മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഓരോ ഐപിഎല്‍ സീസണും നിരവധി പ്രതിഭകളെ ലോക ക്രിക്കറ്റിന് സമ്മാനിച്ചാണ് കളമൊഴിയുന്നത്. ഇത്തവണത്തെ ഐപിഎല്ലിലും നിരവധി യുവതാരങ്ങള്‍ മികവ് കാട്ടി വളര്‍ന്നുവരുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവിയിലേക്ക് വലിയ പ്രതീക്ഷ തരുന്ന നിരവധി താരങ്ങള്‍ ഇത്തവണത്തെ സീസണിലുടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
വിരാട് കോലി, സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ എന്നിവരെല്ലാം കളമൊഴിയുമ്പോള്‍ തല്‍സ്ഥാനത്തേക്ക് വളര്‍ന്നുവരാന്‍ കഴിവുള്ള നിരവധി താരങ്ങള്‍ ഇപ്പോഴുണ്ട്. ശുബ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക് വാദ്, യശ്വസി ജയ്‌സ്വാള്‍ എന്നിവരെല്ലാം അടുത്ത സൂപ്പര്‍ താരങ്ങളായി വളര്‍ന്നുവരാന്‍ സാധ്യതയുള്ള താരങ്ങളാണ്. ഇപ്പോഴിതാ ഐപിഎല്ലിലെ അടുത്ത ഇതിഹാസമായി വരാന്‍ സാധ്യതയുള്ള താരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് ഷെയ്ന്‍ വാട്‌സണ്‍.

ശുബ്മാന്‍ ഗില്ലിനെയും യശ്വസി ജയ്‌സ്വാളിനെയും റുതുരാജ് ഗെയ്ക് വാദിനെയും തിലക് വര്‍മയേയുമെല്ലാം ഒഴിവാക്കിയ ഷെയ്ന്‍ വാട്‌സണ്‍ മുംബൈ ഇന്ത്യന്‍സിന്റെ ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെയാണ് ഐപിഎല്ലിലെ അടുത്ത ഇതിഹാസമെന്ന് വാട്‌സണ്‍ വിലയിരുത്തുന്നത്. ജിയോ സിനിമയിലെ ചോദ്യത്തോട് പ്രതികരിക്കവെയാണ് ഐപിഎല്ലിലെ അടുത്ത ഇതിഹാസമായി ഗ്രീനിനെ വാട്‌സണ്‍ തിരഞ്ഞെടുത്തത്.
പേസ് ഓള്‍റൗണ്ടറായ ഗ്രീന്‍ സീസണില്‍ ഭേദപ്പെട്ട പ്രകടനം മാത്രമാണ് കാഴ്ചവെച്ചത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെക്കാനും ഗ്രീനിന് സാധിച്ചില്ല. ശരാശരി താരമെന്ന് മാത്രമെ ഗ്രീനിന്റെ ഇതുവരെയുള്ള പ്രകടനത്തെ വിലയിരുത്താനാവു. എന്നാല്‍ അരങ്ങേറ്റ സീസണെന്ന നിലയില്‍ ഗ്രീനിന്റെ പ്രകടനം ഭേദപ്പെട്ടതാണ്. ഭാവിയില്‍ സൂപ്പര്‍ താരപദവിയിലേക്ക് വളകാന്‍ പ്രതിഭയുള്ള താരമാണ് ഗ്രീന്‍.
എന്നാല്‍ അടുത്ത ഇതിഹാസമെന്ന നിലയിലേക്ക് ഗ്രീനിനെ വളര്‍ത്താനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. 17.50 കോടിക്കാണ് മുംബൈ ഗ്രീനിനെ സ്വന്തമാക്കിയത്. എന്നാല്‍ ഈ പ്രതിഫലത്തിനുള്ള പ്രകടനം നടതത്തിയിട്ടില്ല. 13 മത്സത്തില്‍ നിന്ന് 281 റണ്‍സാണ് താരം നേടിയത്. 40ന് മുകളില്‍ ശരാശരിയുള്ള താരത്തിന് 146.35 സ്‌ട്രൈക്കറേറ്റുമുണ്ട്. എന്നാല്‍ അടുത്ത ഇതിഹാസമെന്ന തലത്തിലേക്ക് വളരാന്‍ ഗ്രീനിന് സാധിക്കുമോയെന്നത് കണ്ടറിയണം.

എന്നാല്‍ ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ എന്നിവരെല്ലാം അടുത്ത സൂപ്പര്‍ താരങ്ങളായി മാറാന്‍ സാധ്യതയുള്ളവരാണെന്ന് പറയാം. 13 മത്സത്തില്‍ നിന്ന് 576 റണ്‍സാണ് ഗില്‍ നേടിയത്. 48 ശരാശരിയിലും 146.19 സ്‌ട്രൈക്കറേറ്റിലുമാണ് താരത്തിന്റെ പ്രകടനം. നാല് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യക്കായി ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടി20യില്‍ സെഞ്ച്വറിയും ഗില്‍ നേടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ താരത്തില്‍ വലിയ പ്രതീക്ഷയുണ്ട്.
രാജസ്ഥാന്‍ റോയല്‍സ് ഇടം കൈയന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളും തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. 13 മത്സരത്തില്‍ നിന്ന് 575 റണ്‍സാണ് അദ്ദേഹം നേടിയത്. 47.92 ശരാശരിയും 166ന് മുകളില്‍ സ്‌ട്രൈക്കറേറ്റും ജയ്‌സ്വാളിനുണ്ട്. അധികം വൈകാതെ താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയുറപ്പാണ്. സെഞ്ച്വറിയടക്കം നേടാന്‍ താരത്തിന് സാധിച്ചു. തിലക് വര്‍മ സീസണില്‍ ഗംഭീരമായി തുടങ്ങിയെങ്കിലും പരിക്ക് വില്ലനായതോടെ മത്സരങ്ങള്‍ നഷ്ടമായി.
മുംബൈ പ്ലേ ഓഫിലെത്തിയാല്‍ തിലക് പ്ലേയിങ് 11ലേക്ക് തിരിച്ചെത്തിയേക്കും. നിലവില്‍ താരം വിശ്രമത്തിലാണ്. ഇവരെല്ലാം അനുഭവസമ്പന്നരായി മാറുന്നതോടെ സൂപ്പര്‍ താരപദവിയിലേക്കെത്താനും സാധ്യത കൂടുതലാണ്. ഗ്രീനും ടിം ഡേവിലുമെല്ലാം കറെന്‍ പൊള്ളാര്‍ഡ്, ഡ്വെയ്ന്‍ ബ്രാവോ എന്നിവരുടെ നിലവാരത്തിലേക്കുയരാന്‍ സാധ്യത കുറവാണെന്ന് പറയാം.