അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് കൊടിയിറങ്ങിയിരിക്കുകയാണ്. കരുത്തരായ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഇത്തവണ കിരീടം നേടിയത്. സിഎസ്‌കെയുടെ അഞ്ചാം ഐപിഎല്‍ കിരീടമാണിത്. മറ്റ് സീസണുകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ ഈ സീസണില്‍ കണ്ടു. കൂടുതല്‍ സെഞ്ച്വറികള്‍ പിറന്ന സീസണായും ഇത് മാറി.
16ാം സീസണ്‍ വിടപറയുമ്പോള്‍ സീസണിലെ ബെസ്റ്റ് ബാറ്റിങ് 11 പരിശോധിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക. പരിശോധിക്കാം. ഓപ്പണര്‍മാരായി ശുബ്മാന്‍ ഗില്ലിനും യശ്വസി ജയ്‌സ്വാളിനുമാണ് അവസരം. രണ്ട് പേരും റണ്‍വേട്ടക്കാരില്‍ ഇത്തവണ തിളങ്ങിയവരാണ്. ശുബ്മാന്‍ ഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം 17 മത്സരം കളിച്ച് 890 റണ്‍സ് നേടിയാണ് ഓറഞ്ച് ക്യാപ് നേടിയത്. 59.33 ശരാശരിയും 157ന് മുകളില്‍ സ്‌ട്രൈക്കറേറ്റുമുള്ള ഗില്‍ മൂന്ന് സെഞ്ച്വറിയും നാല് ഫിഫ്റ്റിയും നേടി.

യശ്വസി ജയ്‌സ്വാള്‍ 14 മത്സരത്തില്‍ നിന്ന് 625 റണ്‍സാണ് നേടിയത്. 48ന് മുകളില്‍ ശരാശരിയും 163ന് മുകളില്‍ സ്‌ട്രൈക്കറേറ്റും ജയ്‌സ്വാളിനുണ്ട്. സീസണിലെ എമര്‍ജിങ് പ്ലയര്‍ പുരസ്‌കാരം ജയ്‌സ്വാളിനാണ്. ഇത്തവണ രാജസ്ഥാന് പ്ലേ ഓഫിലെത്താന്‍ സാധിച്ചിരുന്നില്ല. അല്ലായിരുന്നെങ്കില്‍ ഇടം കൈയന്‍ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിന് വലിയ ഭീഷണിയായേനെ.
മൂന്നാം നമ്പറില്‍ വിരാട് കോലിക്കാണ് അവസരം. 14 മത്സരത്തില്‍ നിന്ന് 639 റണ്‍സ് നേടിയ കോലി രണ്ട് സെഞ്ച്വറിയും ആറ് ഫിഫ്റ്റിയും സീസണില്‍ സ്വന്തമാക്കി. 53ന് മുകളില്‍ ശരാശരിയിലാണ് കോലി തിളങ്ങിയത്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാണ് സീറ്റ്. 16 മത്സരത്തില്‍ നിന്ന് 605 റണ്‍സടിച്ച സൂര്യകുമാര്‍ 1 സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയുമാണ് നേടിയത്. 360 ഡിഗ്രി ഷോട്ടുകളുമായി ഇത്തവണയും വിസ്മയിപ്പിക്കാന്‍ സൂര്യകുമാറിന് സാധിച്ചു.
അഞ്ചാം നമ്പറില്‍ കാമറൂണ്‍ ഗ്രീനിന് അവസരം കൊടുക്കാം. 16 മത്സരത്തില്‍ നിന്ന് 452 റണ്‍സടിച്ച കാമറൂണ്‍ ഗ്രീനിന്റെ ശരാശരി 50ന് മുകളിലും സ്‌ട്രൈക്കറേറ്റ് 160ന് മുകളിലുമാണ്. ഒരു സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയും നേടിയ ഗ്രീന്‍ ബൗളിങ്ങിലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. മുംബൈയുടെ പ്ലേ ഓഫിലേക്കുള്ള കുതിപ്പില്‍ ഗ്രീനിന്റെ പ്രകടനം നിര്‍ണ്ണായകമായി.

ആറാം നമ്പറില്‍ ഫിനിഷര്‍ റോളില്‍ കെകെആറിന്റെ റിങ്കു സിങ്ങിനാണ് സ്ഥാനം. 14 മത്സരത്തില്‍ നിന്ന് 474 റണ്‍സ് നേടിയ റിങ്കുവിന്റെ ശരാശരി 59ന് മുകളിലും സ്‌ട്രൈക്കറേറ്റ് 149ന് മുകളിലുമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് ഭാവിയിലേക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമായി റിങ്കു സിങ് മാറിയിരിക്കുകയാണ്. അധികം വൈകാതെ ഇന്ത്യന്‍ ടീമില്‍ താരത്തിന് ഇടമുറപ്പ്.
വിക്കറ്റ് കീപ്പറായും ഫിനിഷറായും ഏഴാം നമ്പറില്‍ ഹെന്‍ റിച്ച് ക്ലാസനെ പരിഗണിക്കാം. 12 മത്സരത്തില്‍ നിന്ന് 448 റണ്‍സ് നേടിയ ക്ലാസന് 49ന് മുകളില്‍ ശരാശരിയും 177ന് മുകളില്‍ സ്‌ട്രൈക്കറേറ്റുമുണ്ട്. ഒരു സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയും ക്ലാസന്‍ സീസണില്‍ നേടിയിട്ടുണ്ട്. സഞ്ജു സാംസണ്‍, നിക്കോളാസ് പൂരന്‍ എന്നിവരെക്കാളൊക്കെ വിശ്വസ്തനാണ് ഹെന്‍ റിച്ച് ക്ലാസന്‍.
എട്ടാം നമ്പറില്‍ മാര്‍ക്കസ് സ്റ്റോയിണിസിനെ പരിഗണിക്കാം. 15 മത്സരത്തില്‍ നിന്ന് 408 റണ്‍സാണ് അദ്ദേഹം നേടിയത്. 31ന് മുകളില്‍ ശരാശരിയും 150ന് മുകളില്‍ സ്‌ട്രൈക്കറേറ്റും മാര്‍ക്കസ് സ്റ്റോയിണിസിനുണ്ട്. ഒമ്പതാം നമ്പറില്‍ രവീന്ദ്ര ജഡേജക്കാണ് സ്ഥാനം. 16 മത്സരത്തില്‍ നിന്ന് 190 റണ്‍സും 20 വിക്കറ്റുമാണ് ജഡേജ നേടിയത്. 10ാം നമ്പറില്‍ അക്ഷര്‍ പട്ടേലിനാണ് അവസരം. ഡല്‍ഹി ഓള്‍റൗണ്ടര്‍ ഇത്തവണ ബാറ്റുകൊണ്ട് തിളങ്ങി.
14 മത്സരത്തില്‍ നിന്ന് 283 റണ്‍സാണ് അക്ഷര്‍ നേടിയത്. 11 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 11ാമനായി സാം കറെനെ പരിഗണിക്കാം. 14 മത്സരത്തില്‍ നിന്ന് 276 റണ്‍സും 10 വിക്കറ്റുമാണ് താരം സീസണില്‍ നേടിയത്. ഈ പ്ലേയിങ് 11നാണ് സീസണിലെ സംതുലിതമായ ബാറ്റിങ് 11 എന്ന് വിലയിരുത്താം.
ബെസ്റ്റ് ബാറ്റിങ് 11- ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, റിങ്കു സിങ്, ഹെന്റിച്ച് ക്ലാസന്‍, മാര്‍ക്കസ് സ്‌റ്റോയിണിസ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, സാം കറെന്‍