ഐപിഎല്ലിന്റെ 16ാം സീസണിനു തിരശീല വീണതിനു പിന്നാലെ ടൂര്‍ണമെന്റിലെ ഏറ്റവും ശക്തമായ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് പ്രശസ്ത കമന്റേറ്ററും ആങ്കറുമായ ഹര്‍ഷ ഭോഗ്‌ലെ. ക്രിക്ക്ബസിനു വേണ്ടിയാണ് വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയവരില്‍ നിന്നും അദ്ദേഹം തന്റെ ഫേവറിറ്റുകള്‍ ആരൊക്കെയാണെന്നു പറഞ്ഞത്. ആരൊക്കെയാവണം ഓപ്പണര്‍മാര്‍? തിരഞ്ഞെടുക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണിത്. ആറു മികച്ച ഓപ്പണര്‍മാരെ വിവിധ ടീമുകളില്‍ ഇത്തവണ കാണാന്‍ കഴിഞ്ഞു.
ഇവരില്‍ നിന്നും എങ്ങനെയാണ് നിങ്ങള്‍ക്കു രണ്ടു പേരെ തിരഞ്ഞെടുക്കാന്‍ സാധിക്കുക? വളരെ കടുപ്പമാണത്. ശുഭ്മന്‍ ഗില്‍, ഫഫ് ഡുപ്ലെസി, വിരാട് കോലി, യശസ്വി ജയ്‌സ്വാള്‍, ഡെവന്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ് എന്നീ ആറു പേരാണ് ഓപ്പണര്‍മാരുടെ സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടത്. ഇവരില്‍ നിന്നും ഗില്‍, ജയ്‌സ്വാള്‍ എന്നിവരെയായിരിക്കും ഞാന്‍ തിരഞ്ഞെടുക്കുക.

മൂന്നാം നമ്പറില്‍ രണ്ടു പേരെയാണ് പരിഗണിച്ചത്. ഒരാള്‍ ഗ്ലെന്‍ മാക്‌സ്വെല്ലും മറ്റൊരാള്‍ കാമറൂണ്‍ ഗ്രീനുമാണ്. ഈ പൊസിഷനില്‍ മാക്‌സ്വെല്ലിനേക്കാള്‍ കൂടുതല്‍ റണ്‍സെടുത്തിരിക്കുന്നത് ഗ്രീനാണ്. ആറാമത്തെ ബൗളിങ് ഓപ്ഷനെ എനിക്കു ആവശ്യമാണ്. ഇവരില്‍ ഗ്രീനിനെക്കൊണ്ട് നാലോവറുകള്‍ ബൗള്‍ ചെയ്യിക്കാന്‍ കഴിയും. മാക്‌സി ഇപ്പോള്‍ അധികം ബൗള്‍ ചെയ്യാറില്ല. മൂന്നാം നമ്പറില്‍ സീസണ്‍ പുരോഗമിക്കവെ ഗ്രീന്‍ കൂടുകല്‍ കൂടുതല്‍ മെച്ചപ്പെട്ടു വരുന്നതാണ് കണ്ടത്. അതുകൊണ്ടു തന്നെ എന്റെ നമ്പര്‍ ത്രീ ഗ്രീനാണെന്നു ഹര്‍ഷ ഭോഗ്‌ലെ പറയുന്നു.
നാലാം നമ്പറിലേക്കു മല്‍സരമില്ല. തിരഞ്ഞെടുക്കാന്‍ ഏറ്റവും ഏറ്റവും എളുപ്പമുള്ള കാര്യമാണിത്. മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവാണ് നാലാം നമ്പറിലെത്തുക. അസാധാരണമായ സ്‌ട്രൈക്ക് റേറ്റോടെ അവിശ്വസനീയ ബാറ്റിങാണ് സൂര്യ ഈ സീസണില്‍ കാഴ്ചവച്ചത്. അഞ്ചും ആറും സ്ഥാനങ്ങളില്‍ ഒരു ഫിനിഷറെയും വിക്കറ്റ് കീപ്പറെയുമാണ് എനിക്കു ആവശ്യം.
ഇവരെ തിരഞ്ഞെടുക്കുമ്പോള്‍ മധ്യ ഓവറുകളില്‍ ഏറ്റവും നന്നായി ബാറ്റ് ചെയ്യുന്ന വിക്കറ്റ് കീപ്പര്‍ ആരാണെന്നാണ് ഞാന്‍ നോക്കിയത്. ഫിനിഷറുടെ കാര്യത്തിലാവട്ടെ ആര്‍ക്കാണ് ഏറ്റവും മികവെന്നും, അതോടൊപ്പം ഇടംകൈന്‍ ബാറ്ററെന്നതുമാണ് കണക്കിലെടുത്തത്. ഇലവനില്‍ കുറച്ചധികം വലംകൈയന്‍മാരുള്ളതിനെ തുടര്‍ന്നാണിത്.

ഹെന്‍ഡ്രിച്ച് ക്ലാസനെയാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ഞാന്‍ തിരഞ്ഞെടുത്തത്. ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി 191.30 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം ബാറ്റ് ചെയ്തിരുന്നു. ഇതു തീര്‍ച്ചയായും വളരെ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റാണ്. മധ്യഓവറുകളില്‍ ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ക്ലാസെനു സാധിക്കും. മധ്യനിരയില്‍ സൂര്യയും ക്ലാസെനും കളിക്കുന്നതോടെ അതു ബാറ്റിങിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും.
ഫിനിഷറുടെ സ്ഥാനത്തേക്കു ചില മല്‍സരാര്‍ഥികളുണ്ടെങ്കിലും ഞാന്‍ റിങ്കു സിങിനെയായിരിക്കും തിരഞ്ഞെടുക്കുക. ക്ലാസെനു പകരം നിക്കോളാസ് പൂരനെയും റിങ്കുവിന്റെ സ്ഥാനത്തു തിലക് വര്‍മയെയുമെല്ലാം എനിക്കു പരിഗണിക്കാമായിരുന്നു. പക്ഷെ ആറാം നമ്പറില്‍ റിങ്കു തന്നെയാണ് ഏറ്റവും നല്ല ഓപ്ഷനെന്നു ഞാന്‍ കരുതുന്നു.

ഏഴാംസ്ഥാനത്തുളളയാളെ തിരഞ്ഞെടുക്കുക വളരെ ബുദ്ധിമുട്ടാണ്. രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമായിരുന്നു ഓപ്ഷനുകള്‍. അക്ഷര്‍ കൂടുതല്‍ റണ്‍സെടുക്കുകയും ജഡേജ കൂടുതല്‍ വിക്കറ്റുകളെടുക്കുകയും ചെയ്തു. വിക്കറ്റുകള്‍ കണക്കിലെടുത്ത് ഞാന്‍ ജഡേജയെ ടീമിലേക്കു പരിഗണിക്കുമെന്നും ഹര്‍ഷ ഭോഗ്‌ലെ പറഞ്ഞു.
എട്ടാം സ്ഥാനത്തുളളയാളെ തിരഞ്ഞടുക്കുക വളരെ എളുപ്പമാണ്. റാഷിദ് ഖാനാണ് ഈ റോളില്‍ ഏറ്റവും മിടുക്കന്‍. അദ്ദേഹത്തോക്കാള്‍ മികച്ചൊരു താരത്തെ നിങ്ങള്‍ക്കു ഈ നമ്പറില്‍ ലഭിക്കാനുമില്ല. ടീമിലെ മൂന്നു ഫാസ്റ്റ് ബൗളര്‍മാരില്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായി മതീശ പതിരാനയെയും ഞാന്‍ തിരഞ്ഞെടുക്കും.
പവര്‍പ്ലേയില്‍ ഷമിയുടെ പ്രകടനം ഗംഭീരമായിരുന്നു. സിറാജാവട്ടെ ആര്‍സിബി ബൗളിങില്‍ മറ്റുള്ളവരില്‍ നിന്നെല്ലാം വേറിട്ടുനിന്നു. ഡെത്ത് ഓവറുകളില്‍ പതിരാനയുടെ പ്രകടനം ഉജ്ജ്വലമായിരുന്നുവെന്നും ഹര്‍ഷ ഭോഗ്‌ലെ കൂട്ടിച്ചര്‍ത്തു. ഇംപാക്ട് പ്ലെയേഴ്‌സായി ശിവം ദുബെ, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, മോഹിത് ശര്‍മ എന്നിവരെയും അദ്ദേഹം തിരഞ്ഞെടുത്തു.