മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. സീസണ്‍ പാതി പിന്നിട്ടതിനാല്‍ത്തന്നെ പോരാട്ടങ്ങള്‍ക്ക് ആവേശവും കൂടും. പ്രമുഖ ടീമുകളെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്നത് പോരാട്ടം കൂടുതല്‍ ശക്തമാക്കുന്നു. നിലവില്‍ ഗുജറാത്ത്, രാജസ്ഥാന്‍, ലഖ്‌നൗ, സിഎസ്‌കെ ടീമുകളാണ് പോയിന്റ് പ്ലേ ഓഫ് സാധ്യതയില്‍ മുന്നിലുള്ളത്.
ഇത്തവണ ഒട്ടുമിക്ക പ്രമുഖ താരങ്ങളും മികവ് കാട്ടുന്നതും ആരാധകരെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ സീസണ്‍ പാതി പിന്നിട്ടിട്ടും ഒരവസരം പോലും ലഭിക്കാതെ ബെഞ്ചിലിരിക്കുന്ന ചില താരങ്ങളുണ്ട്. കളിച്ച് മികവ് കാട്ടിയിട്ടും പ്ലേയിങ് 11ലേക്ക് ഇതുവരെ പരിഗണിക്കപ്പെടാതെ ബെഞ്ചിലിരിക്കുന്ന താരങ്ങളെ പരിഗണിച്ചുള്ള ബെസ്റ്റ് പ്ലേയിങ് 11 പരിശോധിക്കാം.

ഓപ്പണര്‍മാരായി പരിഗണിക്കാവുന്നത് ക്വിന്റന്‍ ഡീകോക്കിനെയും കെ എസ് ഭരത്തിനെയുമാണ്. ഡീകോക്കാണ് വിക്കറ്റ് കീപ്പറും നായകനും. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള ഡീകോക്ക് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ്. ദക്ഷിണാഫ്രിക്കയ്ക്കായി മികച്ച ഫോമില്‍ കളിച്ച് എത്തിയിട്ടും ഡീകോക്കിന് പ്ലേയിങ് 11 ഇടം ലഭിച്ചിട്ടില്ല. കെ എല്‍ രാഹുലിനൊപ്പം കെയ്ല്‍ മെയേഴ്‌സാണ് ലഖ്‌നൗവിനായി ഓപ്പണ്‍ ചെയ്യുന്നത്. ഇതോടെ ഡീകോക്ക് ബെഞ്ചിലിരുന്നു.
ഒരു മത്സരത്തില്‍ പോലും ഡീകോക്കിനെ പരിഗണിക്കാന്‍ ലഖ്‌നൗ തയ്യാറായില്ലെന്നതാണ് കൗതുകകരമായ കാര്യം. വിക്കറ്റ് കീപ്പറായ കെ എസ് ഭരത് ആര്‍സിബിക്കൊപ്പം ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുള്ള താരമാണ്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ് ഭരത്തുള്ളത്. വൃദ്ധിമാന്‍ സാഹ മികച്ച ഫോമില്‍ കളിക്കുന്നതില്‍ ഭരത്തിന് ഇതുവരെ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.
മൂന്നാം നമ്പറില്‍ ജോ റൂട്ടിനാണ് സീറ്റ്. ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ച താരമാണ് റൂട്ട്. ക്ലാസിക് ബാറ്റ്‌സ്മാനായ റൂട്ടിന് സീസണില്‍ ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിട്ടില്ല. ഇനി ലഭിക്കാനുള്ള സാധ്യതയും വളരെ കുറവാണെന്ന് പറയാം. നാലാം നമ്പറിലേക്ക് മുംബൈ ഇന്ത്യന്‍സിന്റെ ഡെവാള്‍ഡ് ബ്രെവിസിനെ പരിഗണിക്കാം. ബേബി എബി എന്ന് വിളിക്കുന്ന ബ്രെവിസ് തല്ലിത്തകര്‍ത്ത് കളിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ്.
അണ്ടര്‍19 ക്രിക്കറ്റില്‍ തിളങ്ങി ശ്രദ്ധ നേടിയ ബ്രെവിസ് മുംബൈക്കായി കളിച്ചപ്പോഴും വെടിക്കെട്ട് കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ ഇൗ സീസണില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. മുംബൈ ഇനി പരിഗണിക്കാനുള്ള സാധ്യതയും കുറവാണ്. അഞ്ചാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം വിഷ്ണു വിനോദിനെ പരിഗണിക്കാം. വിക്കറ്റ് കീപ്പര്‍ താരമാണ് വിഷ്ണു. നേരത്തെ ആര്‍സിബിക്കായി കളിച്ചിട്ടുണ്ട്.

മുംബൈക്കൊപ്പം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനുള്ളതിനാല്‍ വിഷ്ണുവിന് അവസരം നല്‍കുക പ്രയാസമാണ്. ആറാം നമ്പറില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ വിക്കറ്റ് കീപ്പര്‍ താരം മാത്യു വേഡിനാണ് അവസരം. അവസാന സീസണില്‍ ഗുജറാത്തിനൊപ്പം കളിച്ച വേഡിന് ഈ സീസണില്‍ ബെഞ്ചിലാണ് സീറ്റ്. ഓസീസ് താരമായ വേഡിന് ഗുജറാത്ത് വരുന്ന മത്സരങ്ങളിലും പ്ലേയിങ് 11 അവസരം നല്‍കിയേക്കില്ല.
ശിവം മാവിയാണ് ഏഴാം നമ്പറില്‍. പേസ് ഓള്‍റൗണ്ടറായ താരം ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ്. സീസണില്‍ ഒരു മത്സരത്തില്‍ പോലും മാവിക്ക് അവസരം ലഭിച്ചിട്ടില്ല. എട്ടാം നമ്പറില്‍ ഗുജറാത്തിന്റെ സായ് കിഷോറിനെ പരിഗണിക്കാം. ഓള്‍റൗണ്ടറായ താരത്തിനും ബെഞ്ചിലാണ് സ്ഥാനം. പേസ് നിരയില്‍ കാര്‍ത്തിക് ത്യാഗിയെ പരിഗണിക്കാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ് താരം.
മികച്ച പേസ് കരുത്തുള്ള ഹൈദരാബാദ് നിരയില്‍ ത്യാഗിക്ക് ഇടം ലഭിക്കുക പ്രയാസം. 10ാം നമ്പറില്‍ സന്ദീപ് വാര്യരെ പരിഗണിക്കാം. മുംബൈ ഇന്ത്യന്‍സ് ജസ്പ്രീത് ബുംറക്ക് പകരക്കാരനായി പരിഗണിച്ച സന്ദീപിന് ഇതുവരെ അവസരം നല്‍കിയിട്ടില്ല. 11ാം നമ്പറില്‍ ഡല്‍ഹി ക്യാപ്റ്റന്‍സിന്റെ ചേതന്‍ സക്കറിയയെ പരിഗണിക്കാം. ഇടം കൈയന്‍ പേസര്‍ക്ക് ഈ സീസണില്‍ അവസരം ലഭിച്ചിട്ടില്ല.