മൊഹാലി: നീണ്ട ഇടവേളയ്ക്കുശേഷം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ നായകസ്ഥാനത്തേക്കുള്ള മടങ്ങിവരവ് ഗംഭീര വിജയത്തോടെ ആഘോഷിച്ചിരിക്കുകയാണ് വിരാട് കോലി. സ്ഥിരം നായകന്‍ ഫഫ് ഡുപ്ലെസി ബാറ്റിങില്‍ മാത്രം ഇംപാക്ട് പ്ലെയറായി ഇറങ്ങിയപ്പോള്‍ ടീമിനെ നയിക്കാനുള്ള ദൗത്യം കോലിക്കായിരുന്നു. അദ്ദേഹം അതു അവിസ്മരണീയമാക്കുകയും ചെയ്തു. കോലി ക്യാപ്റ്റനായതിന്റെ ആവേശം ടീമില്‍ അടിമുടി കാണാമായിരുന്നു. ബൗളിങിലും ഫീല്‍ഡിങിലുമെല്ലാം അവര്‍ മികച്ചുനിന്നു.
24 റണ്‍സിന്റെ വിജയമാണ് പഞ്ചാബിനെതിരേ അവരുടെ മൈതാനത്തു ആര്‍സിബി സ്വന്തമാക്കിയത്. 175 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് പഞ്ചാബിനു മുന്നില്‍ വച്ചത്. പക്ഷെ പവര്‍പ്ലേയില്‍ തന്നെ നാലു വിക്കറ്റ് പിഴുത് പഞ്ചാബിനെ ആര്‍സിബി മൂക്കുകയറിട്ടു. എന്നാല്‍ വാലറ്റത്ത് ജിതേഷ് ശര്‍മയുടെ (41) പ്രകടനം പഞ്ചാബിനു വിജയപ്രതീക്ഷ നല്‍കിയിരുന്നു. പക്ഷെ ജിതേഷ് പുറത്തായതോടെ അതു അസ്തമിക്കുകയും ചെയ്തു. 18.2 ഓവറില്‍ 150ന് പഞ്ചാബ് കൂടാരം കയറി. സ്‌കോര്‍: ബാംഗ്ലൂര്‍ നാലിന് 174, പഞ്ചാബ് 18.2 ഓവറില്‍ 150ന് പുറത്ത്.

റണ്‍ചേസില്‍ പഞ്ചാബിനെ പവര്‍പ്ലേയില്‍ തകര്‍ത്തത് മുഹമ്മദ് സിറാജായിരുന്നു. രണ്ടു വിക്കറ്റുകള്‍ പിഴുത അദ്ദേഹം ഒരു റണ്ണൗട്ടും നടത്തി. അതര്‍വ ടെയ്‌ഡെയെ (4) വിക്കറ്റിനു മുന്നില്‍ കുരുക്കി രണ്ടാമത്തെ ബോളില്‍ തന്നെ സിറാജ് പഞ്ചാബിനെ ഞെട്ടിച്ചിരുന്നു. മാത്യു ഷോര്‍ട്ടിനെ (8) മൂന്നാം ഓവറിലെ ആദ്യ ബോളില്‍ വനിന്ദു ഹസരംഗ ക്ലീന്‍ ബൗല്‍ഡാക്കി.
അപകടകാരിയായ ലിയാം ലിവിങ്സ്റ്റണിനെ (2) സിറാജ് വിക്കറ്റിനു മുന്നില്‍ കുരുക്കി. പവര്‍പ്ലേ തീരാന്‍ മൂന്നു ബോളുകള്‍ ശേഷിക്കെ ഹര്‍പ്രീത് സിങിനെ (13) സിറാജ് നേരിട്ടുള്ള ത്രോയിലൂടെ റണ്ണൗട്ടാക്കിയതോടെ പഞ്ചാബ് നാലിനു 43 റണ്‍സിലേക്കു വീണു. ഓപ്പണര്‍ പ്രഭ്‌സിമ്രന്‍ സിങ് 46 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 30 ബോളുകള്‍ നേരിട്ട താരം നാലു സിക്‌സറും മൂന്നു ഫോറുമടിച്ചു. 27 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമടക്കമാണ് ജിതേഷ് 41 റണ്‍സ് നേടിയത്. നാലു വിക്കറ്റെുത്ത സിറാജാണ് പഞ്ചാബിനെ തകര്‍ത്തത്. വനിന്ദു ഹസരംഗയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.
