മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരവോടെ ഓരോ സീസണിലും ശക്തമായ താരനിരയാണ് വളര്‍ന്നുവരുന്നത്. മികവ് കാട്ടി നിരവധി യുവതാരങ്ങളെത്തുന്നതോടെ പല സീനിയര്‍ താരങ്ങളും വഴിമാറിക്കൊടുക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് പറയാം. ഈ സീസണിലും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന നിരവധി യുവതാരങ്ങള്‍ വളര്‍ന്നുവന്നിട്ടുണ്ട്. 2024ലെ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന പ്രകടനമാണ് പല താരങ്ങളും കാഴ്ചവെക്കുന്നത്.
ഇന്ത്യയുടെ ടി20 ടീമില്‍ വലിയ അഴിച്ചുപണി തന്നെ നടക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്ത്യയുടെ പുതിയ ടി20 ടീം ട്രന്റിങ്ങായി മാറുകയാണ്. രോഹിത് ശര്‍മയും വിരാട് കോലിയും കെ എല്‍ രാഹുലുമൊന്നുമില്ലാത്തെ പുതിയ യുവത്വം നിറഞ്ഞ ടി20 ടീമാണ് വൈറലായി മാറുന്നത്. വരാന്‍ സാധ്യത വളരെ കുറവാണെങ്കിലും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്ന ഇന്ത്യയുടെ പുതിയ ടി20 ടീമില്‍ ആരൊക്കെയാണെന്ന് നോക്കാം.

ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലിനൊപ്പം യശ്വസി ജയ്‌സ്വാളിനാണ് സ്ഥാനം. രണ്ട് പേരും യുവപോരാളികളാണ്. കൂടാതെ അടിച്ചുകളിക്കാന്‍ ഭയമില്ലാത്ത ബാറ്റ്‌സ്മാന്‍മാരും. ഗില്‍ നിലയുറപ്പിച്ച് റണ്‍സുയര്‍ത്താന്‍ മിടുക്കുകാട്ടുമ്പോള്‍ ജയ്‌സ്വാള്‍ തല്ലിത്തകര്‍ക്കുന്ന താരമാണ്. ഈ സീസണില്‍ ഇതിനോടകം 500 ലധികം റണ്‍സ് നേടാന്‍ ജയ്‌സ്വാളിന് സാധിച്ചിട്ടുണ്ട്. ശുബ്മാന്‍ ഗില്ലും മോശമല്ല. രോഹിത് ശര്‍മ ടി20യില്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.
പ്രധാന പ്രശ്‌നം ഫിറ്റ്‌നസാണ്. പ്രായം തളര്‍ത്തുന്ന രോഹിത്ത് യുവതാരങ്ങള്‍ക്കായി വഴിമാറുന്നതാണ് നല്ലത്. മൂന്നാം നമ്പറില്‍ വിരാട് കോലിക്കും സീറ്റില്ല. ടി20യിലും കോലി ഗംഭീര റെക്കോഡിനുടമയാണെങ്കിലും സമീപകാലത്തായി സ്‌ട്രൈക്കറേറ്റ് മോശമാണ്. വിക്കറ്റ് പോകുമോയെന്ന ഭയമില്ലാതെ തകര്‍ത്തടിക്കാന്‍ കോലിക്ക് സാധിക്കുന്നില്ല. നിലവിലെ ടി20 ശൈലിയോട് പൊരുത്തപ്പെടാന്‍ കോലിക്ക് സാധിക്കുന്നില്ല. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവാണ് കളിക്കേണ്ടത്.
ഫോമിലേക്ക് തിരിച്ചെത്തിയ സൂര്യ ഒരുവശത്ത് തല്ലിത്തകര്‍ക്കുകയാണെന്ന് പറയാം. ഐപിഎല്ലിലെ കന്നി സെഞ്ച്വറിയും താരം കുറിച്ചു. സൂര്യയായിരിക്കും വരുന്ന ഇന്ത്യയുടെ ടി20 ടീമിന്റെ മുഖം. നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍ വേണ്ട. സൂപ്പര്‍ താരപദവിയുണ്ടെങ്കിലും മെല്ലപ്പോക്ക് ബാറ്റിങ് നടത്തുന്ന രാഹുലിനെ ഇനിയും പിന്തുണക്കുന്നത് ബുദ്ധിയല്ല. നാലാം നമ്പറില്‍ തിലക് വര്‍മക്കാണ് സ്ഥാനം. ഈ സീസണില്‍ മുംബെക്കൊപ്പം ശ്രദ്ധേയ പ്രകടനമാണ് താരം നടത്തിയത്.
ഒന്നോ രണ്ടോ ഓവര്‍ ഉയോഗിക്കാനും സാധിക്കുന്ന സ്പിന്നര്‍കൂടിയാണ് അദ്ദേഹം. അഞ്ചാം നമ്പറില്‍ സഞ്ജു സാംസണ്‍. ടീമിന്റെ വിക്കറ്റ് കീപ്പറും വൈസ് ക്യാപ്റ്റനും സഞ്ജുതന്നെ. സൂര്യകുമാറിനെ ഉപനായകസ്ഥാനം ഏല്‍പ്പിക്കാതെ തല്ലിത്തകര്‍ക്കാന്‍ സ്വാതന്ത്ര്യം നല്‍കാം. ആറാം നമ്പറില്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യ കളിക്കണം. വലിയ പ്രതീക്ഷ നല്‍കുന്ന സൂപ്പര്‍ നായകനാണ് ഹര്‍ദിക് പാണ്ഡ്യ.

ഏഴാം നമ്പറില്‍ റിങ്കു സിങ്ങിനെ പരിഗണിക്കണം. ഫിനിഷര്‍ റോളിലേക്ക് ഇന്ത്യക്ക് വിശ്വസ്തനായ താരത്തെ ആവിശ്യമാണ്. ഏറെ നാളുകളായി ഇന്ത്യ തേടുന്ന ചോദ്യത്തിന് ഉത്തരമായി റിങ്കു സിങ്ങിനെ പരിഗണിക്കണം. എട്ടാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി അക്ഷര്‍ പട്ടേല്‍ വരണം. രവീന്ദ്ര ജഡേജയെക്കാള്‍ നന്നായി സമീപകാലത്ത് അക്ഷര്‍ ബാറ്റ് ചെയ്യുന്നുണ്ട്. ഒമ്പതാം നമ്പറില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി യുസ് വേന്ദ്ര ചഹാലിനെ പരിഗണിക്കാം.
ഐപിഎല്ലില്‍ സ്ഥിരതയോടെ കളിക്കുകയും വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തെത്തുകയും ചെയ്തിട്ടും ഇന്ത്യ ഇതുവരെ ചഹാലിനെ ലോകകപ്പ് കളിപ്പിച്ചിട്ടില്ല. പേസര്‍മാരായി ആരൊക്കെ വേണമെന്നതാണ് മറ്റൊരു പ്രധാന ചോദ്യം. ജസ്പ്രീത് ബുംറക്ക് സ്ഥാനം ഉറപ്പുള്ളപ്പോള്‍ ഒപ്പം ആര് വേണമെന്നതാണ് തലപുകയ്ക്കുന്ന ചോദ്യം. മുഹമ്മദ് സിറാജാണ് ബെസ്‌റ്റെന്ന് പറയാം. പവര്‍പ്ലേയില്‍ വിക്കറ്റ് നേടാന്‍ കഴിവുള്ള സിറാജ് സമീപകാലത്തായി ബൗളിങ് വളരെ മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഇഷാന്‍ കിഷന്‍, ശിവം ദുബെ, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ് എന്നിവരെ ബാക്കപ്പ് താരങ്ങളായും പരിഗണിക്കാം. ഇംപാക്ട് നിയമം അധികം വൈകാതെ അന്താരാഷ്ട്ര ക്രിക്കറ്റിലും അവതരിപ്പിക്കപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.