ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് വലിയ പ്രതീക്ഷയോടെ ടീമിലെത്തിച്ച താരമാണ് വെസ്റ്റ് ഇന്‍ഡീസ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍. ടീമിന്റെ ഡെത്ത് ഓവര്‍ ബൗളിങിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരിചയസമ്പന്നനായ ഹോള്‍ഡര്‍ക്കു സാധിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു റോയല്‍സ്. കൂടാതെ ബാറ്റിങിലും ലോവര്‍ ഓര്‍ഡറില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ താരത്തിനാവുമെന്ന് അവര്‍ ഉറപ്പിക്കുകയും ചെയ്തു.
പക്ഷെ സീസണില്‍ ഏഴു മല്‍സരങ്ങള്‍ ടീം കളിച്ചുകഴിഞ്ഞപ്പോള്‍ ഹോള്‍ഡര്‍ എവിടെയാണെന്നു പോലും കാണാനില്ല. മാച്ച് വിന്നറാവാന്‍ ശേഷിയുള്ള ഇത്രയും മികച്ചൊരു താരത്തെ റോയല്‍സ് എന്തുകൊണ്ട് ശരിയായി ഉപയോഗിക്കുന്നില്ലെന്നതാണ് ചോദ്യം. ബൗളിങിലും ബാറ്റിങിലും ഒരുപോല ഇംപാക്ടുണ്ടാക്കാന്‍ കഴിവുള്ള താരമാണ് ഹോള്‍ഡര്‍. അതുപോലെയുള്ള വേറെ കളിക്കാര്‍ രാജസ്ഥാന്‍ റോയല്‍സില്‍ ഇല്ലെന്നു തന്നെ പറയാം.

അനുഭവസമ്പത്തും അദ്ദേഹത്തു പ്ലസ് പോയിന്റാണ്. എന്നിട്ടും രാജസ്ഥാന്‍ റോയല്‍സ് കോച്ച് കുമാര്‍ സങ്കക്കാരയ്‌ക്കോ, ക്യാപ്റ്റന്‍ സഞ്ജു സാംസണിനോ ഹോള്‍ഡറെ എങ്ങനെ ഉപയോഗിക്കാമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈ പ്രശ്‌നം എത്രയും വേഗത്തില്‍ റോയല്‍സ് പരിഹരിച്ചേ തീരൂ. അല്ലെങ്കില്‍ വരാനിരിക്കുന്ന മല്‍സരങ്ങളില്‍ കൂടുതല്‍ തിരിച്ചടികളായിരിക്കും ടീമിനെ കാത്തിരിക്കുന്നത്.
ഈ സീസണില്‍ ആറു മല്‍സരങ്ങളില്‍ റോയല്‍സിനു വേണ്ടി ഹോള്‍ഡര്‍ കളിച്ചിട്ടുണ്ടെങ്കിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത് രണ്ടെണ്ണത്തില്‍ മാത്രം. ഒന്നില്‍ താരം ഡെക്കായപ്പോള്‍ ഒരു മാച്ചില്‍ പുറത്താവാതെ ഒരു റണ്‍സെടുക്കുകയും ചെയ്തു. എന്നാല്‍ ഈ രണ്ടു ഇന്നിങ്‌സുകള്‍ കൊണ്ടു മാത്രം എഴുതിത്തള്ളാവുന്നയാളല്ല ഹോള്‍ഡര്‍. ബാറ്റിങില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയാല്‍ പല മാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹത്തില്‍ നിന്നും ടീമിനു പ്രതീക്ഷിക്കാം.
ബൗളിങെടുത്താല്‍ അവിടെയും ഹോള്‍ഡറെ സഞ്ജു വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയോ എന്ന കാര്യം സംശയമാണ്. ആറു മല്‍സരങ്ങളിലായി 21 ഓവറുകളാണ് അദ്ദേഹം ബൗള്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ 8.57 ശരാശരിയില്‍ 180 റണ്‍സ് വിട്ടുകൊടുത്ത ഹോള്‍ഡര്‍ നാലു വിക്കറ്റുകളെടുക്കുകയും ചെയ്തു.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള അവസാനത്തെ മാച്ചില്‍ ഹോള്‍ഡറെ അപമാനിക്കുന്നതിനു തുല്യമായിരുന്നു റോയല്‍സിന്റെ ഒരു നീക്കം. റണ്‍ചേസില്‍ 18ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ പുറത്തായപ്പോള്‍ ഹോള്‍ഡറെ റോയല്‍സ് ക്രീസിലേക്ക് അയക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. കാരണം ആവശ്യമായ റണ്‍റേറ്റ് ഉയര്‍ന്നു കൊണ്ടിരിക്കെ വമ്പന്‍ ഷോട്ടുകള്‍ കളിച്ച് ഇതു കുറയ്ക്കുവാന്‍ സാധിക്കുന്നയാളായിരുന്നു ഹോള്‍ഡര്‍.

പക്ഷെ ആര്‍ അശ്വിനെയാണ് റോയല്‍സ് ഇറക്കിയത്. ഈ നീക്കം പാളുകയും ചെയ്തു. 20ാം ഓവറില്‍ അദ്ദേഹം രണ്ടു ഫോറടിച്ച് പുറത്താവുകയായിരുന്നു. അപ്പോഴേക്കും റോയല്‍സ് കളി തോറ്റിരുന്നു. ഹോള്‍ഡര്‍ക്കു പകരം അശ്വിനെ നേരത്തേ ക്രീസിലേക്കു അയക്കാനുള്ള റോയല്‍സിന്റെ തീരുമാനം ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.
ഹോള്‍ഡറോടുള്ള റോയല്‍സിന്റെ അവഗണനയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. ബാറ്ററായി ജേസണ്‍ ഹോള്‍ഡറെ രാജസ്ഥാന്‍ റോയല്‍സ് ഉപയോഗിക്കുന്നില്ലെങ്കില്‍ കുല്‍ദീപ് സെന്‍, മുരുഗന്‍ അശ്വിന്‍ എന്നിവരിലൊരാളെ കളിപ്പിക്കണം. അങ്ങനെയെങ്കില്‍ ഇംപാക്ട് പ്ലെയറായി ഡൊണോവന്‍ ഫെരേരയേയോ, ജോ റൂട്ടിനെയോ പരീക്ഷിക്കുകയും ചെയ്യാം. ജേസണ്‍ ഹോള്‍ഡര്‍ക്കു രാജസ്ഥാന്‍ റോയല്‍സ് എന്തുറോളാണ് നല്‍കുന്നത്?
ബാറ്റിങിലും ബൗളിങിലും അദ്ദേഹത്തെ അവര്‍ ശരിയായി ഉപയോഗിക്കുന്നില്ല. ഇതു ജേസണ്‍ ഹോള്‍ഡറുടെ കുഴപ്പമല്ല. രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ് അദ്ദേഹത്തെ ശരിയായി പ്രയോജനപ്പെടുത്തുന്നില്ല. ഹോള്‍ഡര്‍ക്കു വളരെ നന്നായി ബാറ്റ് ചെയ്യാന്‍ കഴിയുമെന്നത് അവര്‍ക്ക് അറിയില്ല. ജേസണ്‍ ഹോള്‍ഡറെ എന്തു ചെയ്യും? ബാറ്ററെന്ന നിലയിലും ബൗളറായും അദ്ദേഹത്തെ ഉപയോഗിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിനു സാധിക്കാത്തത് കഷ്ടമാണ്. എന്നിങ്ങനെയായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.