ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ റെക്കോര്‍ഡ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് കിങ്‌സ് 56 റണ്‍സിന്റെ പരാജയം രുചിച്ചിരിക്കുകയാണ്. 258 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു പഞ്ചാബിനു മുന്നില്‍ കെഎല്‍ രാഹുലും സംഘവും വച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ ടോട്ടല്‍ കൂടിയാണിത്.
ഇതു മറികടക്കുകയെന്നത് ഏതു ടീമിനെ സംബന്ധിച്ചും അസാധ്യവുമായിരുന്നു. പക്ഷെ വലിയൊരു ചൂതാട്ടം ഈ കളിയില്‍ പഞ്ചാബിനു പരീക്ഷിച്ചു നോക്കാവുന്നതായിരുന്നെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം രോഹന്‍ ഗവാസ്‌കര്‍. ക്രിക്ക്ബസിന്റെ ഷോയില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

ബാറ്റിങ് ലൈനപ്പില്‍ വലിയൊരു പരീക്ഷണം പഞ്ചാബിനു നടത്തി നോക്കാമായിരുന്നുവെന്നാണ് രോഹന്‍ ചൂണ്ടിക്കാട്ടിയത്. അതായത് ലോവര്‍ ഓര്‍ഡറിലെ വമ്പനടിക്കാരായ ബാറ്റര്‍മാരെ മുന്‍നിരയിലേക്കു പ്രൊമോട്ട് ചെയ്ത് പകരം മുന്‍നിരയിലുള്ളവരെ മധ്യനിരയിലേക്കും മാറ്റിയൊരു ചൂതാട്ടം പഞ്ചാബിനു നടത്താമായിരുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ക്രിക്ക്ബസില്‍ രോഹനോടൊപ്പം ഷോയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ താരം രജത് ഭാട്ടിയയും ഇതേ അഭിപ്രായം തന്നെ പറയുകയും ചെയ്തു.
1930കളില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനുമായിരുന്ന ഡോണ്‍ ബ്രാഡ്മാന്‍ നടത്തിയ ഒരു പരീക്ഷണമാണ് രോഹന്‍ ഗവാസ്‌കര്‍ തന്റെ അഭിപ്രായത്തെ സാധൂകരിക്കാന്‍ ചൂണ്ടിക്കാട്ടിയത്. ഓസ്‌ട്രേലയയും ഇംഗ്ലണ്ടും തമ്മിലുള്ള ഒരു ടെസ്റ്റ് മല്‍സരമായിരുന്നു അത്. വളരെ മോശം വിക്കറ്റായിരുന്നു കളിയിലേത്. ഇതു മനസ്സിലാക്കിയ ക്യാപ്റ്റന്‍ ബ്രാഡ്മാന്‍ ടീമിന്റെ ബാറ്റിങ് ഓര്‍ഡര്‍ നേരെ റിവേഴ്‌സ് ആക്കുകയായിരുന്നു.
10-11 സ്ഥാനങ്ങളിലുള്ളവരെക്കൊണ്ട് അദ്ദേഹം ഓപ്പണ്‍ ചെയ്യിച്ചു. ഈ തരത്തില്‍ ബാറ്റിങ് ഓര്‍ഡര്‍ നേരെ റിവേഴ്‌സ് ആക്കുകയായിരുന്നു. ഈ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 400ന് മുകളില്‍ റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. പ്രധാന ബാറ്റര്‍മാര്‍ ക്രീസിലേക്കു വരുമ്പോഴേക്കും പിച്ച് മാറിക്കഴിഞ്ഞിരുന്നു. ബാറ്റിങ് എളുപ്പവമായി മാറിയിരുന്നു. ഇവിടെയാണ് ഒരു ക്യാപ്റ്റന്റെ ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചത് നമുക്ക് കാണാന്‍ സാധിക്കുകയെന്നും രോഹന്‍ വ്യക്തമാക്കി.

