IPL 2023: ഹിറ്റ്മാനല്ല 'ഡെക്ക്മാന്‍', നാണക്കേടില്‍ വീണ്ടും തലപ്പത്ത്! വിരമിച്ച് പോകൂ
മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ രോഹിത് ശര്‍മയുടെ മോശം ഫോം തുടരുന്നു. പഞ്ചാബ് കിങ്‌സിനെതിരേ മൂന്ന് പന്ത് നേരിട്ട് ഡെക്കിന് പുറത്തായിരിക്കുകയാണ് രോഹിത്. പഞ്ചാബ് മുന്നോട്ടുവെച്ച 215 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയപ്പോഴാണ് മുംബൈ നായകന്‍ ഡെക്കിന് പുറത്തായത്. ഏറെ നാളുകളായി മോശം ഫോമിലുള്ള രോഹിത് കളി നിര്‍ത്താന്‍ സമയമായെന്നാണ് ആരാധകര്‍ പറയുന്നത്.
ഹിറ്റ്മാനല്ല ഡെക്ക് മാനാണ് രോഹിത്തെന്നാണ് ആരാധക പരിഹാസം. റിഷി ധവാന്റെ ഓഫ് സൈഡിലെത്തിയ പന്തിനെ സിക്‌സറിന് ശ്രമിച്ച രോഹിത് മാത്യു ഷോര്‍ട്ടിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് പുറത്തായത്. ഇതോടെ വലിയൊരു നാണക്കേടും രോഹിത്തിനെ തേടിയെത്തിയിരിക്കുകയാണ്. ഐപിഎല്ലില്‍ കൂടുതല്‍ തവണ ഡെക്കായവരുടെ തലപ്പത്തേക്ക് വീണ്ടും രോഹിത് എത്തിയിരിക്കുകയാണ്.

രോഹിത് ശര്‍മ, ദിനേഷ് കാര്‍ത്തിക്, സുനില്‍ നരെയ്ന്‍, മന്ദീപ് സിങ് എന്നിവര്‍ 15 തവണ ഡെക്കായാണ് ഈ നാണക്കേടില്‍ തലപ്പത്തുള്ളത്. രോഹിത് രണ്ടാം സ്ഥാനത്തായിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും തലപ്പത്തേക്കെത്തിയിരിക്കുകയാണ്. 36 വയസ് പിന്നിട്ട രോഹിത് കളിനിര്‍ത്താന്‍ സമയമായെന്നാണ് ആരാധകര്‍ പറയുന്നത്. ഫീല്‍ഡിങ്ങുമില്ല ബാറ്റിങ്ങുമില്ലാത്ത രോഹിത് ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന് ബാധ്യതയാണെന്നും ആരാധകര്‍ പറയുന്നു.
രൂക്ഷ വിമര്‍ശനവും നിരവധി ട്രോളുകളും രോഹിത്തിനെതിരേ ഉയരുന്നുണ്ട്. ഫിറ്റ്‌നസില്ലാത്തതാണ് രോഹിത്തിന്റെ പ്രധാന പ്രശ്‌നമെന്നും അഞ്ച് കിരീടത്തിന്റെ കണക്കുകള്‍ പറഞ്ഞ് ഇനിയും പിടിച്ചുനില്‍ക്കാന്‍ രോഹിത്തിനാവില്ലെന്നും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു. നാടകീയതക്കോ സസ്‌പെന്‍സിനോ ആക്രമണോത്സകതയ്‌ക്കോ ഒന്നും അവസരം നല്‍കാതെ ക്രീസിലെത്തി ഉടനേ മടങ്ങുന്ന ഹിറ്റ്മാനാണ് ഞങ്ങളുടെ ഹീറോയെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്.
ഐപിഎല്ലില്‍ കൂടുതല്‍ ഡെക്ക്, കൂടുതല്‍ തവണ ഒറ്റ സംഖ്യയില്‍ പുറത്തായി, 200 റണ്‍സ് പിന്തുടര്‍ന്ന മത്സരങ്ങളില്‍ ഒരു ഫിഫ്റ്റിപോലുമില്ല, ഒരു തവണപോലും ഓറഞ്ച് ക്യാപ് നേടിയില്ല, 150ന് മുകളില്‍ സ്‌ട്രൈക്കറേറ്റുള്ള ഒരു സീസണ്‍ പോലുമില്ല എന്നിട്ടും രോഹിത്തിനെ ഇതിഹാസമെന്ന് വിളിക്കുകയാണ്. മുംബൈയുടെ മികച്ച താരസമ്പത്ത് മുതലാക്കി കപ്പടിച്ചതല്ലാതെ രോഹിത്തിന് ഒന്നും സ്വന്തമായി അവകാശപ്പെടാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
രോഹിത്തിനെ മാറ്റി സൂര്യകുമാര്‍ നായകനെ ക്യാപ്റ്റനാക്കണമെന്നും രോഹിത്തിന് പകരം ഡെവാള്‍ ബ്രെവിസിനെ ഓപ്പണിങ്ങില്‍ കളിപ്പിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. രോഹിത് ഫിറ്റ്‌നസില്‍ യാതൊരു ശ്രദ്ധയും നല്‍കാത്ത താരമാണ്. അമിത ശരീരഭാരമുള്ള രോഹിത്തിന് നിലവിലെ ഫിറ്റ്‌നസുകൊണ്ട് ഈ സീസണ്‍ പോലും പൂര്‍ത്തിയാക്കാനാവില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. വേഗത്തില്‍ ഓടാന്‍ സാധിക്കാത്തതിനാല്‍ സ്ലിപ്പിലും ഷോട്ടിലുമായി രോഹിത് ഒതുങ്ങുന്നു.

ടീമിലെ മികച്ച പല താരങ്ങളും പോയപ്പോള്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയും ദുര്‍ബലമായി. രോഹിത് സ്ഥിരതയോടെ കളിക്കുന്ന താരമല്ലെന്നും വിരാട് കോലിയോടൊപ്പം താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും കപ്പ് മാറ്റിനിര്‍ത്തി വ്യക്തിഗത പ്രകടനം നോക്കിയാല്‍ രോഹിത് വെറും ഫ്രീവിക്കറ്റ് താരമാണെന്നും ആരാധകര്‍ പറയുന്നു. രോഹിത് കളിച്ച മത്സരങ്ങളുടെ എണ്ണവും കണക്കുകളും നോക്കിയാല്‍ ശരാശരി താരമെന്ന് മാത്രമെ വിളിക്കാനാവു.
ഈ സീസണില്‍ ഒമ്പത് ഇന്നിങ്‌സില്‍ നിന്ന് 184 റണ്‍സാണ് രോഹിത് നേടിയത്. ശരാശരി 20.44ഉും സ്‌ട്രൈക്കറേറ്റ് 129.58ഉും. ഒരു ഫിഫ്റ്റി മാത്രമാണ് താരം നേടിയത്. വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് വനിതാ ടീമിനെ നയിച്ച ഹര്‍മന്‍പ്രീത് കൗര്‍ 9 ഇന്നിങ്‌സില്‍ നിന്ന് 281 റണ്‍സാണ് അടിച്ചെടുത്തത്. 3 ഫിഫ്റ്റിയും താരം നേടി. രോഹിത്തിനെ ഒഴിവാക്കി വനിതാ ടീം ക്യാപ്റ്റനെ കളിപ്പിച്ചാല്‍ ഇതിലും ഭേദമായി കളിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications