ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ തുടര്‍ച്ചയായ രണ്ട് ജയത്തിന് ശേഷം ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് പരാജയപ്പെട്ടിരിക്കുകയാണ്. സ്വന്തം തട്ടകത്തില്‍ പഞ്ചാബ് കിങ്‌സിനോട് രണ്ട് വിക്കറ്റിനാണ് കെ എല്‍ രാഹുലും സംഘവും തലകുനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എട്ട് വിക്കറ്റിന് 159 എന്ന സ്‌കോറില്‍ ഒതുങ്ങിയപ്പോള്‍ മൂന്ന് പന്ത് ബാക്കിയാക്കി പഞ്ചാബ് വിജയം നേടുകയായിരുന്നു.
അവസാന ഓവറിലേക്ക് കളിയെത്തിക്കാന്‍ ലഖ്‌നൗവിനായെങ്കിലും പ്രതീക്ഷിച്ച മികവ് ഹോം ഗ്രൗണ്ടില്‍ കാട്ടാന്‍ ലഖ്‌നൗവിനായില്ല. ഇപ്പോഴിതാ പഞ്ചാബിനോട് തോറ്റതിന് പിന്നാലെ ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുലിനെതിരേ വിമര്‍ശനം ശക്തമാവുകയാണ്. അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയ ടീമിനെ പൊരുതാവുന്ന സ്‌കോറിലേക്കെത്തിച്ചത് രാഹുലാണ്.

എന്നാല്‍ നായകനെന്ന നിലയില്‍ രാഹുലെടുത്ത മണ്ടന്‍ തീരുമാനങ്ങള്‍ ലഖ്‌നൗവിന്റെ തോല്‍വിക്ക് കാരണമായെന്നാണ് ആരാധകര്‍ പറയുന്നത്. അതില്‍ ആരാധകര്‍ ഉയര്‍ത്തിക്കാട്ടുന്നത് രവി ബിഷ്‌നോയിയെ ഉപയോഗിച്ച രീതിയാണ്. യുവ സ്പിന്നറെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടെന്നും ഇത് തോല്‍വിക്ക് കാരണമായെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
2.3 ഓവറില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് ബിഷ്‌നോയ് നേടിയത്. അവസാന ഓവറിലേക്ക് മത്സരം നീട്ടിയതില്‍ ബിഷ്‌നോയിയുടെ ബൗളിങ് മികവ് എടുത്തു പറയേണ്ട കാര്യമാണ്. ലഖ്‌നൗവിന്റെ പ്രധാന സ്പിന്നര്‍ ബിഷ്‌നോയിയാണ്. എന്നിട്ടും 15ാം ഓവറിലാണ് ബിഷ്‌നോയിയെ പന്തെറിയിപ്പിച്ചത്. ഇത് വലിയ മണ്ടത്തരമായിപ്പോയെന്നും തോല്‍വിക്ക് കാരണമായെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

