ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലൂടെ വമ്പന്‍ നേട്ടത്തിലേക്കെത്തി ശിഖര്‍ ധവാന്‍. പഞ്ചാബ് കിങ്‌സ് നായകനായ ധവാന്‍ സീസണിലെ ആദ്യ ഫിഫ്റ്റി നേടിയതോടെയാണ് തകര്‍പ്പന്‍ റെക്കോഡ് സ്വന്തം പേരിലാക്കിയത്. ഐപിഎല്ലില്‍ 50 തവണ 50ലധികം റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന നേട്ടത്തിലേക്കാണ് ധവാനെത്തിയത്.
വേഗത്തില്‍ ഈ നേട്ടത്തിലേക്കെത്തുന്ന ഇന്ത്യക്കാരനെന്ന റെക്കോഡും ധവാന്‍ സ്വന്തം പേരിലാക്കി. ഇതിഹാസ താരം വിരാട് കോലിയുടെ റെക്കോഡിനെയാണ് ധവാന്‍ മറികടന്നത്. ഈ നേട്ടത്തിലേക്കെത്താന്‍ 216 ഇന്നിങ്‌സാണ് കോലിക്ക് വേണ്ടിവന്നത്. എന്നാല്‍ 207 ഇന്നിങ്‌സുകൊണ്ട് ധവാന്‍ ഈ നേട്ടത്തിലേക്കെത്തി. സ്ഥിരതയുടെ പര്യായമായി ധവാന്‍ മാറുന്നു.

36 പന്തില്‍ 6 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് ധവാന്റെ അര്‍ധ സെഞ്ച്വറി പ്രകടനം. പഞ്ചാബ് കിങ്‌സ് നായകനായ ശേഷമുള്ള ധവാന്റെ ആദ്യ ഫിഫ്റ്റികൂടിയാണിത്. ഐപിഎല്ലില്‍ വേഗത്തില്‍ 50 ഫിഫ്റ്റി പ്ലസ് സ്‌കോറെന്ന റെക്കോഡ് ഡേവിഡ് വാര്‍ണറുടെ പേരിലാണ്. വെറും 132 ഇന്നിങ്‌സില്‍ നിന്നാണ് വാര്‍ണര്‍ ഈ നേട്ടത്തിലേക്കെത്തിയത്.
ഇന്ത്യന്‍ ടീമിന് പുറത്തുള്ള ധവാന് ഇത്തവണത്തെ ഐപിഎല്‍ സീസണിലെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. ഏകദിന ലോകകപ്പ് ടീമിലേക്കെത്താന്‍ ധവാന് സ്ഥിരതയാര്‍ത്ത പ്രകടനം ആവിശ്യമാണ്. ഇത് മനസിലാക്കി താരം ബാറ്റുവീശുന്നുമുണ്ട്. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുള്ള ധവാന്‍ ഇത്തവണയും ഗംഭീര പ്രകടനം തുടരുകയാണ്. 48 ഫിഫ്റ്റിയും രണ്ട് സെഞ്ച്വറിയുമാണ് ധവാന്റെ പേരിലുള്ളത്.

മത്സരത്തിലൂടെ രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ യുസ് വേന്ദ്ര ചഹാല്‍ വമ്പനൊരു നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ ചഹാലിന് സാധിച്ചിരിക്കുകയാണ്. ഇതിഹാസ താരവും മുന്‍ മുംബൈ ഇന്ത്യന്‍സ് പേസറുമായ ലസിത് മലിംഗയുടെ 170 വിക്കറ്റിന്റെ റെക്കോഡിനെയാണ് ചഹാല്‍ മറികടന്നത്. ജിതേഷ് ശര്‍മയുടെ വിക്കറ്റ് നേടിയതോടെ 171 വിക്കറ്റുകളാണ് ചഹാലിന്റെ അക്കൗണ്ടിലുള്ളത്.
183 വിക്കറ്റുകളുമായി മുന്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഡ്വെയ്ന്‍ ബ്രാവോയാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. അവസാന സീസണിലെ പര്‍പ്പിള്‍ ക്യാപ് ജേതാവാണ് ചഹാല്‍. ഇത്തവണയും ഇതേ മികവ് തുടര്‍ന്നാല്‍ ബ്രാവോയുടെ റെക്കോഡ് തകര്‍ക്കാനുള്ള അവസരവും ചഹാലിന് മുന്നിലുണ്ട്. ബ്രാവോ അവസാന സീസണോടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യ ഇതുവരെ ടി20 ലോകകപ്പ് കളിപ്പിക്കാത്ത താരമാണ് ചഹാല്‍. എന്നാല്‍ ഐപിഎല്ലില്‍ വിക്കറ്റ് വേട്ട ചഹാല്‍ തുടരുന്നു. താരത്തിന്റെ ഇക്കോണമിയാണ് പ്രശ്‌നം. പഞ്ചാബിനെതിരേ നാല് ഓവറില്‍ 50 റണ്‍സ് വഴങ്ങിയാണ് ചഹാല്‍ ഒരു വിക്കറ്റ് നേടിയത്. സമീപകാലത്തായി അദ്ദേഹത്തിന്റെ ഇക്കോണമി മോശമാണ്. ഇത് ശ്രദ്ധിച്ചാല്‍ മാത്രമെ ഇന്ത്യയുടെ പ്ലേയിങ് 11ലേക്ക് ചഹാലിന് മടങ്ങിവരവ് സാധ്യമാകൂ.

രാജസ്ഥാനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ ധവാന്‍ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു. പ്രഭ്‌സിംറാന്‍ സിങ് തുടക്കത്തില്‍ വെടിക്കെട്ട് നടത്തി അടിത്തറ പാകി. 34 പന്തില്‍ 60 റണ്‍സുമായി പ്രഭ്‌സിംറാന്‍ പുറത്തായപ്പോള്‍ ധവാന്‍ ടീമിന് കരുത്തേവുകയായിരുന്നു. സ്വീപ് ഷോട്ടുകളും പുള്‍ഷോട്ടുകളും ഉള്‍പ്പെടെ നിരവധി സാഹസിക ഷോട്ടുകളെ ഫലപ്രദമായി കളിക്കാന്‍ ധവാന് സാധിച്ചു.
അവസാന ഓവറുകളില്‍ പ്രതീക്ഷക്കൊത്ത് റണ്‍സുയര്‍ത്താന്‍ ധവാന് സാധിച്ചില്ല. ഇല്ലെങ്കില്‍ മൂന്നാം സെഞ്ച്വറി നേട്ടം ധവാന് സ്വന്തമാക്കാമായിരുന്നു. 56 പന്തില്‍ 9 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 86 റണ്‍സുമായാണ് ധവാന്‍ പുറത്താവാതെ നിന്നത്. 153.57 സ്‌ട്രൈക്കറേറ്റിലായിരുന്നു ധവാന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം. ടീമിനെ 197 എന്ന മികച്ച സ്‌കോറിലേക്കെത്തിക്കാനും ധവാന് സാധിച്ചു.