം. ആറാം ബൗളര്‍ ഏതൊരു ക്യാപ്റ്റനെ സംബന്ധിച്ചും വളരെ പ്രധാനമാണ്. പഞ്ചാബുമായുള്ള കഴിഞ്ഞ മാച്ചില്‍ യുസ്വേന്ദ്ര ചഹലും കെഎം ആസിഫും 50ല്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ആറാം ബൗളറുണ്ടായിരുന്നെങ്കില്‍ ഒന്നോ, രണ്ടോ ഓവറുകള്‍ പരീക്ഷിക്കാമായിരുന്നു.