ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു തോറ്റതോടെ പഞ്ചാബ് കിങ്‌സിന്റെ പ്ലേഓഫ് സാധ്യതകള്‍ക്കു മങ്ങലേറ്റിരിക്കുകയാണ്. ധര്‍മശാലയില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടാണ് ശിഖര്‍ ധവാനും സംഘവും 15 റണ്‍സിനു കീഴങ്ങിയത്. ഈ മല്‍സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ പഞ്ചാബിനു നേരിയ പ്ലേഓഫ് സാധ്യത കാത്തുസൂക്ഷിക്കാമായിരുന്നു. എന്നാല്‍ ഡിസിയോടേറ്റ പരാജയത്തോടെ പുറത്താവലിന്റെ വക്കിലെത്തിയിരിക്കുകയാണ് പഞ്ചാബ്.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ പഞ്ചാബിനായി ഫിഫ്റ്റി നേടുകയും പിന്നീട് റിട്ടയേര്‍ഡ് ഔട്ടാവുകയും ചെയ്ത അതര്‍വ്വ ടെയ്‌ഡെയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. മൂന്നാം നമ്പറില്‍ ഇറങ്ങിയ ടെയ്‌ഡെ 55 റണ്‍സില്‍ നില്‍ക്കെയാണ് റിട്ടയേര്‍ഡ് ഔട്ടായത്. 42 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുകളുമുള്‍പ്പെട്ടിരുന്നു.

15 ഓവറുകള്‍ക്കു ശേഷമായിരുന്നു ടെയ്‌ഡെ റിട്ടയേര്‍ഡ് ഔട്ടായി ക്രീസ് വിട്ടത്. തുടര്‍ന്നു വമ്പനടിക്കാരനായ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ ക്രീസിലെത്തുകയും ചെയ്തു. പഞ്ചാബ് അപ്പോള്‍ രണ്ടിനു 128 റണ്‍സെന്ന നിലയിലായിരുന്നു. ശേഷിച്ച 30 ബോളില്‍ 86 റണ്‍സ് അപ്പോള്‍ പഞ്ചാബിനു ആവശ്യമായിരുന്നു. പക്ഷെ അവര്‍ക്കു അതിനായില്ല. എട്ടു വിക്കറ്റിനു 198 റണ്‍സെടുത്ത് പഞ്ചാബ് മല്‍സരം അടിയറവയ്ക്കുകയായിരുന്നു.
ക്രിക്ക്ബസിന്റെ ഷോയില്‍ മറ്റൊരു മുന്‍ ഇന്ത്യന്‍ താരം രോഹന്‍ ഗവാസ്‌കറിനൊപ്പം പഞ്ചാബ്- ഡല്‍ഹി മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തവെയായിരുന്നു അതര്‍വ ടെയ്‌ഡെയെ വീരേന്ദര്‍ സെവാഗ് വിമര്‍ശിച്ചത്. കുറേക്കൂടി നേരത്തേ താരത്തിനു ഈ തീരുമാനം എടുക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് അതര്‍വ നേരത്തേ റിട്ടയേര്‍ഡ് ഔട്ട് ആവാതിരുന്നതെന്നായിരുന്നു രോഹന്റെ ചോദ്യം. ഇതിനു മറുപടി പറഞ്ഞത്. വീരുവായിരുന്നു.
ഫിഫ്റ്റി നേടിയാല്‍ ഒരു താരത്തെ സംബന്ധിച്ച് അതു വളരെയധികം സംതൃപ്തി നല്‍കുന്ന കാര്യമാണെന്നു പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ചിന്തിച്ചിട്ടുണ്ടാവും. ഫിഫ്റ്റിക്കു ശേഷം അതര്‍വ്വ ഇപ്പോഴടിക്കും, ഇപ്പോഴടിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇതു കാത്തിരുന്ന പഞ്ചാബിന് പത്തു ബോളുകള്‍ നഷ്ടമാവുകയും ചെയ്തുവെന്നും വീരേന്ദര്‍ സെവാഗ് വിലയിരുത്തി.

ഞാന്‍ അതര്‍വ്വ ടെയ്‌ഡെയുടെ ഫിഫ്റ്റിക്കു വേണ്ടി പോലും കാത്തിരുന്നിട്ടില്ല. അവന്‍ നേരത്തേ ഔട്ടായിരുന്നെങ്കില്‍ നന്നായേനെ എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അല്ലെങ്കില്‍ ഫിഫ്റ്റിക്കും വളരെ മുമ്പ് തന്നെ അതര്‍വ്വയ്ക്കു റിട്ടയേര്‍ഡ് ഔട്ട് ആവാമായിരുന്നുവെന്നും എനിക്കു തോന്നി. 42 ബോളില്‍ 55 റണ്‍സാണ് അവന്‍ നേടിയത്. യഥാര്‍ഥത്തില്‍ 42 ബോളുകളില്‍ നിന്നും 70-80 റണ്‍സെങ്കിലും സ്‌കോര്‍ ചെയ്യേണ്ടിയിരുന്നു. അപ്പോഴാണ് അതു ടീമിനു ഗുണം ചെയ്യുകയെന്നും വീരേന്ദര്‍ സെവാഗ് ചൂണ്ടിക്കാട്ടി.
വീരേന്ദര്‍ സെവാഗ് പറഞ്ഞിരിക്കുന്ന കാര്യം വളരെയധികം ശരിയാണെന്നു രോഹന്‍ ഗവാസ്‌കര്‍ പ്രതികരിച്ചു. ഈ കളിയില്‍ അതര്‍വ്വയുടെ സ്‌ട്രൈക്ക് റേറ്റെന്നത് ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ ആയിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. പക്ഷെ ടീം 212-213 റണ്‍സ് ചേസ് ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഈ സ്‌ട്രൈക്ക് റേറ്റ് ശരിയല്ലെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ഈ മാച്ചില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തോ, കോച്ച് സ്ഥാനത്തോ ഞാന്‍ ആയിരുന്നെങ്കില്‍ വളരെ മുമ്പു തന്നെ അതര്‍വ്വയോടു റിട്ടയേര്‍ഡ് ഔട്ടായി ഗ്രൗണ്ടില്‍ നിന്നു മടങ്ങാന്‍ ആവശ്യപ്പെടുമായിരുന്നു.
പ്രതീക്ഷിച്ചതു പോലെ നടക്കാതെ ചിലപ്പോള്‍ വിക്കറ്റുകള്‍ നഷ്ടമാവുകയാണെങ്കില്‍ വേണമെങ്കില്‍ പിന്നീട് ബാറ്റിങിനു അവസാന ഘട്ടത്തില്‍ ഇറങ്ങാനും സാധിക്കും. മുംബൈ ഇന്ത്യന്‍സുമായുള്ള മാച്ചില്‍ ലഖ്‌നൗ താരം ക്രുനാല്‍ പാണ്ഡ്യ സ്‌കോറിങിനു വേഗത കുറഞ്ഞതു കാരണം റിട്ടയേര്‍ഡ് ഔട്ടായി നേരത്തേ തന്നെ പിന്‍മാറിയത് നമ്മള്‍ കണ്ടിട്ടുള്ളതാണെന്നും വീരേന്ദര്‍ സെവാഗ് കൂട്ടിച്ചേര്‍ത്തു.