മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വാശിയേറിയ പോരാട്ടച്ചൂടിലേക്ക് കടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. 31ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലേക്ക് ടീമുകള്‍ കടന്നുകഴിഞ്ഞു. ഇത്തവണയും 10 ടീമുകള്‍ ഉള്‍പ്പെടുന്ന ടൂര്‍ണമെന്റിന് സവിശേഷതകളുമേറെ. ഇടവേളക്ക് ശേഷം ഹോം ഗ്രൗണ്ട് മത്സരങ്ങള്‍ തിരിച്ചെത്തുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ഡിആര്‍എസില്‍ വൈഡും നോബോളും ഉള്‍പ്പെടുത്തിയതും കൂടുതല്‍ സുതാര്യമായ മത്സരത്തിന് അവസരമൊരുക്കും.

ഇത്തവണത്തെ മിനി താരലേലം തന്നെ വളരെ കൗതുകം നിറഞ്ഞതായിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തിലെ ലേലത്തുകയിലെ സര്‍വ റെക്കോഡുകളും തകര്‍ത്താണ് അവസാന മിനി താരലേലം നടന്നത്. സാം കറെനും ബെന്‍ സ്‌റ്റോക്‌സും ഹാരി ബ്രൂക്കുമെല്ലാം റെക്കോഡ് പ്രതിഫലത്തിലാണ് ഇത്തവണത്തെ ഐപിഎല്ലിനിറങ്ങുന്നത്. എന്നാല്‍ ഇത്തരത്തില്‍ വലിയ പ്രതീക്ഷവെച്ച് കോടികള്‍ നല്‍കുന്ന താരങ്ങളില്‍ ഫ്‌ളോപ്പാവാന്‍ സാധ്യതയുള്ള ചില താരങ്ങളുണ്ട്. അത്തരത്തിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
നിക്കോളാസ് പൂരനാണ് ഇതിലെ ഒന്നാമന്‍. വെസ്റ്റ് ഇന്‍ഡീസ് നായകനാണ് പൂരനെങ്കിലും താരത്തിന്റെ സമീപകാല പ്രകടനങ്ങളൊന്നും വലിയ പ്രതീക്ഷ നല്‍കുന്നതല്ല. അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം തീര്‍ത്തും നിരാശപ്പെടുത്തിയ പൂരനെ 16 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് ഇത്തവണ ഒപ്പം കൂട്ടിയത്. വലിയ പ്രകടനം നടത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണെങ്കിലും വിശ്വസ്തനായ താരമല്ല. സ്ഥിരതയും പ്രശ്‌നം. പൂരന് 16 കോടി മുടക്കിയത് തന്നെ വലിയ മണ്ടത്തരമാണെന്ന് പറയാം. ഇത്തവണ വലിയ ദുരന്തമായി പൂരന്‍ മാറിയേക്കും.

പഞ്ചാബ് കിങ്‌സ് ഇടവേളക്ക് ശേഷം തിരിച്ചെത്തിച്ച സാം കറെനാണ് മറ്റൊരു താരം. ഇടം കൈയന്‍ പേസറും ബാറ്റ്‌സ്മാനുമായ താരം ഓള്‍റൗണ്ടറെന്ന നിലയിലാണ് ശ്രദ്ധ നേടുന്നത്. 2022ലെ ടി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്റെ അലമാരായിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് സാം കറെനാണ്. ഇത് ലേലത്തിലും താരത്തിന് ഗുണം ചെയ്തു. 18.5 കോടിക്കാണ് സാം കറെനെ പഞ്ചാബ് ഒപ്പം കൂട്ടിയത്. ഇന്ത്യന്‍ പിച്ചില്‍ അത്ര സംഭവമായൊന്നും സാം കറെനെ കളിക്കാക്കാനാവില്ല. സാമിന്റെ കണക്കുകളില്‍ നിന്നും ഇത് വ്യക്തമാണ്.
മായങ്ക് അഗര്‍വാളാണ് ഈ പട്ടികയില്‍ പേരു ചേര്‍ക്കാവുന്ന മറ്റൊരു താരം. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള മായങ്ക് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നുണ്ട്. അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനായ മായങ്ക് ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും ദുരന്തമായതോടെ ടീം കൈവിട്ടു. മിനി ലേലലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദാണ് മായങ്കിനെ സ്വന്തമാക്കിയത്. 8.25 കോടിയാണ് ടോപ് ഓഡര്‍ ബാറ്റ്‌സ്മാന് ലഭിച്ചത്. മായങ്കില്‍ നിന്ന് വലിയൊരു പ്രകടനം ഇത്തവണ പ്രതീക്ഷിക്കാനാവില്ല. സമീപകാലത്തെ ഫോം വിലയിരുത്തിയാല്‍ മായങ്ക് ഫ്‌ളോപ്പാവാന്‍ സാധ്യത കൂടുതല്‍.
റില്ലി റൂസോയാണ് ഈ പട്ടികയിലെ മറ്റൊരാള്‍. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ വെടിക്കെട്ട് നടത്തുന്ന ദക്ഷിണാഫ്രിക്കന്‍ താരം ഇത്തവണത്തെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ്. 4.6 കോടിക്കാണ് ഡല്‍ഹി താരത്തെ സ്വന്തമാക്കിയത്. ഇന്ത്യന്‍ പരമ്പരയില്‍ നടത്തിയ സെഞ്ച്വറി പ്രകടനമാണ് റൂസോയെ ടീമിലെത്തിക്കാന്‍ ഡല്‍ഹിയെ പ്രേരിപ്പിച്ചത്. എന്നാല്‍ സ്പിന്‍ ദൗര്‍ബല്യമുള്ള റൂസോ ഐപിഎല്ലില്‍ ഫ്‌ളോപ്പാവാന്‍ സാധ്യത കൂടുതല്‍. അവസാന ദക്ഷിണാഫ്രിക്ക 20 ലീഗില്‍ റൂസോ ഫ്‌ളോപ്പായിരുന്നു. അതുകൊണ്ട് തന്നെ താരത്തെയും ഫ്‌ളോപ്പ് പട്ടികയിലേക്ക് പരിഗണിക്കാം.

മുകേഷ് കുമാറാണ് മറ്റൊരാള്‍. ഡല്‍ഹി ക്യാപിറ്റല്‍സാണ് അണ്‍ക്യാപ്പഡ് ഇന്ത്യന്‍ പേസറെ ടീമിലെത്തിച്ചത്. 5.5 കോടിയാണ് പ്രതിഫലമായി നല്‍കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് മികവ് കാട്ടുന്ന താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിലെ അനുഭവസമ്പത്തുകുറവുണ്ട്. അതിവേഗ പേസറെന്ന് വിളിക്കാനാവാത്ത താരം ടി20ക്ക് തയ്യാറാക്കുന്ന ഫ്‌ളാറ്റ് പിച്ചില്‍ തള്ളുകൊള്ളിയായി മാറാനാണ് സാധ്യത കൂടുതല്‍. ഡല്‍ഹി വലിയ പ്രതീക്ഷവെക്കുമ്പോഴും വലിയ മികവ് കാട്ടാന്‍ സാധ്യതയില്ലാത്ത താരമായി മുകേഷിനെ വിലയിരുത്താം.