പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎല്ലിലെ നിര്‍ണായക മാച്ചില്‍ ത്രില്ലിങ് വിജയം സ്വന്തമാക്കിയിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ധരംശാലയില്‍ നടന്ന പോരാട്ടത്തില്‍ അവസാന ഓവറില്‍ രണ്ടു ബോളുകള്‍ ബാക്കി നില്‍ക്കെ നാലു വിക്കറ്റിനായിരുന്നു റോയല്‍സിന്റെ വിജയം. പക്ഷെ റോയല്‍സിനു ഇപ്പോഴും പ്ലേഓഫ് സാധ്യത ഉറപ്പില്ലെന്നതാണ് യാഥാര്‍ഥ്യം.
ശേഷിച്ച മല്‍സര ഫലങ്ങളെ ആശ്രയിച്ചായിരിക്കും അവരുടെ വിധി. ബാറ്റിങില്‍ സഞ്ജു ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയ മല്‍സരം കൂടിയായിരുന്നു ഇത്. ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി അദ്ദേഹം ടീമിന്റെ ഹീറോയാവുമെന്നു ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മൂന്നു ബോളില്‍ രണ്ടു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം ക്രീസ് വിടുകയായിരുന്നു.

എങ്കിലും റോയല്‍സ് ഈ മല്‍സരത്തില്‍ വിജയം കൊയ്തതിനാല്‍ സഞ്ജു വലിയ വിമര്‍ശനങ്ങളില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു. കളിയില്‍ റോയല്‍സ് തോറ്റിരുന്നെങ്കില്‍ എല്ലാവരും കൂടി അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുമായിരുന്നെന്ന് ഉറപ്പാണ്. ബാറ്റിങില്‍ തന്നെ ഒരിക്കലും വിശ്വസിക്കാന്‍ പറ്റില്ലെന്നും നിങ്ങള്‍ക്കു ഭാഗ്യമുണ്ടെങ്കില്‍ നല്ലൊരു ഇന്നിങ്‌സ് തന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നും ഒരിക്കല്‍ക്കൂടി സഞ്ജു ഈ മല്‍സരത്തിലൂടെ തെളിയിക്കുകയായിരുന്നു.
ഐപിഎല്ലില്‍ ഡു ഓര്‍ ഡൈ / നോക്കൗട്ട് റൗണ്ട് മല്‍സരങ്ങളില്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനം വളരെയധികം നിരാശാജനകമാണെന്നു കാണാം. 13 ഇന്നിങ്‌സുകളില്‍ നിന്നും 284 റണ്‍സ് മാത്രമേ അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുളളൂ. 11.2 എന്ന ദയനീയ ശരാശരിയിലാണിത്. സ്‌ട്രൈക്ക് റേറ്റ് 128.32. നേടിയതാവട്ടെ ഒരേയൊരു ഫിഫ്റ്റി മാത്രം.
അലക്ഷ്യമായ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയുകയെന്നത് സഞ്ജു സാംസണിന്റെ സ്ഥിരം രീതിയാണ്. പഞ്ചാബ് കിങ്‌സുമായുള്ള മല്‍സരത്തിലും ഇതു അദ്ദേഹം തെറ്റിച്ചില്ല. ടീമിന്റെ ക്യാപ്റ്റനായിരുന്നിട്ട് കൂടി ഇത്രയും ഉത്തരവാദിത്വമില്ലാതെ സഞ്ജു ബാറ്റ് ചെയ്യുന്നതില്‍ ആരാധകരില്‍ നിന്നും വിമര്‍ശനവും ശക്തമാണ്. പഞ്ചാബിനെതിരേ 11ാം ഓവറിലായിരുന്നു അദ്ദേഹം പുറത്താവുന്നത്. അതിനു മുമ്പ് തന്നെ നേരിട്ട ആദ്യ ബോളില്‍ സഞ്ജു ഗോള്‍ഡന്‍ ഡെക്കാവണ്ടതായിരുന്നു.

