ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ വലിയ പ്രതീക്ഷ നല്‍കിയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്റെ തുടക്കം ഗംഭീരമായിരുന്നെങ്കിലും പിന്നീടങ്ങോട്ട് തീര്‍ത്തും നിരാശപ്പെടുത്തി. ഇതോടെ പ്ലേ ഓഫ് കാണാതെ ടീം പുറത്താവുകയും ചെയ്തു. നായകനെന്ന നിലയില്‍ സഞ്ജു സാംസണ്‍ അവസരത്തിനൊത്തുയര്‍ന്നില്ലെന്നതാണ് വസ്തുത.
പ്രധാനപ്പെട്ട മത്സരങ്ങളില്‍ യാതൊരു ഉത്തരവാദിത്തവും കാട്ടാന്‍ സഞ്ജുവിന് സാധിച്ചട്ടില്ല. ഇത് രാജസ്ഥാനെ പിന്നോട്ടടിക്കുന്നതിന് കാരണമായി. അതുകൊണ്ട് തന്നെ നായകസ്ഥാനത്ത് നിന്ന് സഞ്ജുവിനെ മാറ്റണമെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്. അജിന്‍ക്യ രഹാനെയേയും സ്റ്റീവ് സ്മിത്തിനെയും കൈവിട്ട രാജസ്ഥാന്‍ സഞ്ജുവിനെയും നായകസ്ഥാനത്ത് നിന്ന് മാറ്റാന്‍ മടികാട്ടിയേക്കില്ല.

എന്നാല്‍ പകരമാരെന്നത് പ്രസക്തമായ ചോദ്യമാണ്. ജോസ് ബട്‌ലറെന്ന ഉത്തരമാണ് പലരും നിര്‍ദേശിക്കുന്നത്. എന്നാല്‍ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടം ചൂടിച്ചതുകൊണ്ട് ഇന്ത്യന്‍ സാഹചര്യത്തില്‍ നടക്കുന്ന ഐപിഎല്ലില്‍ മികവ് കാട്ടാനാവുമെന്ന് വിലയിരുത്താനാവില്ല. ഇന്ത്യന്‍ പിച്ചുകളില്‍ കളിച്ച് വളര്‍ന്ന പ്രതിഭയുള്ള യുവതാരത്തെയാണ് രാജസ്ഥാന് ആവിശ്യം. അതുകൊണ്ട് തന്നെ നായകസ്ഥാനത്തേക്ക് യുവതാരത്തെയാണ് രാജസ്ഥാന്‍ പരിഗണിക്കേണ്ടത്.
നിലവിലെ സാഹചര്യത്തില്‍ രാജസ്ഥാന് പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് നായകന്മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ശുബ്മാന്‍ ഗില്ലിനെ ഒപ്പം കൂട്ടാന്‍ സാധിച്ചാല്‍ അതാവും രാജസ്ഥാന് ഏറ്റവും ഗുണം ചെയ്യുക. ബാറ്റ്‌സ്മാനെന്ന നിലയില്‍ മികവ് തെളിയിച്ച ഗില്ലിന് ഇനി ക്യാപ്റ്റന്‍സിയിലേക്ക് ചുവടുമാറ്റാവുന്നതാണ്. 23കാരനായ താരത്തിന് നായകസ്ഥാനത്തേക്ക് എത്താനുള്ള കൃത്യമായ സമയമാണിതെന്ന് പറയാം.
ഇന്ത്യയുടെ അണ്ടര്‍ 19, എ ടീം, ആഭ്യന്തര ക്രിക്കറ്റ് എന്നിവയിലൊന്നും നായകനായി പേരെടുക്കാനുള്ള അവസരം ഗില്ലിന് ലഭിച്ചിട്ടില്ല. എന്നാല്‍ പ്രതിഭാശാലിയായ യുവതാരത്തിന് നായകനെന്ന നിലയില്‍ വലിയ ഭാവി മുന്നിലുണ്ടെന്നുറപ്പ്. ഗുജറാത്തില്‍ നിന്നാല്‍ നായകനായി വളരാനാവാത്തതിനാല്‍ ഗില്‍ ടീം വിടാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കില്‍ രാജസ്ഥാന് നായകനായി പരിഗണിക്കാന്‍ സാധിക്കുന്ന ഏറ്റവും നല്ല താരം ഗില്ലാണ്.
രണ്ടാമത്തെ താരം പൃഥ്വി ഷായാണ്. ഈ സീസണില്‍ ഡല്‍ഹിക്കൊപ്പം താരം നിറം മങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഡല്‍ഹി പൃഥ്വിയെ കൈവിടാന്‍ സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ രാജസ്ഥാന് പൃഥ്വിയെ ടീമിലേക്കെത്തിക്കാന്‍ സാധിക്കും. യശ്വസി ജയ്‌സ്വാള്‍-പൃഥ്വി ഷാ ഓപ്പണിങ് കൂട്ടുകെട്ട് കളിക്കുമ്പോള്‍ ബട്‌ലറെ മൂന്നാം നമ്പറില്‍ കളിപ്പിക്കാം. പൃഥ്വി നായകസ്ഥാനത്ത് മികവ് തെളിയിച്ച കളിക്കാരനാണ്.

ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ച താരം ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ ക്യാപ്റ്റനാണ്. നായകനെന്ന നിലയില്‍ മികച്ച റെക്കോഡുകളും പൃഥ്വിക്ക് അവകാശപ്പെടാനാവും. ഈ സാഹചര്യത്തില്‍ രാജസ്ഥാന് പൃഥ്വിയെ നായകനാക്കിയാല്‍ സഞ്ജുവിന് ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കാനും സമ്മര്‍ദ്ദമില്ലാതെ കളിക്കാനുമാവും. നായകസ്ഥാനത്ത് പരിചയസമ്പന്നനായ പൃഥ്വിയെ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ബാധിക്കാനുള്ള സാധ്യതയും കുറവാണ്.
അതുകൊണ്ട് തന്നെ രാജസ്ഥാന്റെ നായകസ്ഥാനത്തേക്ക് പൃഥ്വിയെത്തുന്നത് ടീമിന് ഗുണം ചെയ്യാനാണ് സാധ്യത കൂടുതല്‍. മൂന്നാമത്തെ താരം ആന്‍ഡ്രേ റസലാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ നായകസ്ഥാനം ഏറെ ആഗ്രഹിച്ചിരുന്ന താരമാണ്. പല തവണ അദ്ദേഹമിത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ കെകെആര്‍ റസലിന് അവസരം നല്‍കിയിട്ടില്ല. കെകെആര്‍ റസലിനെ ഒഴിവാക്കാന്‍ സാധ്യത കൂടുതലാണ്.
രാജസ്ഥാന് മികച്ചൊരു ഓള്‍റൗണ്ടറെ മധ്യനിരയിലേക്കാവശ്യവുമാണ്. ജേസന്‍ ഹോള്‍ഡറെ ഒഴിവാക്കി റസലിനെ എത്തിക്കുകയും താരത്തിന് നായകസ്ഥാനം നല്‍കുകയും ചെയ്താല്‍ രാജസ്ഥാനത് ഗുണമായി മാറാന്‍ സാധ്യതയുണ്ട്. എന്തായാലും സഞ്ജുവിനെ നായകനാക്കി മുന്നോട്ട് പോകുന്നത് താരത്തിനും ടീമിനും ഗുണം ചെയ്യില്ലെന്ന കാര്യം ഉറപ്പാണ്.