ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവും മോശം ഡെത്ത് ഓവര്‍ ബൗളിങിലൂടെ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയത് രാജസ്ഥാന്‍ റോയല്‍സാണ്. എതിര്‍ ടീം ബാറ്റര്‍മാര്‍ക്കു അവസാന ഓവറുകളില്‍ റണ്‍സ് വാരിക്കോരി നല്‍കുകയന്നത് റോയല്‍സ് ശീലമാക്കിയിരിക്കുകയാണ്. പഞ്ചാബ് കിങ്‌സുമായി കഴിഞ്ഞ ദിവസം ധരംശാലയില്‍ നടന്ന നിര്‍ണായകമായ അവസാനത്തെ ലീഗ് മല്‍സത്തിലും അവര്‍ ഈ പതിവു തെറ്റിച്ചില്ല.
70 റണ്‍സാണ് അവസാന അഞ്ചോവറില്‍ പഞ്ചാബിനു റോയല്‍സ് ദാനം ചെയ്തത്. ഇതില്‍ അവസാനത്തെ രണ്ടോവറില്‍ മാത്രം 46 റണ്‍സ് പഞ്ചാബ് വാരിക്കൂട്ടുകയും ചെയ്തു. ഈ സീസണില്‍ അവസാനത്തെ രണ്ടോവറുകളിലെ ബൗളിങെടുക്കുകയാണെങ്കില്‍ ഏറ്റവും ദയനീയ പ്രകടനം നടത്തിയിരിക്കുന്നത് രാജസ്ഥാന്‍ റോയല്‍സാണ്. 19-20 ഓവറുകളിലെ ബൗളിങ് നോക്കിയാല്‍ ഏറ്റവും മോശം ഇക്കോണമി റേറ്റുള്ളത് റോയല്‍സിനാണ്. 13.41 ആണ് അവസാന രണ്ടോവറുകള്‍ അവരുടെ ബൗളിങ് ഇക്കോണമി.

തൊട്ടു പിന്നാലെയുള്ളത് രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ്. 13.33 ഇക്കോണമി റേറ്റോടെയാണ് കെകെആര്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. 13നു മുകളില്‍ റണ്‍സ് 19-20 ഓവറുകളില്‍ വിട്ടുകൊടുത്ത രണ്ടു ടീമുകള്‍ റോയയല്‍സും കൊല്‍ക്കത്തയും മാത്രമാണ്.
ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തു അഞ്ചു തവണ ജേതാക്കളായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സാണ്. അവസാന രണ്ടോവറുകളില്‍ അവരുടെ ഇക്കോണമി റേറ്റ് 12.46ണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂല്‍ 11.89 ഇക്കോണമി റേറ്റുമായി നാലാംസ്ഥാനത്തും ഡല്‍ഹി ക്യാപ്പിറ്റല്‍സ് 11.42 ഇക്കോണമി റേറ്റോടെ അഞ്ചാംസ്ഥാനത്തും നില്‍ക്കുന്നു.
പഞ്ചാബ് കിങ്‌സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ 18ാം ഓവര്‍ വരെ കളി രാജസ്ഥാന്‍ റോയല്‍സിന്റെ നിയന്ത്രണത്തിലായിരുന്നു. പഞ്ചാബ് അപ്പോള്‍ അഞ്ചു വിക്കറ്റിനു 141 റണ്‍സെന്ന നിലയിലായിരുന്നു. 16, 17, 18 ഓവറുകളില്‍ എട്ടു റണ്‍സ് വീതം മാത്രമേ പഞ്ചാബിനു റോയല്‍സ് ബൗളര്‍മാര്‍ വിട്ടു നല്‍കിയുള്ളൂ. ഈ ഘട്ടത്തിലാണ് 19ാം ഓവറര്‍ പരിചയ സമ്പന്നനായ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനു നല്‍കാന്‍ സഞ്ജു സാംസണ്‍ തീരുമാനിച്ചത്. അതു ഇത്ര വലിയ ദുരന്തമായി തീരുമെന്നു അദ്ദേഹം കരുതിക്കാണില്ല.

യാതൊരു ലക്കും ലഗാനുമില്ലാതെ ബൗള്‍ ചെയ്ത ചഹല്‍ 28 റണ്‍സാണ് ഓവറില്‍ വിട്ടുകൊടുത്തത്. ക്രീസിലുണ്ടായിരുന്ന ഷാരൂഖ് ഖാനും സാം കറെനും ചേര്‍ന്ന് ചഹലിനെ ശരിക്കും പഞ്ഞിക്ക് ഇടുകയായിരുന്നു. ആദ്യ ബോളില്‍ ഫോറടിച്ചാണ് ചഹലിനെ ഷാരൂഖ് വരവേറ്റത്. അടുത്ത ബോളില്‍ ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ സിക്‌സര്‍. മൂന്നാമത്തെ ബോള്‍ വൈഡ്.
അടുത്ത ബോളില്‍ സിംഗിളെടുത്ത് കറെനു ഷാരൂഖ് സ്‌ട്രൈക്ക് കൈമാറി. തുടര്‍ന്ന് കറെന്റെ ഊഴമായിരുന്നു. നാലാമത്തെ ബോളില്‍ കറെന്‍ സിക്‌സര്‍ പറത്തി. അടുത്ത ബോള്‍ ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ സിക്‌സര്‍. പകരക്കാരനായി ഇറങ്ങിയ ഡൊണോവന്‍ ഫെരേര അവസാന ബോളില്‍ ക്യാച്ച് പാഴാക്കിയതോടെ ബൗണ്ടറിയും പഞ്ചാബിനു ലഭിച്ചു.
സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനായിരുന്നു അവസാനത്തെ ഓവര്‍. ആദ്യ ബോളില്‍ ഷാരൂഖ് ഖാന്‍ ബൗണ്ടറി പായിച്ചു. അടുത്ത ബോളില്‍ റണ്ണില്ല. മൂന്നാമത്തെ ബോളില്‍ ഡബിള്‍. നാലാമത്തെ ബോള്‍ ഷാരൂഖ് പുള്‍ ഷോട്ടിലൂടെ സിക്‌സര്‍ പായിച്ചു. അഞ്ചാമത്തെ ബോള്‍ ഫ്‌ളിക്ക് ചെയ്ത് താരം ബൗണ്ടറിയും നേടി. അവസാനത്തെ ബോളില്‍ സിംഗിള്‍. ഈ ഓവറില്‍ 18 റണ്‍സ് പഞ്ചാബ് സ്‌കോര്‍ ചെയ്യുകയും ചെയ്തു.