അര്‍ഷ്ദീപ് സിങെറിഞ്ഞ തൊട്ടുമുമ്പത്തെ ഓവറിലെ അവസാന ബോളിലായിരുന്നു ഇത്. അര്‍ഷ്ദീപിന്റെ ഷോര്‍ട്ട് ബോള്‍ ഫൈന്‍ ലെഗിലേക്കു സഞ്ജു കളിക്കുകയായിരുന്നു. ബൗണ്ടറി ലൈനനിനു തൊട്ടരികില്‍ നിന്ന റിഷി ധവാന് പക്ഷെ കണക്കുകൂട്ടല്‍ പിഴച്ചു. അദ്ദേഹത്തിന്റെ തൊട്ടുമുന്നില്‍ വീണ ബോള്‍ ബൗണ്‍സ് ചെയ്യുകയായിരുന്നു. അല്‍പ്പം മുന്നിലേക്കു കയറി വന്നിരുന്നെങ്കില്‍ റിഷിക്കു ഇതു കൈകളിലൊതുക്കാമായിരുന്നു.
പക്ഷെ തുടക്കത്തില്‍ ലഭിച്ച ഈ ഭാഗ്യം മുതലാക്കാന്‍ സഞ്ജു സാംസണിനായില്ല. മൂന്നാമത്തെ ബോളില്‍ തന്നെ വമ്പനടിക്കു ശ്രമിച്ച് അദ്ദേഹം വിക്കറ്റ് കൈവിടുകയും ചെയ്തു. സ്പിന്നര്‍ രാഹുല്‍ ചാഹറിനു വിക്കറ്റ് സമ്മാനിച്ചാണ് സഞ്ജു മടങ്ങിയത്. പാഡുകളിലേക്കായിരുന്നു ചാഹറിന്റെ ബോള്‍ വന്നത്. ഗ്രൗണ്ട് ഷോട്ടിനു ശ്രമിക്കാതെ അദ്ദേഹം അതു ബൗണ്ടറി കടത്താനാണ് തുനിഞ്ഞത്.
പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ടായില്ല. ഡീപ്പില്‍ ഫീല്‍ഡ് ചെയ്ത റിഷി ധവാന് നിന്നിടത്തു നിന്നും ഇളകേണ്ടതായി പോലും വന്നില്ല. ബോള്‍ നേരെ അദ്ദേഹത്തിന്റെ കൈകളിലെത്തുകയായിരുന്നു.
അതേസമയം, 188 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമായിരുന്നു രാജസ്ഥാന്‍ റോയല്‍സിനു പഞ്ചാബ് കിങ്‌സ് നല്‍കിയത്. യഥാര്‍ഥത്തില്‍ 160-165 റണ്‍സിനുള്ളില്‍ പഞ്ചാബിനെ പിടിച്ചുനിര്‍ത്താന്‍ റോയല്‍സിനു കഴിയുമായിരുന്നു. പക്ഷെ ഡെത്ത് ഓവറിലെ ദയനീയ ബൗളിങ് ചതിച്ചു. യുസ്വേന്ദ്ര ചഹലെറിഞ്ഞ 19ാം ഓവറില്‍ 28 റണ്‍സ് വാരിക്കൂട്ടിയ പഞ്ചാബ് അവസാന ഓവറില്‍ 18 റണ്‍സും നേടി. റണ്‍ചേസില്‍ ദേവ്ദത്ത് പടിക്കല്‍ (51), യശസ്വി ജയ്‌സ്വാള്‍ (50) എന്നിവരുടെ ഫിഫ്റ്റികളും ഷിംറോണ്‍ ഹെറ്റ്‌മെയറുടെ (46) ഫിനിഷിങും റോയല്‍സിനെ ജയത്തിലേക്കു നയിക്കുകയായിരുന്നു.