ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷ അസ്തമിച്ചിട്ടില്ല. നിര്‍ണ്ണായക മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് രാജസ്ഥാന്‍ പ്ലേ ഓഫ് സീറ്റിനായി കാത്തിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റിന് 187 റണ്‍സടിച്ചപ്പോള്‍ രാജസ്ഥാന്‍ 2 പന്തും നാല് വിക്കറ്റും ബാക്കിയാക്കിയാണ് വിജയലക്ഷ്യം മറികടന്നത്.
ദ്രുവ് ജുറേല്‍ സിക്‌സറിലൂടെ രാജസ്ഥാന് ജയമൊരുക്കിയതോടെ നെറ്റ് റണ്‍റേറ്റിലും അത് തുണയായി മാറി. 14 മത്സരത്തില്‍ നിന്ന് 7 ജയത്തോടെ 14 പോയിന്റുമായി രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. നിലവില്‍ 0.148 നെറ്റ് റണ്‍റേറ്റും രാജസ്ഥാനുണ്ട്. 14 മത്സരവും പൂര്‍ത്തിയാക്കിയ രാജസ്ഥാന് ഇനി എങ്ങനെ പ്ലേ ഓഫിലെത്താനാവും? വഴി പരിശോധിക്കാം.

പ്രധാന ഭീഷണിയായി രണ്ട് ടീമുകളാണുള്ളത്. ആര്‍സിബിയും മുംബൈ ഇന്ത്യന്‍സും. ഇരു ടീമിന്റെയും അവസാന മത്സരഫലത്തെ ആശ്രയിച്ചാവും രാജസ്ഥാന്റെ വിധി തീരുമാനിക്കപ്പെടുക. നിലവില്‍ 13 മത്സരത്തില്‍ നിന്ന് 14 പോയിന്റുള്ള ആര്‍സിബി നാലാം സ്ഥാനത്തുണ്ട്. 0.180 നെറ്റ് റണ്‍റേറ്റാണ് ആര്‍സിബിക്കുള്ളത്. ഇന്ന് പഞ്ചാബിനെ 18.3 ഓവറിനുള്ളില്‍ മറികടക്കാനായിരുന്നെങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബിയെ മറികടക്കാന്‍ രാജസ്ഥാന് സാധിക്കുമായിരുന്നു. എന്നാല്‍ 19.4 ഓവറിലാണ് രാജസ്ഥാന് വിജയിക്കാനായത്.
ഇതോടെ ആര്‍സിബി നിലവില്‍ നാലാം സ്ഥാനത്തേക്കെത്തി. അവസാന മത്സരത്തില്‍ കരുത്തരായ ഗുജറാത്ത് ടൈറ്റന്‍സിനോട് ആര്‍സിബി തോല്‍ക്കാത്ത പക്ഷം രാജസ്ഥാന് പ്ലേ ഓഫില്‍ കടക്കാനാവില്ല. ആര്‍സിബി ജയിച്ചാല്‍ 16 പോയിന്റുമായി നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ ആര്‍സിബി പ്ലേ ഓഫ് ടിക്കറ്റെടുക്കും. ഗുജറാത്ത് ടൈറ്റന്‍സിനോട് അഞ്ചിലധികം റണ്‍സിന് തോറ്റാലെ ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്താവു. ഒന്നോ രണ്ടോ റണ്‍സിന് തോറ്റാലും രാജസ്ഥാനെ മറികടക്കാനുള്ള നെറ്റ് റണ്‍റേറ്റ് ആര്‍സിബിക്കുണ്ടാവും.
ആര്‍സിബി തോല്‍ക്കുകയും നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാന്‍ ആര്‍സിബിയെക്കാള്‍ മുന്നിലെത്തുകയും ചെയ്താലും മുംബൈയെന്ന ഭീഷണി അപ്പോഴും നിലനില്‍ക്കുന്നു. 13 മത്സരത്തില്‍ നിന്ന് 14 പോയിന്റാണ് മുംബൈക്കുള്ളത്. അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് മുംബൈയുടെ എതിരാളികള്‍. അതും മുംബൈയുടെ തട്ടകത്തിലാണ് മത്സരം. അവസാന സ്ഥാനക്കാരായ ഹൈദരാബാദിനെ മുംബൈ തോല്‍പ്പിച്ചാല്‍ അവര്‍ക്ക് 16 പോയിന്റാവും.
ഇതോടെ രാജസ്ഥാന് പ്ലേ ഓഫ് കാണാതെ പുറത്താകേണ്ടി വരും. ചുരുക്കി പറഞ്ഞാല്‍ മുംബൈയും ആര്‍സിബിയും അവസാന മത്സരത്തില്‍ തോറ്റാല്‍ മാത്രമെ രാജസ്ഥാന് പ്ലേ ഓഫിലെത്താന്‍ സാധിക്കു. ആര്‍സിബി മികച്ച ഫോമിലാണെങ്കിലും ഒന്നാം സ്ഥാനത്തുള്ള ഗുജറാത്തിനെ തോല്‍പ്പിക്കു കടുപ്പമാവും. അതുകൊണ്ട് തന്നെ ആര്‍സിബി തോല്‍ക്കുമെന്ന് തന്നെ വിലയിരുത്താം. എന്നാല്‍ ആര്‍സിബിയുടെ തട്ടകത്തിലാണ് മത്സരമെന്നത് പോരാട്ടം കടുപ്പിക്കുന്നു.

ആര്‍സിബി തോറ്റാലും മുംബൈയെ വീഴ്ത്താന്‍ ഹൈദരാബാദിന് സാധിക്കേണ്ടതായുണ്ട്. നിലവിലെ ഹൈദരാഹബാദ് നിരയില്‍ ഹെന്‍ റിച്ച് ക്ലാസനെ മാത്രമാണ് വിശ്വസ്തനെന്ന് വിളിക്കാനാവുക. ഈ സാഹചര്യത്തില്‍ മുംബൈ തോല്‍ക്കുമെന്ന് കരുതാനാവില്ല. എന്തായാലും ആര്‍സിബിയും മുംബൈയും തോല്‍ക്കാത്ത പക്ഷം രാജസ്ഥാന് പെട്ടി മടക്കി നാട്ടിലേക്ക് മടങ്ങാം.
സഞ്ജു സാംസണെന്ന നായകന്റെ പിടിപ്പുകേടാണ് ഇത്തവണ രാജസ്ഥാന്റെ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന്. അവസാന സീസണില്‍ ഗംഭീര പ്രകടനം നടത്തിയ ജോസ് ബട്‌ലറിന്റെ മോശം ഫോമും രാജസ്ഥാനെ പിന്നോട്ടടിച്ചു. ഇത്തവണ 10 ഇന്നിങ്‌സില്‍ അഞ്ചിലും ബട്‌ലര്‍ ഡെക്കായിരുന്നു. പഞ്ചാബിനെതിരായ ഡെക്ക് തുടര്‍ച്ചയായ മൂന്നാമത്തേതാണ്. പ്ലേ ഓഫിലെത്തിയാലും ബട്‌ലറുടെയും സഞ്ജുവിന്റെയും മോശം ഫോം രാജസ്ഥാനെ തളര്‍ത്തുമെന്നുറപ്പ്.