പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ വിജയിക്കാനായെങ്കിലും നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താന്‍ രാജസ്ഥാന്‍ റോയല്‍സിനായില്ല. റണ്‍ചേസില്‍ 18.5 ഓവറിനുള്ളില്‍ വിജയം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ മാത്രമേ റോയല്‍സിനു അതു സാധിക്കുമായിരുന്നുള്ളൂ. പക്ഷെ 19.4 ഓവറിലായിരുന്നു അവര്‍ വിജയം പൂര്‍ത്തിയാക്കിയത്. ഈ കാരണത്താല്‍ തന്നെ രണ്ടു പോയിന്റുകള്‍ നേടിയെന്നതല്ലാതെ നെറ്റ് റണ്‍റേറ്റില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പിന്തള്ളാന്‍ റോയല്‍സിനായില്ല.
നിലവില്‍ ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ് +1.180 ആണ്. രാജസ്ഥാന്‍ റോയല്‍സിന്റെ നെറ്റ് റണ്‍റേറ്റാവട്ടെ +1.148ഉം ആണ്. ഇരുടീമുകള്‍ക്കും 14 പോയിന്റ് വീതമാണുള്ളത്. ആര്‍സിബിക്കു ഒരു മല്‍സരം ബാക്കിനില്‍ക്കുകയാണ്. ഒരേ പോയിന്റായതിനാല്‍ തന്നെ പഞ്ചാബുമായുള്ള കളിയില്‍ കുറേക്കൂടി നേരത്തെ ജയിച്ച് നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയിരുന്നെങ്കില്‍ പോയിന്റ് പട്ടികയില്‍ ആര്‍സിബിയെ പിന്തള്ളി റോയല്‍സിനു നാലാമത് എത്താമായിരുന്നു. പക്ഷെ അവരുടെ വിജയം വൈകിയതു കാരണം നാലാംസ്ഥാനവും നഷ്ടമാവുകയായിരുന്നു.

റോയല്‍സിനു നാലാം സ്ഥാനം നഷ്ടപ്പെടുത്തിയതില്‍ ഏറ്റവും വലിയ വില്ലനായി മാറിയത് റിയാന്‍ പരാഗാണ്. ഈ സീസണില്‍ ടീമിലെ ഏറ്റലും വലിയ ദുരന്തമായ അദ്ദേഹം പഞ്ചാബിനെതിരേ 12 ബോളില്‍ 20 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. രണ്ടു ഫോറും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
അതായത് മൂന്നു ബോളില്‍ 16 റണ്‍സെടുത്ത പരാഗിനു ബാക്കിയുള്ള ഒമ്പതു ബോളില്‍ നാലു റണ്‍സ് മാത്രമേ നേടാനായുള്ളൂവെന്നതാണ് എടുത്തു പറയേണ്ട കാര്യം. അതുകൊണ്ടു തന്നെ പരാഗിന്റെ ഇന്നിങ്‌സ് ഗുണത്തേക്കാള്‍ ടീമിനു ദോഷമാണ് ചെയ്തതെന്നു കാണാം. ആറാമനായാണ് താരം ക്രീസിലെത്തിയത്. 15ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ യശസ്വി ജയ്‌സ്വാള്‍ പുറത്തായതിനു ശേഷമായിരുന്നു ഇത്. ഈ സമയത്തു റോയല്‍സ് നാലു വിക്കറ്റിനു 137 റണ്‍സെന്ന നിലയിലായിരുന്നു.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നെറ്റ് റണ്‍റേറ്റില്‍ മറികടക്കാന്‍ റോയല്‍സിനു അപ്പോള്‍ നാലോവറില്‍ 51 റണ്‍സ് ആവശ്യമായിരുന്നു. റിയാന്‍ പരാഗിനു കൂട്ടായി വമ്പനടിക്കാരാനായ ഷിംറോണ്‍ ഹെറ്റ്‌മെയറായിരുന്നു ക്രീസില്‍. പക്ഷെ പരാഗിന്റെ ഭാഗത്ത നിന്നും അതിവേഗം സ്‌കോര്‍ ചെയ്ത് ടീമിന്റെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളൊന്നും കണ്ടില്ല.
ആദ്യ ബോളില്‍ ഡബിള്‍ നേടിയ താരം തുടര്‍ന്ന് 1, 4, 0, 1, 0, 6, 6, 0, 0, 0, 0 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്ത്. അടുത്ത ബോളില്‍ പുറത്താവുകയും ചെയ്തു. കാഗിസോ റബാഡയുടെ ബൗളിങില്‍ അതര്‍വ്വ ടെയ്‌ഡെയാണ് പരാഗിനെ ക്യാച്ച് ചെയ്ത് പുറത്താക്കിയത്.

ഫുളളര്‍ ബോളായിരുന്നു റബാഡ പരീക്ഷിച്ചത്. ഷോട്ടിനു മുതിര്‍ന്ന റിയാന്‍ പരാഗിനു പിഴച്ചു. ഔട്ടര്‍ എഡ്ജായ ബോള്‍ നേരെ പോയിന്റില്‍ ടെയ്‌ഡെയുടെ കൈകളിലൊതുങ്ങുകയായിരുന്നു. 18ാം ഓവറിലെ അവസാനത്തെ ബോളിലായിരുന്നു പരാഗിന്റെ മടക്കം. റോയല്‍സ് അപ്പോള്‍ നാലു വിക്കറ്റിനു 169 റണ്‍സെന്ന നിലയുമായിരുന്നു. 28 ബോളില്‍ 46 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്‌മെയര്‍ അടുത്ത ഓവറില്‍ രണ്ടു ഫോറുകളടിച്ചെങ്കിലും അഞ്ചാമത്തെ ബോളില്‍ പുറത്താവുകയായിരുന്നു.
സാം കറെന്റെ ബൗളിങില്‍ പഞ്ചാബ് നായകന്‍ ശിഖര്‍ ധവാനാണ് കിടിലനൊരു താഴ്ന്ന ക്യാച്ചിലൂടെ ഹെറ്റ്‌മെയറെ മടക്കിയത്. അതിനു ശേഷം ധ്രുവ് ജുറേലും (10*) ട്രെന്റ് ബോള്‍ട്ടും (1*) ചേര്‍ന്നു റോയല്‍സിന്റെ വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു. നാലു ബോളില്‍ ഒരു സിക്‌സറടക്കമാണ് ജുറേല്‍ 10 റണ്‍സെടുത്തത്.