നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഈ സീസണിലെ ഐപിഎല്ലില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നാലു റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്നു ജയവും ഒരു തോല്‍വിയുമടക്കം ആറു പോയിന്റോടെ ജിടി ലീഗില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുകയാണ്. നാലു മല്‍സരങ്ങളില്‍ മൂന്നിലും സ്ഥിരം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു നയിച്ചത്. ഒരു കളിയില്‍ അസുഖം കാരണം അദ്ദേഹം പുറത്തിരുന്നതോടെ റാഷിദ് ക്യാപ്റ്റനാവുകയും ചെയ്തു.
ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ചുകൊണ്ടായിരുന്നു ജിടി ഈ സീസണിനു തുടക്കമിട്ടത്. രണ്ടാമത്തെ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആറു വിക്കറ്റിനും ജിടി കെട്ടുകെട്ടിച്ചു. പക്ഷെ മൂന്നാം റൗണ്ടില്‍ വിജയത്തിന് അരികില്‍ നിന്നും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അവരെ സ്തബ്ധരാക്കി. റിങ്കു സിങിന്റെ വണ്‍മാന്‍ ഷോ അവരെ മൂന്നു വിക്കറ്റിന്റെ തോല്‍വിയിലേക്കു തള്ളിയിട്ടു. പക്ഷ നാലാമത്തെ മല്‍സരത്തില്‍ അവര്‍ വിജയവഴിയില്‍ തിരിച്ചെത്തി. പഞ്ചാബ് കിങ്‌സിനെ ആറു വിക്കറ്റിനായിരുന്നു ജിടി മറികടന്നത്.

കഴിഞ്ഞ തവണ ഐപിഎല്ലില്‍ അരങ്ങേറിയ ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. അതുവരെ ഒരിക്കല്‍പ്പോലും ക്യാപ്റ്റനായിട്ടില്ലാത്ത ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ജിടി ഇറങ്ങിയപ്പോള്‍ ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട് ഹാര്‍ദിക്കും സംഘവും കപ്പുയര്‍ത്തുകയായിരുന്നു. ഇതോടെ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് എല്ലാവരും വാഴ്ത്താന്‍ ആരംഭിക്കുകയും ചെയ്തു. വൈകാതെ ഇന്ത്യയടെ നായകസ്ഥാനത്തേക്കും അദ്ദേഹത്തിനു ഇതു വഴിയൊരുക്കുകയായിരുന്നു.
പക്ഷെ ഹാര്‍ദിക് പാണ്ഡ്യ അത്ര മികച്ച ക്യാപ്റ്റനാണോയെന്നതാണ് ചിലരുടെ സംശയം. സോഷ്യല്‍ മീഡിയയയിലൂടെയാണ് അദ്ദേഹം വെറുമൊരു ആവറേജ് ക്യാപ്റ്റനാണെന്നും ടീം മുന്നേറുന്നത് മറ്റു പലരും കാരണമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സീസണില്‍ ക്യാപ്റ്റനെന്ന നിലയിലോ, താരമെന്ന നിലയിലോ ഹാര്‍ദിക്കിനു ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല.
ശുഭ്മന്‍ ഗില്‍, റാഷിദ് ഖാന്‍, സായ് സുദര്‍ശന്‍, രാഹുല്‍ തെവാത്തിയ, മുഹമ്മദ് ഷമി എന്നിവരുടെ പ്രകടനങ്ങളാണ് ജിടിക്കു വിജയങ്ങള്‍ സമ്മാനിക്കുന്നത്. ഇന്ത്യക്കു വേണ്ടിയും ജിടിക്കു വേണ്ടിയും ഹാര്‍ദിക് അവസാനമായി എപ്പോണാണ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതെന്നു പോലുമറിയില്ലെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്ലിലെ അടുത്ത രോഹിത് ശര്‍മയാണ്. പെര്‍ഫോമന്‍സ് പൂജ്യവും ഭാഗ്യം 100 ശതമാനവുമാണ്. എന്നിട്ടും ആളുകള്‍ എംഎസ് ധോണിയടെ ക്യാപ്റ്റന്‍സിയുമായിട്ടാണ് ഹാര്‍ദിക്കിന്റേതിനെ വിശേഷിപ്പിക്കുന്നതെന്നു ഒരു യൂസര്‍ ആഞ്ഞടിച്ചു. വെറുമൊരു ശരാശരി ക്യാപ്റ്റനാണ് ഹാര്‍ദിക് പാണ്ഡ്യ. നായകെന്ന നിലയില്‍ വലിയ കഴിവൊന്നുമില്ല. ഡേവിഡ് മില്ലര്‍, റാഷിദ് ഖാന്‍, രാഹുല്‍ തെവാത്തിയ സഖ്യമാണ് എല്ലായ്‌പ്പോഴും ജിടിയെ രക്ഷിക്കുകയും വിജയിപ്പിക്കുകയും ചെയ്യുന്നത്. പക്ഷെ കമന്റേറ്റര്‍മാരും പിആര്‍ ടീമുമെല്ലാം ചേര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ വാഴ്ത്തിക്കൊണ്ടിരിക്കുകയാണെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, ട്രെന്റ് ബോള്‍ട്ട് എന്നിവരില്ലെങ്കില്‍ രോഹിത് ശര്‍മയെന്ന ക്യാപ്റ്റന്‍ ഒന്നുമല്ല. പക്ഷെ രോഹിത്തിന്റെ ക്യാപ്റ്റന്‍സി കൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് ട്രോഫികള്‍ നേടിയതെന്നാണ് ആരാധകരുടെ വാദം. അതു പോലെ തന്നെയാണ് ഹാര്‍ദിക് പാണ്ഡ്യയുടെയും ക്യാപ്റ്റന്‍സി. ചില താരങ്ങളുടെ മാത്രം പ്രകടനം കൊണ്ടു മാത്രമാണ് ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടിയത്. ഹാര്‍ദിക്കിന്റെ നേതൃമികവല്ല ഇതിനു പിന്നിലെന്നും ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.