For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: മൂന്ന് റൗണ്ട് പിന്നിട്ടു, പ്ലേ ഓഫ് സാധ്യതയില്‍ മുന്നില്‍ ആരൊക്കെ? അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. മൂന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാക്കി നാലാം റൗണ്ട് മത്സരങ്ങളാണ് പുരോഗമിക്കുന്നത്. ഇത്തവണ പല മത്സരങ്ങളും ലാസ്റ്റ് ഓവര്‍ ത്രില്ലറുകളായി മാറുന്നതാണ് കാണുന്നത്. ഇതില്‍ നിന്ന് എത്രത്തോളം വാശിയേറിയ പോരാട്ടമാണ് നടക്കുന്നതെന്ന് വ്യക്തം. 10 ടീമുകളും ഒന്നിനൊന്ന് മികച്ച പോരാട്ടവുമായി മുന്നേറുകയാണ്.

ഇത്തവണത്തെ പ്ലേ ഓഫ് പോരാട്ടം അതി ശക്തമാണ്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, കെകെആര്‍ ടീമുകളാണ് ആദ്യ നാലില്‍ നില്‍ക്കുന്നത്. എന്നാല്‍ ഈ പോയിന്റ് പട്ടിക മാറി മറിയുമെന്ന കാര്യത്തില്‍ സംശയമില്ല. മൂന്ന് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ പ്ലേ ഓഫിലെത്താന്‍ കൂടുതല്‍ സാധ്യതയുള്ള ടീമുകളെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തി പ്രവചിക്കാം.

ipl 2023

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ പ്ലേ ഓഫ് സാധ്യത കല്‍പ്പിക്കാവുന്ന ടീമുകളിലൊന്നാണ്. ഇത്തവണയും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ടീമിലെ പ്രധാന താരങ്ങള്‍ക്ക് സാധിക്കുന്നു. ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ ബാറ്റുകൊണ്ട് കരുത്തേകുന്നുണ്ട്. ന്യൂബോളില്‍ ട്രന്റ് ബോള്‍ട്ട് വിക്കറ്റ് വേട്ട തുടരുകയാണ്.

സ്പിന്നര്‍മാരായ യുസ് വേന്ദ്ര ചഹാലും ആര്‍ അശ്വിനും നന്നായി പന്തെറിയുന്നു. ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണും മിടുക്കുകാട്ടുന്നു. അതുകൊണ്ട് തന്നെ ഇത്തവണ രാജസ്ഥാന് പ്ലേ ഓഫ് സാധ്യത വളരെ കൂടുതലാണ്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് സാധ്യതയുള്ള മറ്റൊരു ടീം. ഇത്തവണയും ഒത്തിണക്കത്തോടെ കളിക്കാന്‍ ഹര്‍ദിക് പാണ്ഡ്യക്കും സംഘത്തിനും സാധിക്കുന്നു.

ms dhoni, hardik pandya

ഒരു താരത്തെ മാത്രം ആശ്രയിക്കാതെ ഓരോ മത്സരത്തിലും ഓരോ താരങ്ങള്‍ ഉയര്‍ന്നുവരുന്നതാണ് കാണാന്‍ സാധിക്കുന്നത്. ശുബ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ശന്‍, വിജയ് ശങ്കര്‍, ഹര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍ ഇങ്ങനെ മാച്ച് വിന്നര്‍മാരായ താരങ്ങള്‍ ഗുജറാത്തിനൊപ്പമുണ്ട്. ഇവരെല്ലാം ഭേദപ്പെട്ട പ്രകടനവും കാഴ്ചവെക്കുന്നു.

ബൗളിങ് നിരയില്‍ മുഹമ്മദ് ഷമിയും ജോഷ് ലിറ്റിലും അല്‍സാരി ജോസഫുമെല്ലാം കരുത്ത് പകരുന്നു. റാഷിദ് ഖാന്റെ സ്പിന്‍ മികവുകൂടിയാവുമ്പോള്‍ ഇത്തവണയും ഗുജറാത്തിന് പ്രതീക്ഷകളേറെ. വലിയ പ്രകടനങ്ങള്‍ക്കൊണ്ട് കൈയടി നേടുകയെന്നതിലുപരിയായി ജയിക്കാന്‍ അറിയാവുന്ന ടീമെന്ന നിലയിലാണ് ഗുജറാത്ത് അഭിനന്ദനം അര്‍ഹിക്കുന്നത്. ഭേദപ്പെട്ട തുടക്കം ലഭിച്ചതിനാല്‍ത്തന്നെ ഇത്തവണ ഗുജറാത്ത് കിരീടം നിലനിര്‍ത്താനും സാധ്യതയുണ്ട്.

കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് കൂടുതല്‍ സാധ്യതയുള്ള മൂന്നാമത്തെ ടീം. കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സമീപകാലത്തായി മോശം ഫോമിലാണ്. രാഹുല്‍ മെല്ലെപ്പോക്ക് ബാറ്റിങ് നടത്തുമ്പോഴും ടീമിനൊപ്പം മാച്ച് വിന്നര്‍മാരായ മറ്റ് താരങ്ങളുണ്ട്. കെയ്ല്‍ മെയേഴ്‌സ്, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി എന്നിവരെല്ലാം ടീമിനെ ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവര്‍.

marchus stoinis, kl rahul

ബൗളിങ് നിരയില്‍ മാര്‍ക്ക് വുഡിന്റെ അതിവേഗ പേസ് ടീമിന് കരുത്തേകുന്നു. ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്‌നോയ് എന്നിവരുടെ സ്പിന്‍ മികവും ലഖ്‌നൗവിന്റെ പ്രതീക്ഷകളുയര്‍ത്തുന്നു. നാലാമതായി പ്ലേ ഓഫില്‍ കടക്കാന്‍ കൂടുതല്‍ സാധ്യത സിഎസ്‌കെയ്ക്കാണ്. എംഎസ് ധോണിയും സംഘവും ഇത്തവണ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ രണ്ട് വീതം ജയവും തോല്‍വിയും വഴങ്ങിയിരിക്കുകയാണ്.

എംഎസ് ധോണിയെന്ന ക്യാപ്റ്റന് കീഴില്‍ അവസാന സീസണ്‍ കളിക്കുന്ന സിഎസ്‌കെ ഇത്തവണ വലിയ പ്രതീക്ഷയിലാണ്. എംഎസ് ധോണി, ബെന്‍ സ്റ്റോക്‌സ് എന്നിവരുടെ പരിക്ക് സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടിയാവുന്നുണ്ട്. എങ്കിലും ഇത്തവണ പ്ലേ ഓഫില്‍ കടക്കാനുള്ള കരുത്തുള്ള ടീമാണ് സിഎസ്‌കെ. മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി, ഹൈദരാബാദ്, പഞ്ചാബ്, ഡല്‍ഹി ടീമുകളൊന്നും പ്ലേ ഓഫില്‍ കടക്കാന്‍ സാധ്യത കുറവാണെന്ന് വിലയിരുത്താം.

Story first published: Friday, April 14, 2023, 16:16 [IST]
Other articles published on Apr 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+