മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. പ്ലേ ഓഫിലേക്ക് പോരാട്ടം അടുക്കവെ മത്സരങ്ങള്‍ അതിശക്തമായിക്കൊണ്ടിരിക്കുന്നു. ഐപിഎല്‍ യുവതാരങ്ങളെ സംബന്ധിച്ച് ദേശീയ ടീമിലേക്കുള്ള ചവിട്ടുപടിയാണ്. അതുകൊണ്ട് തന്നെ ഓരോ ഐപിഎല്‍ സീസണിന് ശേഷവും മികവ് കാട്ടി നിരവധി യുവതാരങ്ങള്‍ വളര്‍ന്നുവരാറുമുണ്ട്.
ഇത്തവണയും വലിയ പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങളുണ്ട്. ഇവരില്‍ പലര്‍ക്കും ദേശീയ ടീമിലേക്ക് വിളിയെത്താനും സാധ്യതകളേറെ. എന്നാല്‍ ഐപിഎല്ലിന്റെ 16ാം സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യയുടെ ടി20 ടീമിലേക്ക് വിളിയെത്താന്‍ സാധ്യതയില്ലാത്ത ചില താരങ്ങളുണ്ട്. ഇന്ത്യന്‍ ടീമിലെ താരങ്ങളുടെ ധാരാളിത്തം പല പ്രതിഭകളെയും പുറത്തുനിര്‍ത്താന്‍ നിര്‍ബന്ധിക്കുകയാണെന്ന് പറയാം. ഇത്തരത്തില്‍ മികവ് കാട്ടിയിട്ടും ഇന്ത്യയുടെ ടി20 ടീമിലേക്കെത്താന്‍ സാധ്യതയില്ലാത്തവരെ അറിയാം.

ശിവം ദുബെയാണ് എടുത്തു പറയേണ്ട താരങ്ങളിലൊരാള്‍. സിഎസ്‌കെയുടെ മധ്യനിരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ദുബെ കാഴ്ചവെക്കുന്നത്. 12 മത്സരത്തില്‍ നിന്ന് 315 റണ്‍സാണ് ദുബെ നേടിയത്. 35 ശരാശരിയും 159.89 സ്‌ട്രൈക്കറേറ്റിലും കളിക്കുന്ന താരം അനായാസമായാണ് സിക്‌സര്‍ നേടുന്നത്. തന്റെ ശാരീരികക്ഷമതയെ നന്നായി ഉപയോഗപ്പെടുത്താന്‍ ദുബെക്ക് സാധിക്കുന്നുണ്ട്. സിഎസ്‌കെയുടെ ഇത്തവണത്തെ മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്ക് ദുബെക്കുണ്ട്.
എന്നാല്‍ ഇന്ത്യയുടെ ടി20 ടീമില്‍ ഇടം നേടാന്‍ ദുബെക്ക് സാധിച്ചേക്കില്ല. ഇന്ത്യയുടെ നിലവിലെ ടീം പദ്ധതികളില്‍ ദുബെയെ ബാറ്റ്‌സ്മാനെന്ന് നിലയില്‍ മാത്രം പരിഗണിക്കുക പ്രയാസം. ഓള്‍റൗണ്ടറായ താരം പന്തെടുത്തപ്പോഴെല്ലാം തല്ലുകൊള്ളിയായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓള്‍റൗണ്ടര്‍ വിശേഷണം ദുബെക്ക് നല്‍കാനാവില്ല. ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമായി ദുബെക്ക് അവസരം ലഭിക്കില്ലെന്ന് തന്നെ പറയാം.
വെങ്കടേഷ് അയ്യരാണ് മറ്റൊരു താരം. ഭേദപ്പെട്ട പ്രകടനം ഈ സീസണില്‍ നടത്തുന്നുണ്ട്. 12 മത്സരത്തില്‍ നിന്ന് 371 റണ്‍സ് നേടിയ താരത്തിന് 30ന് മുകളില്‍ ശരാശരിയും 143ന് മുകളില്‍ സ്‌ട്രൈക്കറേറ്റുമുണ്ട്. ഒരു സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയും അദ്ദേഹം ഈ സീസണില്‍ നേടിയിട്ടുണ്ട്. സ്ഥിരത പ്രശ്‌നമാണെങ്കിലും പലപ്പോഴും ടീമിന്റെ രക്ഷകനാവാന്‍ വെങ്കടേഷിനായിട്ടുണ്ട്. ഇന്ത്യക്കായി നേരത്തെ കളിച്ചിട്ടുള്ള താരമാണ് വെങ്കടേഷ്.
ഈ സീസണില്‍ മികവ് കാട്ടുന്നുണ്ടെങ്കിലും ഇന്ത്യയുടെ ടി20 ടീമില്‍ ഇടം പ്രതീക്ഷിക്കേണ്ട.വിജയ് ശങ്കറാണ് മറ്റൊരു താരം. മെല്ലപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ വലിയ വിമര്‍ശനം നേരിട്ട വിജയ് ശങ്കര്‍ 10 മത്സരത്തില്‍ നിന്ന് 234 റണ്‍സാണ് ഈ സീസണില്‍ ഇതിനോടകം നേടിയത്. 39 ശരാശരിയും 163ന് മുകളില്‍ സ്‌ട്രൈക്കറേറ്റും വിജയ് ശങ്കറിന്റെ പേരിലുണ്ട്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ സീസണില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങള്‍ വിജയ് ശങ്കര്‍ കാഴ്ചവെക്കുന്നുണ്ട്.

മീഡിയം പേസ് ഓള്‍റൗണ്ടര്‍ക്കൂടിയാണ് താരം. എന്നാല്‍ ഇന്ത്യയുടെ ടി20 ടീമില്‍ വിജയ് ശങ്കര്‍ ഇടം പ്രതീക്ഷിക്കേണ്ട. 2019ലെ ലോകകപ്പില്‍ ഭാഗമായിട്ടുള്ള വിജയ് ശങ്കറിന് ഇന്ത്യയുടെ ടി20 ടീമിലിടം സ്വപ്‌നം മാത്രമാണ്. രാഹുല്‍ തെവാത്തിയയാണ് മറ്റൊരാള്‍. ഫിനിഷര്‍ റോളില്‍ അതിഗംഭീര ബാറ്റിങ് പ്രകടനമാണ് താരം നടത്തുന്നത്. നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ് അദ്ദേഹം. ഫിനിഷര്‍ റോളില്‍ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് തെവാത്തിയ.
12 മത്സരത്തില്‍ നിന്ന് 77 റണ്‍സ് നേടിയ താരത്തിന് 38ന് മുകളില്‍ ശരാശരിയും 175ന് മുകളില്‍ സ്‌ട്രൈക്കറേറ്റുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് താരത്തിന് വിളിയെത്തുക പ്രയാസമാണ്. സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്കും ടി20 ടീമില്‍ ഇടം ലഭിക്കില്ലെന്ന് തന്നെ പറയാം. ഈ സീസണില്‍ 12 മത്സരത്തില്‍ നിന്ന് 19 വിക്കറ്റുകള്‍ താരം നേടിക്കഴിഞ്ഞു. ഇതില്‍ ഒരു നാല് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും.