മുംബൈ: ഐപിഎല്‍ 16ാം സീസണ്‍ 31ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണയും 10 ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റാണൊരുങ്ങുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് സിഎസ്‌കെയുമായാണ് ഏറ്റുമുട്ടുന്നത്. ഇത്തവണ ഐപിഎല്ലില്‍ പുതിയ വിജയികളുണ്ടാവുമോ അതോ മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ എന്നിവരിലൊരു ടീമിന്റെ ആധിപത്യം വീണ്ടും കാണുമോയെന്നെല്ലാം കണ്ടുതന്നെ അറിയേണ്ടതായുണ്ട്.

ടൂര്‍ണമെന്റിന് രണ്ട് ദിവസം മാത്രം ശേഷിക്കെ അവസാന ഘട്ട പടയൊരുക്കത്തിലാണ് ടീമുകള്‍. ഹോം ഗ്രൗണ്ട് മത്സരങ്ങള്‍ തിരിച്ചെത്തുന്നു, ഡിആര്‍എസില്‍ വൈഡ്, നോബോള്‍, ഇംപാക്ട് പ്ലയര്‍ തുടങ്ങി പല വമ്പന്‍ മാറ്റങ്ങളോടെയാണ് ഇത്തവണത്തെ ഐപിഎല്ലെത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ ആവേശവും ഇരട്ടിയായിരിക്കുമെന്നുറപ്പ്. ഇത്തവണ ധോണിയുടെ അവസാന ഐപിഎല്‍ സീസണാണ്. ഇതും 16ാം സീസണെ സവിശേഷമാക്കുന്നു.
ഒരു കാലത്ത് ധോണി അടക്കിഭരിച്ചിരുന്ന സിംഹാസനമായിരുന്നു ബെസ്റ്റ് ഫിനിഷര്‍. എന്നാല്‍ ഇപ്പോള്‍ ധോണിയുടെ കാലം കഴിഞ്ഞിരിക്കുന്നു. ധോണിയെക്കാള്‍ മിടുക്കുകാട്ടുന്ന ഫിനിഷര്‍മാര്‍ ഇത്തവണയുണ്ട്. 16ാം സീസണിലെ ബെസ്റ്റ് അഞ്ച് ഫിനിഷര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. മുംബൈ ഇന്ത്യന്‍സിന്റെ ടിം ഡേവിഡാണ് ഇതിലൊരാള്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് ഡേവിഡ്. ഇത്തവണ കറെന്‍ പൊള്ളാര്‍ഡിന് പകരം ഡേവിഡിന് അവസരം ലഭിച്ചേക്കും.

അവസാന സീസണിലൂടെത്തന്നെ തന്റെ വമ്പനടി ബാറ്റിങ് മികവ് കാട്ടിക്കൊടുക്കാന്‍ ഡേവിഡിനായി. ഇത്തവണ ഫിനിഷര്‍ റോളില്‍ കസറാന്‍ ശേഷിയുള്ളവനാണ് ഡേവിഡ്. ഈ സീസണില്‍ മുംബൈയുടെ ഫിനിഷര്‍ റോളില്‍ ഡേവിഡുണ്ടാവുമെന്നുറപ്പാണ്. മറ്റൊരു ഫിനിഷര്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഡേവിഡ് മില്ലറാണ്. അവസാന സീസണില്‍ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് മില്ലര്‍.

സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ മിടുക്കനായ മില്ലര്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നവനുമാണ്. ഇത്തവണയും മില്ലറുടെ ഫിനിഷിങ് മികവില്‍ ഗുജറാത്ത് വലിയ പ്രതീക്ഷവെക്കുന്നു. രാഹുല്‍ തെവാത്തിയയുടെ മികവും ഗുജറാത്തിന് വലിയ പ്രതീക്ഷ നല്‍കുന്നു. ആരും തിളങ്ങാത്ത സാഹചര്യങ്ങളില്‍ തിളങ്ങാന്‍ മില്ലറിന് മിടുക്കുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ ഷിംറോന്‍ ഹെറ്റ്‌മെയറാണ് ഈ പട്ടികയിലെ മൂന്നാമന്‍. രാജസ്ഥാന് വലിയ പ്രതീക്ഷയാണ് ഹെറ്റ്‌മെയറിലുള്ളത്.
ഭയമില്ലാതെ റണ്‍സുയര്‍ത്തുന്ന താരമാണ് ഹെറ്റ്‌മെയര്‍. ഫിനിഷിങ്ങില്‍ അസാധ്യ മികവുള്ള ഹെറ്റ്‌മെയര്‍ അവസാന സീസണില്‍ 314 റണ്‍സാണ് നേടിയത്. അതും 154 സ്‌ട്രൈക്കറേറ്റില്‍. ടി20 ഫോര്‍മാറ്റില്‍ വലിയ അനുഭവസമ്പത്തുള്ള താരം കൂടിയാണ് ഹെറ്റ്‌മെയര്‍. ഇത്തവണയും ശോഭിക്കാന്‍ സാധ്യത കൂടുതലാണ്. നാലാം നമ്പറില്‍ പഞ്ചാബ് കിങ്‌സിന്റെ ലിയാം ലിവിങ്സ്റ്റനാണ്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്ന താരമാണ് ലിവിങ്സ്റ്റണ്‍.
അതിദൂര സിക്‌സുകള്‍ നേടാന്‍ ലിവിങ്സ്റ്റണ്‍ മിടുക്കനാണ്. നിലയുറപ്പിച്ചാല്‍ ഏത് സാഹചര്യത്തിലും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ കരുത്തുള്ളവനാണ് ലിവിങ്സ്റ്റണെന്ന് പറയാം. ഡെത്ത് ഓവറുകളില്‍ 200ന് മുകളില്‍ സ്‌ട്രൈക്കറേറ്റുള്ള താരമാണ് ലിവിങ്സ്റ്റണ്‍. ഇത്തവണയും പഞ്ചാബിനൊപ്പം ശക്തമായ പ്രകടനങ്ങളുമായി ലിവിങ്സ്റ്റണെ പ്രതീക്ഷിക്കാം. ഒട്ടുമിക്ക ബൗളര്‍മാരും ഭയപ്പെടുന്ന ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ലിവിങ്സ്റ്റണ്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആന്‍ഡ്രേ റസലാണ് അഞ്ചാമന്‍. തന്റേതായ ദിവസം എത്ര പ്രയാസമുള്ള സ്‌കോറും നേടിയെടുക്കാന്‍ കരുത്തുള്ള താരമാണ് റസല്‍. ഉയര്‍ന്ന കായിക ക്ഷമതയെ കളത്തില്‍ നന്നായി പ്രയോജനപ്പെടുത്തുന്നവനാണ് റസല്‍. അതുകൊണ്ട് തന്നെ റസലിന്റെ ഫിനിഷിങ് മികവിനെ എല്ലാവരും ഭയക്കുന്നു. ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ കഴിവുള്ളവനാണ് റസല്‍. ഇത്തവണയും കെകെആര്‍ നിരയില്‍ ശക്തമായ സാന്നിധ്യമായി റസലുണ്ടാവും.
ആര്‍സിബിയുടെ ദിനേഷ് കാര്‍ത്തികിനെയും എഴുതിത്തള്ളാനാവില്ല. അവസാന ഓവറുകളില്‍ മത്സരഗതി മാറ്റാന്‍ കഴിവുള്ളവനാണ് റസലെന്ന് പറയാം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് മാര്‍ക്കസ് സ്റ്റോയിണിസിനെയാവും ഫിനിഷറായി പരിഗണിക്കുക. താരത്തിനും ഫിനിഷറെന്ന നിലയില്‍ മികച്ച റെക്കോഡുണ്ട്. ധോണി പരിശീലനത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. മത്സരത്തിലേക്കെത്തുമ്പോള്‍ പ്രകടനം എങ്ങനെയാവുമെന്ന് കണ്ടറിയാം.