ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ പ്ലേ ഓഫ് സീറ്റ് നിര്‍ണ്ണയിക്കുന്നതില്‍ വഴിത്തിരിവ് സൃഷ്ടിക്കുന്ന മത്സരത്തില്‍ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. പഞ്ചാബ് കിങ്‌സിനെതിരേയാണ് സഞ്ജു നാണംകെട്ട പ്രകടനം കാഴ്ചവെച്ച് വിമര്‍ശനം നേരിടുന്നത്. 188 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന് 18.3 ഓവറില്‍ വിജയം നേടേണ്ടതായുണ്ടായിരുന്നു. എന്നാല്‍ നാലാമനായി ക്രീസിലെത്തിയ സഞ്ജു 3 പന്തില്‍ 2 റണ്‍സുമായാണ് പുറത്തായത്.
അര്‍ഷദീപ് എറിഞ്ഞ പന്തില്‍ റിഷി ധവാന്‍ ക്യാച്ചിന് ശ്രമിച്ചിരുന്നെങ്കില്‍ സഞ്ജു ഗോള്‍ഡന്‍ ഡെക്കായി മടങ്ങിയേനെ. എന്നാല്‍ ഭാഗ്യത്തിന് റിഷി ക്യാച്ചിന് ശ്രമിച്ചില്ല. പക്ഷെ ഈ ഭാഗ്യം മുതലാക്കാന്‍ സഞ്ജുവിന് സാധിക്കാതെ പോയി. രാഹുല്‍ ചഹാറിന്റെ സ്പിന്‍ കെണിയിലാണ് സഞ്ജു വീണത്. സിക്‌സറടിക്കാനുള്ള ശ്രമം റിഷി ധവാന്റെ കൈയില്‍ തന്നെ അവസാനിച്ചുവെന്നതാണ് കൗതുകകരമായ കാര്യം.

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ രാജസ്ഥാന് ജയം അനിവാര്യമായ മത്സരത്തിലാണ് രാജസ്ഥാന്‍ നായകന്റെ ഉത്തരവാദിത്തമില്ലാത്ത പ്രകടനം. ദേവ്ദത്ത് പടിക്കലിനെ മൂന്നാം നമ്പറിലിറക്കി നാലാം നമ്പറിലേക്ക് ബാറ്റിങ് പൊസിഷന്‍ മാറ്റിയിട്ടും സഞ്ജുവിന് തിളങ്ങാനായില്ല. ടീമിന്റെ നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് അദ്ദേഹം നയിക്കേണ്ടതായുണ്ട്. എന്നാല്‍ സഞ്ജുവിനത് സാധിക്കുന്നില്ല.
ക്രീസിലെത്തി നിലയുറപ്പിക്കും മുമ്പെ മോശം ഷോട്ട് കളിച്ച് സഞ്ജു പുറത്താവുകയാണ്. ആര്‍സിബിക്കെതിരേയും സമാനരീതിയില്‍ വിക്കറ്റ് വലിച്ചെറിഞ്ഞാണ് സഞ്ജു മടങ്ങിയത്. രണ്ട് വിക്കറ്റുകള്‍ പോയിരിക്കുന്ന സാഹചര്യത്തില്‍ നിലയുറപ്പിക്കാനുള്ള ശ്രമമായിരുന്നു സഞ്ജു ആദ്യം നടത്തേണ്ടിയിരുന്നത്. നിലയുറപ്പിച്ച് ടൈമിങ്ങിലേക്കെത്തിയാല്‍ അനായാസം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ളവനാണ് സഞ്ജു. എന്നാല്‍ ഇരിക്കുന്നതിന് മുമ്പ് കാല് നീട്ടി സഞ്ജു ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്നു.
