ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ 59ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ സെഞ്ച്വറി നേടി പ്രഭ്‌സിംറാന്‍ സിങ്. ഒരുവശത്ത് പഞ്ചാബ് കിങ്‌സ് ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഓപ്പണറായി ഇറങ്ങി 65 പന്തില്‍ 103 റണ്‍സുമായാണ് പ്രഭ്‌സിംറാന്‍ പുറത്തായത്. 10 ഫോറും 6 സിക്‌സും ഉള്‍പ്പെടെയാണ് താരത്തിന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി. 158.46 എന്ന മാന്യമായ സ്‌ട്രൈക്കറേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
10 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 31 പന്തില്‍ 27 റണ്‍സ് മാത്രമായിരുന്നു പ്രഭ്‌സിംറാന്റെ സമ്പാദ്യം. പിന്നീട് നേരിട്ട 30 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയാണ് താരം സെഞ്ച്വറി നേടിയത്. ടീമിന്റെ സാഹചര്യത്തിനനുസരിച്ചുള്ള ഗംഭീര ഇന്നിങ്‌സാണ് 22കാരനായ താരം കാഴ്ചവെച്ചത്. ഈ സീസണിന്റെ തുടക്കം മുതല്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ശ്രദ്ധ നേടിയ താരം ഇപ്പോള്‍ അര്‍ഹിച്ച സെഞ്ച്വറി തന്നെയാണ് നേടിയെടുത്തിരിക്കുന്നത്.

നിര്‍ണ്ണായക സമയത്താണ് താരത്തിന്റെ സെഞ്ച്വറി പ്രകടനം. ടീമിന്റെ ഉത്തരവാദിത്തം തോളിലേറ്റിയ താരം മികച്ച ഷോട്ടുകളോടെയാണ് കസറിയത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ റില്ലി റൂസോ ലൈഫ് നല്‍കിയത് മുതലാക്കാന്‍ താരത്തിനായി. പ്രഭ്‌സിംറാന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുമ്പോള്‍ പഞ്ചാബ് സ്‌കോര്‍ബോര്‍ഡില്‍ 154 റണ്‍സായിരുന്നു ഉണ്ടായിരുന്നതെന്ന് എത്രത്തോളം പ്രാധാന്യം ആ പ്രകടനത്തിനുണ്ടെന്ന് തുറന്നുകാട്ടുന്നതാണ്.
പ്രഭ്‌സിംറാന്റെ സെഞ്ച്വറിയോടെ വമ്പനൊരു റെക്കോഡും പിറന്നിരിക്കുകയാണ്. ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് രണ്ട് അണ്‍ക്യാപ്പഡ് താരങ്ങള്‍ സെഞ്ച്വറി പ്രകടനം നടത്തുന്നത്. രാജസ്ഥാന്‍ റോയല്‍സിനായി 21കാരന്‍ യശ്വസി ജയ്‌സ്വാളാണ് ഈ സീസണില്‍ ആദ്യം സെഞ്ച്വറി നേടിയ അണ്‍ക്യാപ്പഡ് താരം. ഇപ്പോള്‍ പ്രഭ്‌സിംറാന്റെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് ചരിത്ര റെക്കോഡ് പിറന്നത്. ടൂര്‍ണമെന്റില്‍ ഇനിയും മത്സരം ശേഷിക്കെ ഈ റെക്കോഡ് ഇനിയും നീളുമെന്ന് കരുതാം.
ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ഏഴാമത്തെ അണ്‍ക്യാപ്പഡ് താരം കൂടിയാണ് പ്രഭ്‌സിംറാന്‍. ഷോണ്‍ മാര്‍ഷ്, മനീഷ് പാണ്ഡെ, പോള്‍ വാല്‍ത്താട്ടി, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടീധാര്‍, യശ്വസി ജയ്‌സ്വാള്‍, പ്രഭ്‌സിംറാന്‍ സിങ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലേക്കെത്തിയത്. പഞ്ചാബ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് ആകെ നേടിയത്. ഇതില്‍ 103 റണ്‍സും പ്രഭ്‌സിംറാന്റെ വകയായിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്.

കൃത്യമായി പറഞ്ഞാല്‍ പഞ്ചാബിന്റെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം ചേര്‍ന്ന് 55 പന്തില്‍ നേടിയത് 51 റണ്‍സ്. കൂടാതെ 13 റണ്‍സ് എക്‌സ്ട്രാസായിരുന്നു. പ്രഭ്‌സിംറാന്‍ 65 പന്തില്‍ 103 റണ്‍സുമായി പഞ്ചാബിന്റെ രക്ഷകനായി. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ പഞ്ചാബിന് എന്ത് വിലകൊടുത്തും ജയിക്കേണ്ട മത്സരത്തിലാണ് ഓപ്പണറുടെ മിന്നല്‍ ബാറ്റിങ്. സാഹചര്യം വിലയിരുത്തുമ്പോള്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനങ്ങളിലൊന്നാണിത്.
ഐപിഎല്ലിന്റെ 13ാം സീസണിലെ ഉയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോറും പ്രഭ്‌സിംറാന്‍ കുറിച്ചു. യശ്വസി ജയ്‌സ്വാള്‍ (124), വെങ്കടേഷ് അയ്യര്‍ (104), എന്നിവരാണ് പ്രഭ്‌സിംറാന് മുന്നിലുള്ളത്. സൂര്യകുമാര്‍ യാദവും (103) ഈ റെക്കോഡ് പ്രഭ്‌സിംറാനൊപ്പമുണ്ട്. ഇന്ത്യന്‍ താരങ്ങളാണ് ഈ പട്ടികയില്‍ ആധിപത്യം കാട്ടുന്നതെന്നത് വലിയ കരുത്തേകുന്ന കാര്യമാണ്.
12 മത്സരത്തില്‍ നിന്ന് 334 റണ്‍സാണ് പ്രഭ്‌സിംറാന്‍ നേടിയത്. 27.83 ശരാശരിയും 153.91 സ്‌ട്രൈക്കറേറ്റും താരത്തിനുണ്ട്. സീസണില്‍ ഒരു ഫിഫ്റ്റിയും സെഞ്ച്വറിയുമാണ് താരത്തിനുള്ളത്. പഞ്ചാബിന്റെ വിശ്വസ്തനായ ബാറ്റ്‌സ്മാനെന്ന നിലയിലേക്കുയരാന്‍ താരത്തിന് സാധിച്ചു.ഇന്ത്യക്കും പ്രതീക്ഷ നല്‍കുന്ന താരമായി മാറാന്‍ പ്രഭ്‌സിംറാന് സാധിച്ചിരിക്കുകയാണ്.