ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ പ്ലേ ഓഫ് പ്രതീക്ഷ കാത്ത് രാജസ്ഥാന്‍ റോയല്‍സ്. നിര്‍ണ്ണായക മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് രാജസ്ഥാന്‍ നേരിയ പ്രതീക്ഷ നിലനിര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റിന് 187 റണ്‍സടിച്ചപ്പോള്‍ രാജസ്ഥാന്‍ രണ്ട് പന്തും നാല് വിക്കറ്റും ശേഷിക്കെ വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു.
ദേവ്ദത്ത് പടിക്കല്‍ (51), യശ്വസി ജയ്‌സ്വാള്‍ (50), ഷിംറോന്‍ ഹെറ്റ്‌മെയര്‍ (46) എന്നിവരുടെ ബാറ്റിങ്ങാണ് രാജസ്ഥാന് കരുത്തായത്. ദ്രുവ് ജുറേലിന്റെ (10*) തകര്‍പ്പന്‍ ഫിനിഷിങ്ങും രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണ്ണായകമായി. ജയത്തോടെ രാജസ്ഥാന്‍ 14 മത്സരത്തില്‍ നിന്ന് 14 പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്കെത്തി. അവസാന മത്സരത്തില്‍ ആര്‍സിബിയും മുംബൈ ഇന്ത്യന്‍സും തോറ്റാല്‍ രാജസ്ഥാന് പ്ലേ ഓഫിലെത്താം.

188 എന്ന വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന്റെ തുടക്കം പിഴച്ചു. സ്‌കോര്‍ബോര്‍ഡ് 12ല്‍ നില്‍ക്കവെ ജോസ് ബട്‌ലര്‍ (4 പന്തില്‍ 0) ഡെക്കിന് പുറത്തായി. കഗിസോ റബാഡയുടെ പന്തില്‍ ബട്‌ലര്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. അവസാന സീസണില്‍ 849 റണ്‍സടിച്ച ബട്‌ലര്‍ ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഒരു ഐപിഎല്‍ സീസണില്‍ അഞ്ച് തവണ ഡെക്കാവുന്ന താരമെന്ന നാണക്കേടോടെയാണ് ബട്‌ലര്‍ മടങ്ങുന്നത്.
മൂന്നാമനായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കല്‍ അതിവേഗം ബാറ്റുവീശി. 18.3 ഓവറിനുള്ളില്‍ വിജയിക്കാനായെങ്കില്‍ മാത്രമെ രാജസ്ഥാന് നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബിയെ മറികടക്കാനാവൂ. അതുകൊണ്ട് തന്നെ ദേവ്ദത്ത് കടന്നാക്രമിച്ചു. 30 പന്തില്‍ 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 51 റണ്‍സ് നേടിയ ദേവ്ദത്തിനെ അര്‍ഷദീപ് സിങ് പുറത്താക്കുമ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ബോര്‍ഡില്‍ 85 റണ്‍സ്.
പിന്നാലെയെത്തിയ നായകന്‍ സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടുത്തി. 3 പന്തില്‍ 2 റണ്‍സെടുത്ത സഞ്ജുവിനെ രാഹുല്‍ ചഹാര്‍ റിഷി ധവാന്റെ കൈയിലെത്തിച്ചു. രാജസ്ഥാന്റെ പ്രതീക്ഷകള്‍ തകര്‍ക്കുന്ന വിക്കറ്റായിരുന്നു ഇത്. ഒരുവശത്ത് മിന്നിച്ച യശ്വസി ജയ്‌സ്വാള്‍ (36 പന്തില്‍ 50) നതാന്‍ ഇല്ലിസിന് മുന്നിലും പുറത്തായി. 8 ബൗണ്ടറി ഉള്‍പ്പെടെയാണ് താരത്തിന്റെ പ്രകടനം. ഐപിഎല്ലിന്റെ ഒരു സീസണില്‍ 600ലധികം റണ്‍സ് നേടുന്ന ആദ്യ അണ്‍ക്യാപ്പഡ് താരമായി ജയ്‌സ്വാള്‍ മാറി.
പ്ലേയിങ് 11ലേക്ക് മടങ്ങിയെത്തിയ റിയാന്‍ പരാഗിന് മാച്ച് വിന്നറാവാന്‍ സാധിച്ചില്ല. 12 പന്തില്‍ 20 റണ്‍സെടുത്ത പരാഗിനെ കഗിസോ റബാഡയാണ് പുറത്താക്കിയത്. ഷിംറോന്‍ ഹെറ്റ്‌മെയര്‍ (28 പന്തില്‍ 46) വിജയത്തിന് തൊട്ടരികെ മടങ്ങി. 4 ഫോറും 3 സിക്‌സും പറത്തിയ ഹെറ്റ്‌മെയറിനെ സാം കറെന്റെ പന്തില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ ശിഖര്‍ ധവാനാണ് മടക്കിയത്. എന്നാല്‍ ദ്രുവ് ജുറേല്‍ (4 പന്തില്‍ 10) രാജസ്ഥാന് ആവേശ ജയമൊരുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടി വന്ന പഞ്ചാബിന്റെ തുടക്കം പിഴച്ചു. നേരിട്ട രണ്ടാം പന്തില്‍ത്തന്നെ ഓപ്പണര്‍ പ്രഭ്‌സിംറാന്‍ സിങ് (2) പുറത്തായി. ന്യൂബോളില്‍ മികവ് തുടരുന്ന ട്രന്റ് ബോള്‍ട്ട് ഗംഭീര റിട്ടേണ്‍ ക്യാച്ചിലൂടെയാണ് പ്രഭ്‌സിംറാന്‍ സിങ്ങിനെ പുറത്താക്കിയത്. എന്നാല്‍ ആദ്യ വിക്കറ്റ് പെട്ടെന്ന് നഷ്ടമായെങ്കിലും ശിഖര്‍ ധവാനും അതര്‍വ തെയ്‌തെയും ചേര്‍ന്ന് അതിവേഗം റണ്‍സുയര്‍ത്തി.