ലഖ്‌നൗവുമായുള്ള ഈ മല്‍സരത്തിലും പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ചെയ്യേണ്ടിയിരുന്നത് ഇതായിരുന്നു. ഷാരൂഖ് ഖാന്‍, ലിയാം ലിവിങ്‌സറ്റണ്‍, ജിതേഷ് ശര്‍മ തുടങ്ങിയ ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്നവരെ പഞ്ചാബ് മുന്‍നിരയിലേക്കു കൊണ്ടുവരണമായിരുന്നു. ഇവര്‍ ബാറ്റിങിനായി ക്രീസിലേക്കു വരുമ്പോഴേക്കും മല്‍സരം ഫിനിഷ് ചെയ്ത്
കഴിഞ്ഞിരുന്നുവെന്നും രോഹന്‍ നിരീക്ഷിച്ചു.
260നടുത്ത് റണ്‍സ് ചേസ് ചെയ്യുകയെന്നതു ഏതു ബാറ്ററെ സംബന്ധിച്ചും ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷെ നിങ്ങള്‍ ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍മാരായ ലിയാം ലിവിങ്സ്റ്റണ്‍, ഷാരൂഖ് ഖാന്‍ എന്നിവരെ താഴെ ഇറക്കിയാല്‍ അവര്‍ക്കു കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. അവരുടെ സമയവും ബോളുകളും കുറയ്ക്കുകയാണ് ചെയ്യുന്നത്.
ഇതു കാരണം ജയിക്കാന്‍ ആവശ്യമായ റണ്‍റേറ്റ് കൂടുതല്‍ മുകളിലേക്കു പോവുകയും ചെയ്തു. സിക്കന്തര്‍ റസ്സയ്ക്കു ബാറ്റിങ് അറിയില്ലെന്നല്ല ഇതു കൊണ്ട് അര്‍ഥമാക്കുന്നത്. പക്ഷെ നിങ്ങളുടെ ടീമിലെ ബിഗ് ഹിറ്റര്‍മാര്‍ക്കു ബാറ്റ് ചെയ്യാന്‍ കൂടുതല്‍ അവസരം നല്‍കേണ്ടതുണ്ട്. മുന്‍നിരയിലേക്കു പ്രൊമോട്ട് ചെയ്താല്‍ മാത്രമേ ഇതു സാധ്യമാവുകയുള്ളൂ. ഈ മല്‍സരത്തില്‍ അല്ലെങ്കില്‍ പിന്നെ എപ്പോഴാണ് നിങ്ങള്‍ ഇതു ചെയ്യുകയെന്നും രജത് ഭാട്ടിയ ചോദിക്കുന്നു.

അവസാനത്തെ ഓവറില്‍ നിങ്ങള്‍ക്കു ജയിക്കാന്‍ ഒരോവറില്‍ 14ന് മുകളില്‍ റണ്‍സ് ആവശ്യമുള്ളപ്പോള്‍ നിങ്ങള്‍ സിക്കന്തര്‍ റസ്സയെല്ല, ലിയാം ലിവിങ്‌സ്റ്റണിനെയോ, ഷാരൂഖ് ഖാനെയോ, ജിതേഷ് ശര്‍മയേയോ ആയിരിക്കും ക്രീസിലേക്ക് അയക്കുക. എന്നാല്‍ റണ്‍റേറ്റ് 9-10 റണ്‍സ് മതിയെങ്കില്‍ റസ്സയെ ക്രീസിലേക്കു അയക്കാവുന്നതാണ്. ആദ്യത്തെ 10-12 ഓവറുകളില്‍ പവര്‍പ്ലേയുടെയെല്ലാം ആനുകൂല്യം പരമാവധി എങ്ങന മുതലെടുക്കാമെന്നായിരിക്കണം ചിന്തിക്കേണ്ടത്.
13-14 എന്ന റണ്‍റേറ്റ് താഴേക്കു കൊണ്ടുവരാന്‍ കഴിയുന്നവരാണ് ലിവിങ്സ്റ്റണ്‍, ഷാരൂഖ്, ജിതേഷ് എന്നിവര്‍. അതിനു ശേഷം റസ്സയെപ്പോലെയുള്ളവരെ ബാറ്റിങിന് അയക്കാം. പിന്നീടുള്ള 9-10 റണ്‍സെന്ന റണ്‍റേറ്റ് അവര്‍ക്കു കൈകാര്യം ചെയ്യാന്‍ അവര്‍ക്കു സാധിക്കും. പക്ഷെ ഈ മല്‍സരത്തില്‍ ലിവിങ്സ്റ്റണ്‍ അടക്കമുള്ളവര്‍ ക്രീസിലെത്തുമ്പോഴേക്കും റണ്‍റേറ്റ് 20ന്് മുകളില്‍ വരെ എത്തിയിരുന്നുവെന്നും രോഹന്‍ കൂട്ടിച്ചേര്‍ത്തു.