മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ച് കൈയടി നേടുന്നത് ആരാധകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. അവസാന മിനി താരലേലം ഐപിഎല്‍ ചരിത്രത്തിലെ പല റെക്കോഡുകളും തകര്‍ത്തിരുന്നു. വമ്പന്‍ പ്രതിഫലത്തിലാണ് പല താരങ്ങളും ഇത്തവണ ഐപിഎല്ലിലേക്കെത്തിയത്.
ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ്, സാം കറെന്‍, കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ വലിയ പ്രതിഫലം നേടി ഈ സീസണിലേക്കെത്തിയവരാണ്. എന്നാല്‍ ഇവരില്‍ പലര്‍ക്കും പ്രതീക്ഷിച്ച നിലവാരം കാട്ടാനാവുന്നില്ല. എന്നാല്‍ ചെറിയ പ്രതിഫലത്തില്‍ ടീമിലേക്കെത്തുകയും തകര്‍പ്പന്‍ പ്രകടനത്തിലൂടെ കൈയടി നേടുകയും ചെയ്യുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

അജിന്‍ക്യ രഹാനെയാണ് ഈ പട്ടികയിലെ പ്രധാനപ്പെട്ട താരങ്ങളിലൊരാള്‍. ആര്‍ക്കും വേണ്ടാത്ത താരത്തെ സിഎസ്‌കെ അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് സ്വന്തമാക്കിയത്. ഈ പ്രതിഫലത്തിന്റെ ഇരട്ടി പ്രകടനം ഇതിനോടകം കാഴ്ചവെക്കാന്‍ രഹാനെക്ക് സാധിച്ചിട്ടുണ്ട്. ബാറ്റുകൊണ്ട് മാത്രമല്ല ഫീല്‍ഡിങ്ങിലും രഹാനെ കൈയടി നേടുകയാണ്. എട്ട് മത്സരത്തില്‍ നിന്ന് 224 റണ്‍സാണ് രഹാനെ നേടിയത്. 44ന് മുകളില്‍ ശരാശരിയും 189ന് മുകളില്‍ സ്‌ട്രൈക്കറേറ്റും രഹാനെക്കുണ്ട്.
ഈ സീസണില്‍ സിഎസ്‌കെയ്ക്കായി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ രഹാനെക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. അപ്രതീക്ഷിതമായി തിളങ്ങിയ താരമെന്ന് രഹാനെയെ വിശേഷിപ്പിക്കാം. പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജിതേഷ് ശര്‍മയാണ് ചെറിയ തുകയില്‍ ഗംഭീര പ്രകടനം നടത്തുന്ന മറ്റൊരു താരം. 20 ലക്ഷം രൂപയാണ് ജിതേഷിന്റെ ഈ സീസണിലെ പ്രതിഫലം. എന്നാല്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാന്‍ താരത്തിനാവുന്നു.
10 മത്സരത്തില്‍ നിന്ന് 239 റണ്‍സാണ് ജിതേഷ് ശര്‍മ ഇതുവരെ നേടിയത്. 165ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലാണ് താരത്തിന്റെ പ്രകടനം. ഫിനിഷര്‍ റോളിലും മധ്യനിരയിലുമെല്ലാം ഒരുപോലെ ശോഭിക്കാന്‍ ജിതേഷിന് സാധിക്കുന്നു. വാങ്ങുന്ന പ്രതിഫലത്തോട് കൂറുകാട്ടാന്‍ ജിതേഷിന് സാധിക്കുന്നു. കെകെആറിന്റെ റിങ്കു സിങ്ങാണ് ഈ പട്ടികയിലെ മറ്റൊരാള്‍. 55 ലക്ഷം രൂപയാണ് റിങ്കുവിന്റെ പ്രതിഫലം.
കെകെആറിനായി തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഗുജറാത്തിനെതിരേ ഒരോവറില്‍ അഞ്ച് സിക്‌സറുകള്‍ പറത്തി ടീമിനെ വിജയത്തിലേക്കെത്തിച്ചതുമുതല്‍ നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ റിങ്കുവിന് സാധിക്കുന്നുണ്ട്. 10 മത്സരത്തില്‍ നിന്ന് 316 റണ്‍സാണ് റിങ്കു നേടിയത്. 148ന് മുകളില്‍ സ്‌ട്രൈക്കറേറ്റും ഇടം കൈയന്‍ താരത്തിന്റെ പേരിലുണ്ട്.

അതിവേഗത്തില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരം അധികം വൈകാതെ ഇന്ത്യക്കായി കളിക്കാനുള്ള സാധ്യതയും കൂടുതലാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഓള്‍റൗണ്ടര്‍ കെയ്ല്‍ മെയേഴ്‌സും ചെറിയ പ്രതിഫലത്തില്‍ വലിയ പ്രകടനം കാഴ്ചവെക്കുന്ന താരമാണ്. 50 ലക്ഷം രൂപയാണ് ലഖ്‌നൗ മെയേഴ്‌സിന് നല്‍കുന്ന പ്രകടനം. 10 മത്സരത്തില്‍ നിന്ന് 311 റണ്‍സാണ് മെയേഴ്‌സ് ഇതുവരെ നേടിയത്. 152.45 സ്‌ട്രൈക്കറേറ്റില്‍ തിളങ്ങുന്ന താരം നാല് ഫിഫ്റ്റിയും ഈ സീസണില്‍ നേടിക്കഴിഞ്ഞു.
ഓപ്പണറായി പരിഗണിക്കുന്ന മെയേഴ്‌സ് ടീമിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നവരിലൊരാളാണെന്ന് പറയാം. മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍ പീയൂഷ് ചൗളയും ഇത്തരത്തില്‍ ടീമിന് വലിയ ലാഭമായ താരമാണ്. ഒമ്പത് മത്സരത്തില്‍ നിന്ന് 15 വിക്കറ്റാണ് ചൗള നേടിയത്. അതും 7.28 എന്ന മികച്ച ഇക്കോണമിയില്‍. 50 ലക്ഷം പ്രതിഫലത്തിലാണ് ചൗള ഇത്രയും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്നതെന്നതാണ് എടുത്തു പറയേണ്ടത്.