ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ എല്ലാവരും ഉറ്റുനോക്കുന്ന താരമാണ് സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു അവസാന സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ചിരുന്നു. ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ജയിച്ചു തുടങ്ങിയ രാജസ്ഥാന് പക്ഷെ പഞ്ചാബ് കിങ്‌സിനോട് തോല്‍ക്കേണ്ടി വന്നു. രണ്ട് മത്സരത്തിലും സഞ്ജു തന്റെ ബാറ്റിങ് കരുത്തും തെളിയിച്ചു.
വിക്കറ്റ് കീപ്പറായും നായകനായുമെല്ലാം മികവ് കാട്ടുന്ന സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള സഞ്ജു ഏഷ്യാ കപ്പും ഏകദിന ലോകകപ്പും നടക്കാനിരിക്കെ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറായി വേണ്ടത് സഞ്ജുവല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് റിക്കി പോണ്ടിങ്.

ലോകകപ്പ് വരാനിരിക്കെ സഞ്ജുവിന് ലോകകപ്പ് ടീമില്‍ ഇന്ത്യ ഇടം നല്‍കില്ലെന്നും സഞ്ജുവിനെക്കാള്‍ പരിഗണന കെ എല്‍ രാഹുലിനും ഇഷാന്‍ കിഷനുമാണെന്നാണ് പോണ്ടിങ് അഭിപ്രായപ്പെടുന്നത്. 'ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ കെ എല്‍ രാഹുല്‍ തീര്‍ച്ചയായും ഉണ്ടാവും. ഒപ്പം ഇഷാന്‍ കിഷനും ടീമിലിടം നേടിയേക്കും. കാരണം ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന മുന്‍തൂക്കം അവനുണ്ട്.
റിഷഭ് പന്തിന്റെ അഭാവം ടീമിലുള്ളതിനാല്‍ സ്‌പെഷ്യലിസ്റ്റ് ഇടം കൈയന്‍ ബാറ്റ്‌സ്മാനെയാണ് ഇന്ത്യക്കാവശ്യം. അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയും ടീമിലുണ്ടെങ്കിലും ഇഷാനും പരിഗണിക്കപ്പെട്ടേക്കും. നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ഇഷാന്‍ കളിക്കാനാണ് സാധ്യത. മധ്യനിരയില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ അത്യാവശ്യമാണ്. രണ്ട് വിക്കറ്റ് കീപ്പര്‍ ഉറപ്പായും ടീമിലുണ്ടാവും.

ഇന്ത്യന്‍ ടീമിലത് കെ എല്‍ രാഹുലും ഇഷാന്‍ കിഷനുമായിരിക്കും'- റിക്കി പോണ്ടിങ് പറഞ്ഞു. എന്നാല്‍ സമീപകാലത്തെ ഇഷാന്റെ ബാറ്റിങ് പ്രകടനങ്ങളെല്ലാം ദുരന്തമായിരുന്നു. ബംഗ്ലാദേശിനെതിരേ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ശേഷം ഒരു മികച്ച പ്രകടനം പോലും താരം കാഴ്ചവെച്ചില്ല. മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായ ഇഷാന്‍ ആദ്യ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു.
കെ എല്‍ രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നായകനാണ്. ഇന്ത്യ ഏകദിനത്തില്‍ വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത് രാഹുലിനെയാണ്. ഏകദിനത്തില്‍ മധ്യനിരയിലാണ് രാഹുലിനെ ഇന്ത്യ കളിപ്പിക്കുന്നത്. ഓപ്പണറെന്ന നിലയില്‍ മോശമായതോടെയാണ് പുതിയ റോളില്‍ ഇന്ത്യ രാഹുലിനെ പരിഗണിക്കുന്നത്. ഇരുവരേക്കാളും മികവ് സമീപകാലത്തായി സഞ്ജു സാംസണ്‍ കാട്ടുന്നുണ്ടെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം.
ഏകദിനത്തില്‍ 66 ശരാശരിയുണ്ടായിട്ടും സഞ്ജു ടീമിന് പുറത്താണ്. ഇത്തവണത്തെ ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ടോപ് അഞ്ചിന്റെ ഉള്ളിലെത്താനായില്ലെങ്കില്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ഹൈദരാബാദിനെതിരേ ഫിഫ്റ്റി നേടിയ സഞ്ജു പഞ്ചാബിനെതിരേയും വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. ഈ മികവ് എത്ര മത്സരങ്ങളില്‍ തുടരാന്‍ അദ്ദേഹത്തിനാവുമെന്നതാണ് കണ്ടറിയേണ്ടത്.

സഞ്ജുവിന് മാച്ച് വിന്നറാവാന്‍ സാധിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. മികച്ച പ്രകടനം നടത്തുമെങ്കിലും ടീമിനെ ഒറ്റക്ക് ചുമലിലേറ്റി വിജയത്തിലേക്കെത്തിക്കുന്നതില്‍ സഞ്ജു പരാജയമാണ്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലും സഞ്ജുവിന്റെ ഈ ദൗര്‍ബല്യം കണ്ടതാണ്. മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി.
സഞ്ജു ഭാവിയില്‍ ഇന്ത്യയെ നയിക്കാന്‍ കെല്‍പ്പുള്ളവനാണെന്നാണ് എബി ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ലഭിക്കുന്ന അവസരങ്ങളെ പരമാവധി മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഐപിഎല്ലില്‍ ശരാശരി പ്രകടനം നടത്തിയാല്‍ സഞ്ജുവിന് ദേശീയ ടീമിലേക്ക് തിരിച്ചെത്താനാവില്ല. ഇത്തവണ അതിഗംഭീര പ്രകടനം നടത്താത്ത പക്ഷം സഞ്ജു ഇന്ത്യന്‍ ടീമിന് പുറത്ത് തുടര്‍ന്നേക്കും.