നേരത്തേ ഡുപ്ലെസിയുടെയും (84) കോലിയുടെയും (59) തകര്‍പ്പന്‍ ഫിഫ്റ്റികളാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്നിങ്‌സിനു അടിത്തറയിട്ടത്. ഈ സീസണില്‍ ആറു ഇന്നിങ്‌സുകളില്‍ നിന്നും ഡുപ്ലെസിയുടെ നാലാം ഫിഫ്റ്റിയാണിത്. 56 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇ്ന്നിങ്‌സില്‍ അഞ്ചു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഇതോടെ സീസണില്‍ 300 പ്ലസ് റണ്‍സ് പൂര്‍ത്തിയാ്ക്കിയ ഡുപ്ലെസി ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും കൈക്കലാക്കി.
47 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടക്കമാണ് കോലി 59 റണ്‍സ് അടിച്ചെടുത്തത്. ഇവരെ മാറ്റി നിര്‍ത്തിയാല്‍ ആര്‍സിബി നിരയില്‍ ആരും രണ്ടക്കത്തില്‍ എത്തിയില്ല. ഗ്ലെന്‍ മാക്‌സ്വെല്‍ (0), ദിനേശ് കാര്‍ത്തിക് (7), മഹിപാല്‍ ലൊറോര്‍ (7*), ഷഹബാസ് അഹമ്മദ് (5*) എന്നിങ്ങനെയായിരുന്നു മറ്റുളളവരുടെ സ്‌കോറുകള്‍.

ഓപ്പണിങ് വിക്കറ്റില്‍ ഡുപ്ലെസി- കോലി സഖ്യം 97 ബോളില്‍ അടിച്ചെടുത്തത് 137 റണ്‍സായിരുന്നു. ഒരു ഘട്ട്ത്തില്‍ 200 പ്ലസ് റണ്‍സെങ്കിലം ആര്‍സിബി നേടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോലി- ഡുപ്ലെസി സഖ്യം വേര്‍പിരിഞ്ഞ ശേഷം അവരുടെ സ്‌കോറിങിനു വേഗത കുറയുകയായിരുന്നു. ഡെത്ത് ഓവറുകളില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്ത പഞ്ചാബ് ബൗളര്‍മാരും അവര്‍ക്കു കാര്യങ്ങള്‍ ദുഷ്‌കരമാക്കി. പഞ്ചാബിനു വേണ്ടി സ്പിന്നര്‍ ഹര്‍പ്രീത് ബ്രാര്‍ രണ്ടു വിക്കറ്റുകളെടുത്തു. അര്‍ഷ്ദീപ് സിങിനും നതാന്‍ എല്ലിസിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു. ടോസ് ലഭിച്ച പഞ്ചാബിന്റെ താല്‍ക്കാലിക ക്യാപ്റ്റന്‍ സാം കറെന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
പഞ്ചാബ് കിങ്‌സ്- അതര്‍വ ടെയ്ഡ്, മാത്യു ഷോര്‍ട്ട്, ഹര്‍പ്രീത് സിങ്, ലിയാം ലിവിങ്സ്റ്റണ്‍, സാം കറെന്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, നതാന്‍ എല്ലിസ്, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിങ്.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോലി (ക്യാപ്റ്റന്‍), ഫഫ് ഡുപ്ലെസി, മഹിപാല്‍ ലൊംറോര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), വനിന്ദു ഹസരംഗ, സുയാഷ് പ്രഭേദശായ്, ഹര്‍ഷല്‍ പട്ടേല്‍, വെയ്ന്‍ പാര്‍നല്‍, മുഹമ്മദ് സിറാജ്.