സഞ്ജുവിന്റെ വിക്കറ്റ് രാജസ്ഥാന്റെ നട്ടെല്ലാണ്. അതുകൊണ്ട് തന്നെ സഞ്ജുവിനെ വീഴ്ത്താന്‍ എതിരാളികള്‍ കൃത്യമായി തന്ത്രവും മെനയും. സ്പിന്നര്‍മാര്‍ക്കെതിരേ മികച്ച റെക്കോഡ് സഞ്ജുവിനുണ്ടെങ്കിലും ഇതേ സ്പിന്നര്‍മാര്‍ക്കെതിരേ തന്നെ സഞ്ജു വിക്കറ്റ് തുലക്കുകയും ചെയ്യുന്നു. ആര്‍സിബിക്കെതിരേ ടീമിനെ തോല്‍വിയിലേക്ക് തള്ളിവിട്ടതിന് സമാനമായാണ് സഞ്ജു പഞ്ചാബിനെതിരേയും ചെയ്തിരിക്കുന്നത്.
അണ്‍ക്യാപ്പഡ് താരമായ യശ്വസി ജയ്‌സ്വാള്‍ കാട്ടുന്ന ആത്മാര്‍ത്ഥത പോലും നായകനായ സഞ്ജു കാട്ടുന്നില്ല. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയെന്ന അവസ്ഥയിലാണ് സഞ്ജുവിന്റെ പ്രകടനം. ഇതൊരിക്കലും നല്ല നായകന് ചേര്‍ന്നതല്ല. സഞ്ജു നായകസ്ഥാനം ഒഴിയണമെന്ന ആവിശ്യം ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. അവസാന സീസണില്‍ റണ്ണേഴ്‌സപ്പായ രാജസ്ഥാന്റെ നായകനെന്ന നിലയില്‍ സഞ്ജു ഇതിലും മികവ് കാട്ടേണ്ടിയിരിക്കുന്നു.

2023ലെ സ്പിന്നര്‍മാര്‍ക്കെതിരായ സഞ്ജുവിന്റെ കണക്ക് കണ്ണുതള്ളിക്കുന്നതാണ്. 128 പന്തില്‍ 218റണ്‍സടിച്ച സഞ്ജുവിന് 72ന് മുകളില്‍ ശരാശരിയും 170ന് മുകളില്‍ സ്‌ട്രൈക്കറേറ്റുമുണ്ട്. 19 സിക്‌സും 10 ഫോറും അദ്ദേഹം നേടി. എന്നാല്‍ പ്രധാനപ്പെട്ട മത്സരങ്ങളിലൊന്നും സഞ്ജുവിന് ഈ മികവ് കാട്ടാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത. സഞ്ജുവിന് പകരം മൂന്നാം നമ്പറിലെത്തിയ ദേവ്ദത്ത് പടിക്കല്‍ കളിച്ചത് സഞ്ജു മാതൃകയാക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.
ക്യാപ്റ്റനെന്ന നിലയിലും ഇത്തവണ സഞ്ജു നിരാശപ്പെടുത്തി. പഞ്ചാബിനെതിരേ അവസാന രണ്ട് ഓവറില്‍ 46 റണ്‍സാണ് രാജസ്ഥാന്‍ ബൗളര്‍മാര്‍ വഴങ്ങിയത്. 19ാം ഓവറില്‍ യുസ് വേന്ദ്ര ചഹാലിനെ പരിഗണിക്കാനുള്ള സഞ്ജുവിന്റെ തീരുമാനം പാളി. ഈ ഓവറില്‍ 28 റണ്‍സാണ് അവര്‍ അടിച്ചെടുത്തത്. 20ാം ഓവറില്‍ ട്രന്റ് ബോള്‍ട്ടിനെതിരേ 18 റണ്‍സും നേടി. സഞ്ജുവിന്റെ പല തീരുമാനങ്ങളും പാളുന്നതിനാലും പ്ലേ ഓഫ് സാധ്യത വിരളമായതിനാലും ക്യാപ്റ്റന്‍സി തെറിക്കുമെന്ന ഏറെക്കുറെ ഉറപ്പാണ്.