ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരവും അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇതിഹാസവുമാണ് വിരാട് കോലി. തൊട്ടതെല്ലാം പോന്നാക്കുന്ന മാന്ത്രിക ബാറ്റ്‌സ്മാന്‍. ഇന്ത്യക്കായി നേടുയെടുത്ത എണ്ണിയാലൊടുങ്ങാത്ത റെക്കോഡുകള്‍ കൂടാതെ ഐപിഎല്ലിലും വമ്പന്‍ നേട്ടങ്ങള്‍ കോലിക്ക് അവകാശപ്പെടാനാവും. കോലിയുടെ ജഴ്‌സി നമ്പര്‍ 18 ആണ്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 10ാം നമ്പര്‍ ജഴ്‌സി പോലയും ധോണിയുടെ ഏഴാം നമ്പര്‍ ജഴ്‌സി പോലെയും 18ാം നമ്പറും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്.
ആര്‍സിബിയിലും ഇന്ത്യന്‍ ടീമിലും 18ാം നമ്പര്‍ ജഴ്‌സിയിലാണ് കോലി കളിക്കാനിറങ്ങുന്നത്. ഇപ്പോഴിതാ 18ാം നമ്പര്‍ ജഴ്‌സിക്ക് പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് വിരാട് കോലി. 18ാം നമ്പര്‍ തിരഞ്ഞെടുത്തത് ഭാഗ്യ നമ്പറായതുകൊണ്ടോ ഭാഗ്യ ദിനമായതുകൊണ്ടോയല്ല. മറിച്ച് ഏറ്റവും നിരാശയുള്ള ദിനത്തിന്റെ ഓര്‍മയുടെ ഭാഗമായാണ് 18ാം നമ്പര്‍ അണിയുന്നതെന്നാണ് കോലി വെളിപ്പെടുത്തിയത്.

'അണ്ടര്‍ 19 ലോകകപ്പിലാണ് 18ാം നമ്പര്‍ ജഴ്‌സി ആദ്യമായി അണിയുന്നത്. അന്ന് ചോദിക്കാതെ തന്നെ എനിക്ക് ലഭിച്ച നമ്പറായിരുന്നു ഇത്. സാധാരണ ഒരു ജഴ്‌സി നമ്പര്‍ മാത്രമായിരുന്നു അന്നത്. എന്നാല്‍ പിന്നീടത് ജീവിതത്തിലെ പ്രധാന നമ്പറായി അത് മാറി. ഇന്ത്യക്കായി ഞാന്‍ അരങ്ങേറിയത് 2008 ആഗസ്റ്റ് 18നാണ്. 2006 ഡിസംബര്‍ 18നാണ് എന്റെ പിതാവ് മരണപ്പെട്ടത്. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് സംഭവങ്ങള്‍ നടന്നത് 18ാം തീയ്യതിയാണ്'- കോലി പറഞ്ഞു.
കോലി ആഭ്യന്തര ക്രിക്കറ്റ് കളിക്കവെയാണ് അദ്ദേഹത്തിന്റെ പിതാവ് മരണപ്പെടുന്നത്. അച്ഛന്റെ മരണ വാര്‍ത്തയ്ക്കിടയിലും കളി പൂര്‍ത്തിയാക്കാന്‍ കോലി തയ്യാറായി. കൂടാതെ ചടങ്ങുകള്‍ക്ക് ശേഷം ടീമിലേക്ക് വളരെ പെട്ടെന്ന് അദ്ദേഹം മടങ്ങിയെത്തുകയും ചെയ്തു. കോലിയെ വലിയ ക്രിക്കറ്റ് താരമായി കാണണമെന്ന് കൂടുതല്‍ ആഗ്രഹിച്ചത് അദ്ദേഹത്തിന്റെ പിതാവായിരുന്നു. എന്നാല്‍ അതിന് മുമ്പുതന്നെ അദ്ദേഹം മരണപ്പെട്ടു.
അച്ഛന്റെ ഓര്‍മകള്‍ എപ്പോഴും മനസില്‍ കൊണ്ടുനടക്കുന്നയാളാണ് കോലി. പലപ്പോഴും അത് അദ്ദേഹം പങ്കുവെക്കാറുമുണ്ട്. അച്ഛന്റെ ഓര്‍മകളുടെ ഭാഗമായാണ് 18ാം നമ്പര്‍ ജഴ്‌സിയെ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നാണ് കോലി പറഞ്ഞിട്ടുള്ളത്. പലപ്പോഴും കോലി സെഞ്ച്വറി, വിജയ ആഘോഷങ്ങള്‍ നടത്തുമ്പോള്‍ തന്റെ 18ാം നമ്പര്‍ ജഴ്‌സി ചൂണ്ടിക്കാട്ടാറുണ്ട്. ഇതിന് കാരണം അച്ഛന്റെ ഈ ഓര്‍മകള്‍ തന്നെയാണ്.

യാദൃശ്ചികമായി 18ാം നമ്പര്‍ ജഴ്‌സി കോലിക്ക് ലഭിച്ചതാണെങ്കിലും പിന്നീടത് അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണ്ണായക ഘടകമായി മാറുകയായിരുന്നു. ഇപ്പോള്‍ 18ാം നമ്പര്‍ ജഴ്‌സി കോലിക്ക് ക്രിക്കറ്റോളം തന്നെ പ്രിയപ്പെട്ടതാണെന്ന് പറയാം. മോശം ഫോമിനെത്തുടര്‍ന്ന് ഏറെ നാളുകള്‍ പ്രയാസപ്പെട്ട കോലി പിന്നീടിപ്പോള്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തുന്നത്. ടി20യിലടക്കം സെഞ്ച്വറി നേടാന്‍ കോലിക്കായി.
ഐപിഎല്ലിന്റെ 16ാം സീസണിലും ഉജ്ജ്വല ഫോമിലാണ് കളിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നിര്‍ണ്ണായക മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ കോലി തിളങ്ങിയിരുന്നു. താരത്തിന്റെ ഐപിഎല്ലിലെ ആറാം സെഞ്ച്വറിയാണിത്. ഈ സീസണില്‍ 13 മത്സരത്തില്‍ നിന്ന് 538 റണ്‍സ് കോലി നേടിക്കഴിഞ്ഞു. 6 ഫിഫ്റ്റിയും 1 സെഞ്ച്വറിയും ഉള്‍പ്പെടുന്നതാണ് കോലിയുടെ ഈ സീസണിലെ പ്രകടനം.
കോലിയുടെ ഈ സീസണിലെ സ്‌ട്രൈക്കറേറ്റിനെതിരേ വിമര്‍ശനം ശക്തമായി ഉയര്‍ന്നുവരവെയാണ് തകര്‍പ്പന്‍ സെഞ്ച്വറിയോടെ അദ്ദേഹം വിമര്‍ശകരുടെ വായടപ്പിച്ചത്. ഈ വര്‍ഷം ഏകദിന ലോകകപ്പും 2024ല്‍ ടി20 ലോകകപ്പും നടക്കാനിരിക്കെ കോലിയുടെ പ്രകടനം ഇന്ത്യക്കും വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഇതുവരെ ഐപിഎല്ലില്‍ കപ്പ് നേടാന്‍ സാധിച്ചില്ലെന്നതാണ് കോലിയുടെ കരിയറിലെ ഏക നാണക്കേട്. അതിന് ഇത്തവണ പരിഹാരം കാണാനാവുമോയെന്നത് കണ്ടറിയാം.