12 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 19 റണ്‍സുമായി പ്രതീക്ഷ നല്‍കിയ തെയ്തയെ നവദീപ് സൈനി പുറത്താക്കി. ഷോര്‍ട്ട് ബോളില്‍ പുള്‍ഷോട്ടിന് ശ്രമിച്ച തെയ്ത ഷോര്‍ട്ടില്‍ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. പവര്‍പ്ലേയുടെ അവസാന ഓവറില്‍ ആദം സാംബയെ പരീക്ഷിക്കാനുള്ള രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ തീരുമാനം ഫലം കണ്ടു.
സ്വീപ് ഷോട്ടിന് ശ്രമിച്ച ധവാന്‍ (12 പന്തില്‍ 17) സ്വീപ് ഷോട്ടിന് ശ്രമിച്ച് എല്‍ബിയില്‍ കുടുങ്ങി. 2 ഫോറും 1 സിക്‌സുമാണ് ധവാന് നേടാനായത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 3 വിക്കറ്റിന് 48 റണ്‍സെന്ന നിലയിലായിരുന്നു പഞ്ചാബ്. ഡല്‍ഹിക്കെതിരേ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ച ലിയാം ലിവിങ്സ്റ്റണ് മികവ് ആവര്‍ത്തിക്കാനായില്ല. 13 പന്തില്‍ 9 റണ്‍സെടുത്ത ലിവിങ്സ്റ്റണെ നവദീപ് സൈനി ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു.
അഞ്ചാം വിക്കറ്റിലൊത്തുകൂടിയ സാം കറെനും ജിതേഷ് ശര്‍മയും ചേര്‍ന്ന് പഞ്ചാബിന് അടിത്തറ പാകാന്‍ ശ്രമിച്ചു. തല്ലിത്തകര്‍ത്ത ജിതേഷ് 28 പന്തില്‍ 3 വീതം സിക്‌സും ഫോറും പറത്തി 44 റണ്‍സെടുത്തപ്പോഴേക്കും സൈനി മടക്ക ടിക്കറ്റ് നല്‍കി. സൈനിയുടെ സ്ലോ ബോളില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച ജിതേഷ് ഫെരെയ്‌റക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്. 64 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് ജിതേഷിന്റെ മടക്കം.
17 ഓവര്‍വരെ രാജസ്ഥാന്റെ നിയന്ത്രണത്തിലായിരുന്നു മത്സരം. എന്നാല്‍ അവസാന രണ്ടോവറിലൂടെ ഷാരൂഖ് ഖാനും സാം കറെനും ചേര്‍ന്ന് കളി മാറ്റി. യുസ് വേന്ദ്ര ചഹാലെറിഞ്ഞ 19ാം ഓവറില്‍ 28 റണ്‍സ് പിറന്നപ്പോള്‍ ട്രന്റ് ബോള്‍ട്ടെറിഞ്ഞ അവസാന ഓവറില്‍ 18 റണ്‍സുമാണ് പഞ്ചാബ് അടിച്ചെടുത്തത്. അവസാന രണ്ട് ഓവറില്‍ പിറന്നത് 46 റണ്‍സ്.
കറെന്‍ 31 പന്തില്‍ 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 49 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ ഷാരൂഖ് 23 പന്തില്‍ 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 41 റണ്‍സുമായി പുറത്താവാതെ നിന്നു. ഇതോടെ 160നുള്ളില്‍ ഒതുങ്ങുമെന്ന് തോന്നിച്ച പഞ്ചാബ് സ്‌കോര്‍ 5 വിക്കറ്റിന് 187 എന്ന മികച്ച നിലയിലേക്കെത്തി. രാജസ്ഥാനായി നവദീപ് സൈനി മൂന്നും ട്രന്റ് ബോള്‍ച്ചും ആദം സാംബയും ഓരോ വിക്കറ്റും വീഴ്ത്തി.
പ്ലേയിങ് 11- പഞ്ചാബ് കിങ്‌സ്- ശിഖര്‍ ധവാന്‍ (c), പ്രഭ്‌സിംറാന്‍ സിങ്, അതര്‍വ തെയ്‌തെ, ലിയാം ലിവിങ്സ്റ്റണ്‍, സാം കറെന്‍, ജിതേഷ് ശര്‍മ, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചഹാര്‍, കഗിസോ റബാഡ, അര്‍ഷദീപ് സിങ്
രാജസ്ഥാന്‍ റോയല്‍സ്- യശ്വസി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (c), ദേവ്ദത്ത് പടിക്കല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആദം സാംബ, ട്രന്റ് ബോള്‍ട്ട്, നവദീപ് സൈനി, സന്ദീപ് ശര്‍മ, യുസ് വേന്ദ്ര ചഹാല്‍