10 ഓവര്‍ കഴിഞ്ഞപ്പോഴെങ്കിലും ബിഷ്‌നോയിയെ പരിഗണിച്ചിരുന്നെങ്കില്‍ ലഖ്‌നൗ ചിലപ്പോള്‍ ജയിക്കുമായിരുന്നുവെന്നാണ് ആരാധക പക്ഷം. സ്പിന്നിന് നല്ല ആധിപത്യം പിച്ചിലുണ്ടായിരുന്നു. എന്നിട്ടും ബിഷ്‌നോയിയെ വൈകി പന്തെറിയിപ്പിക്കാനുള്ള രാഹുലിന്റെ തീരുമാനത്തിന് വലിയ വില ടീം നല്‍കേണ്ടിവന്നുവെന്നും ആരാധകര്‍ പ്രതികരിക്കുന്നു.
കൃഷ്ണപ്പ ഗൗതത്തിന് നാല് ഓവര്‍ പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുകയും ബിഷ്‌നോയിക്ക് മൂന്ന് ഓവര്‍ പോലും നല്‍കാതിരിക്കുകയും ചെയ്തതിന്റെ പിന്നിലെ യുക്തി മനസിലാവുന്നില്ലെന്നാണ് വിമര്‍ശനം. രാഹുലിന്റെ അതിബുദ്ധി മണ്ടത്തരമാവുകയായിരുന്നുവെന്ന് പറയാം. ഷാരൂഖ് ഖാന്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ള താരമാണ്.
അതുകൊണ്ട് തന്നെ ഷാരൂഖിനെതിരേ അവസാന ഓവറില്‍ രവി ബിഷ്‌നോയിയെ പരിഗണിച്ചത് അത്ര മികച്ച തീരുമാനമല്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ബാറ്റിങ് ഓഡറിന്റെ പേരിലും രാഹുലിനെതിരേ ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നു. ക്രുണാല്‍ പാണ്ഡ്യയെ നാലാം നമ്പറില്‍ കളിപ്പിക്കേണ്ടെന്നും നിക്കോളാസ് പൂരനോ മാര്‍ക്കസ് സ്‌റ്റോയിണിസോ നാലാം നമ്പറില്‍ കളിക്കണമെന്നും ആരാധകര്‍ പറയുന്നു.
ലഖ്‌നൗവിന്റെ മധ്യനിരയില്‍ ക്രുണാല്‍ മെല്ലപ്പോക്ക് നടത്തുന്നത് മികച്ച ടോട്ടലിലേക്കെത്താന്‍ ടീമിന് തടസമാവുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. മികച്ച ബൗളര്‍മാര്‍ ഒപ്പമുണ്ടായിട്ടും വേണ്ടവിധം അതിനെ ഉപയോഗപ്പെടുത്താന്‍ രാഹുല്‍ എന്ന നായകന് സാധിക്കുന്നില്ലെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. പഞ്ചാബിനെതിരേ രാഹുല്‍ 56 പന്തില്‍ 74 റണ്‍സ് നേടിയാണ് പുറത്തായത്. എട്ട് ഫോറും ഒരു സിക്‌സുമാണ് അദ്ദേഹം പറത്തിയത്.

സീസണിലെ രാഹുലിന്റെ ആദ്യത്തെ അര്‍ധ സെഞ്ച്വറിയാണിത്. ഫിഫ്റ്റി നേടുന്നതിനായി സ്‌ട്രൈക്കറേറ്റ് നോക്കാതെ കളിച്ചുവെന്ന ആക്ഷേപവും ഉയരുന്നു. പഞ്ചാബ് കിങ്‌സിന്റെ മുന്‍ നായകനാണ് കെ എല്‍ രാഹുല്‍. അതുകൊണ്ട് തന്നെ പഞ്ചാബ് തോറ്റത് രാഹുലിന് വ്യക്തിപരമായും വലിയ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. നിരവധി വ്യക്തിഗത റെക്കോഡുകള്‍ സ്വന്തം പേരിലാക്കാന്‍ രാഹുലിനായിരുന്നു.
ഐപിഎല്ലില്‍ വേഗത്തില്‍ 4000 റണ്‍സ് നേടുന്ന താരം, നായകനെന്ന നിലയില്‍ വേഗത്തില്‍ 2000 റണ്‍സ് നേടുന്ന താരം തുടങ്ങിയ റെക്കോഡുകളൊക്കെ രാഹുല്‍ സ്വന്തം പേരിലാക്കി. റണ്‍സ് പ്രതിരോധിക്കുമ്പോള്‍ അസാമാന്യ മികവ് കാട്ടുന്ന ടീമാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. 80ന് മുകളിലാണ് ടീമിന്റെ വിജയ ശതമാനം. അതുകൊണ്ട് തന്നെ രാഹുലിന്റെ ക്യാപ്റ്റന്‍സിയിലെ പൂര്‍ണ്ണമായും പഴിക്കുന്നതില്‍ അര്‍ത്ഥമില്ല.