ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലേക്ക് ശിഖര്‍ ധവാനെത്തുമ്പോള്‍ ഏകദിന ലോകകപ്പ് ടീമില്‍ ഇടം എന്ന വലിയ ലക്ഷ്യവും മുന്നിലുണ്ടായിരുന്നു. പഞ്ചാബ് കിങ്‌സിന്റെ നായകനെന്ന വലിയ ഉത്തരവാദിത്തത്തോടൊപ്പം കരിയറിലെ അവസാന ലോകകപ്പ് കളിക്കുകയെന്ന മോഹവും തനിക്കുള്ളത് അദ്ദേഹം തന്നെ തുറന്ന് പറയുകയും ചെയ്തു. ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്മാനെന്ന വിശേഷണത്തോട് ചേരുന്ന തരത്തിലാണ് ധവാന്‍ തുടങ്ങിയത്.
നിലയുറപ്പിച്ച് അതിവേഗം റണ്‍സുയര്‍ത്തുന്ന ധവാന്‍ സ്റ്റൈലാണ് ആദ്യ മത്സരങ്ങളില്‍ കണ്ടത്. ഇന്ത്യന്‍ ടീമിലേക്ക് ധവാന്‍ മടങ്ങിയെത്തുമെന്ന് തോന്നിക്കുന്ന തരത്തില്‍ താരം മികവ് കാട്ടവെയാണ് പരിക്ക് വില്ലനായി മാറുന്നത്. ഇതോടെ കുറച്ച് മത്സരങ്ങള്‍ ധവാന് നഷ്ടമായി. മടങ്ങിവരവിന് ശേഷം ധവാന് പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചില്ല. പരിക്കിന് ശേഷം കളിച്ച മത്സരങ്ങളിലെല്ലാം അദ്ദേഹം നനഞ്ഞ പടക്കമായി മാറിയെന്നതാണ് വസ്തുത.

1(2), 28 (15), 30 (20), 57 (47), 7 (5), 1 (0), 17 (12) എന്നിങ്ങനെയാണ് പരിക്കിന് ശേഷമുള്ള ധവാന്റെ സ്‌കോര്‍. ഒരു അര്‍ധ സെഞ്ച്വറി പ്രകടനം മാറ്റിനിര്‍ത്തിയാല്‍ കാര്യമായൊന്നും ചെയ്യാന്‍ ധവാന് സാധിച്ചില്ലെന്ന് പറയാം. ടീമിനൊപ്പം അവസരത്തിനൊത്തുയരുന്നതില്‍ ധവാന്‍ പരാജയപ്പെട്ടു. രാജസ്ഥാന്‍ റോയല്‍സിനെതിരേ നിര്‍ണ്ണായക മത്സരമായിരുന്നിട്ടും ഗംഭീര പ്രകടനം നടത്താന്‍ അദ്ദേഹത്തിനായില്ല.
ധവാന്റെ മോശം ഫോം പഞ്ചാബിനെയും പിന്നോട്ടടിച്ചു. മികച്ച തുടക്കം ലഭിക്കാത്തതാണ് കഴിഞ്ഞ മത്സരങ്ങളില്‍ പഞ്ചാബിന് തിരിച്ചടിയായത്. പവര്‍പ്ലേയില്‍ ധവാന്റെ നിറം മങ്ങല്‍ പ്രഭ്‌സിംറാന്‍ സിങ്ങിനെയും ബാധിച്ചു. ഇതോടെയാണ് പ്ലേ ഓഫ് പ്രതീക്ഷയോടെ കുതിച്ച പഞ്ചാബിന് പിന്നോട്ടിറങ്ങേണ്ടി വന്നത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുന്ന തരത്തിലുള്ള ഗംഭീര പ്രകടനം ധവാനില്‍ നിന്നുണ്ടായില്ലെന്ന് പറയാം.
ആദ്യ പാദത്തിലെ മികവ് രണ്ടാം പാദത്തിലും ആവര്‍ത്തിക്കാനായിരുന്നെങ്കില്‍ ധവാന് വിളിയുറപ്പായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. മോശം പ്രകടനത്തിനിടെയിലും ധവാന് ആശ്വസിക്കാന്‍ ഒരു റെക്കോഡ് ലഭിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ 750 ബൗണ്ടറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുകയാണ്. അഞ്ച് സീസണുകളില്‍ 500ലധികം റണ്‍സ് നേടിയിട്ടുള്ള ധവാന് പക്ഷെ ഇത്തവണ മികവ് കാട്ടാനാവാതെ പോയി.

ടീം വിജയിച്ച മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സ് സംഭാവന ചെയ്ത ബാറ്റ്‌സ്മാനെന്ന റെക്കോഡില്‍ ഇപ്പോഴും ധവാനാണ് തലപ്പത്ത്. 3922 റണ്‍സാണ് ധവാന്റെ പേരിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള വിരാട് കോലി 3799 റണ്‍സുമുണ്ട്. പഞ്ചാബിനെ കിരീടത്തിലേക്കെത്തിക്കാനായില്ലെങ്കിലും പ്ലേ ഓഫിലെങ്കിലും എത്തിക്കാന്‍ ധവാന് സാധിക്കേണ്ടതായുണ്ടായിരുന്നു. ഡല്‍ഹിക്കെതിരേ തോറ്റതാണ് പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷ തകര്‍ത്തത്.
രാജസ്ഥാനെതിരേ വമ്പന്‍ ജയം നേടിയാലും പഞ്ചാബിന് പ്ലേ ഓഫിലെത്താന്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കണം. അടുത്ത സീസണില്‍ പഞ്ചാബിന്റെ നായകസ്ഥാനത്ത് ധവാനുണ്ടാവാന്‍ സാധ്യത കുറവാണ്. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച തീരുമാനമെടുക്കാന്‍ ധവാന് സാധിക്കുന്നില്ല. താരത്തിന്റെ പല തീരുമാനങ്ങളും നിരാശപ്പെടുത്തുന്നതും പ്രതീക്ഷിച്ച നിലവാരത്തിനൊത്തുള്ളതുമല്ല.
ധവാന്റെ നായകനെന്ന നിലയിലെ പിഴവുകളും ഇത്തവണ പഞ്ചാബിനെ പിന്നോട്ടടിക്കുന്നതിന് മുഖ്യ കാരണമായി. അടുത്ത സീസണിലും പഞ്ചാബ് ധവാനെ ടീമില്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ടെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയേക്കും. ഐപിഎല്ലില്‍ ഒന്നോ രണ്ടോ വര്‍ഷം കളി തുടരാമെങ്കിലും ധവാന് മുന്നില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് അവസാനിച്ചുവെന്ന് പറയാം. അധികം വൈകാതെ ധവാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയേറെയാണ്.