ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സിഎസ്‌കെ ഫൈനല്‍ സീറ്റ് ഉറപ്പിച്ചപ്പോള്‍ എതിരാളി ആരാണെന്ന് ഇന്നറിയാം. തീപാറുന്ന ലീഗ് ഘട്ടത്തിനൊടുവില്‍ ഗുജറാത്ത് ടൈറ്റന്‍സ്, സിഎസ്‌കെ, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് പ്ലേ ഓഫ് ടിക്കറ്റെടുത്തത്. ഇതില്‍ ലഖ്‌നൗ എലിമിനേറ്ററില്‍ മുംബൈയോട് തോറ്റ് പുറത്തായി.
ഇപ്പോഴിതാ സീസണിലെ ബെസ്റ്റ് പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സിഎസ്‌കെയുടെ സൂപ്പര്‍ താരവുമായിരുന്ന സുരേഷ് റെയ്‌ന. എംഎസ് ധോണിയെ പരിഗണിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. സീസണില്‍ നായകനെന്ന നിലയില്‍ ധോണി കസറുമ്പോഴും അടുത്ത സുഹൃത്തായ റെയ്‌ന ബെസ്റ്റ് 11ലേക്ക് ധോണിയെ പരിഗണിച്ചില്ല.

ഓപ്പണര്‍മാരായി യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലുമാണുള്ളത്. രണ്ട് പേരും സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്നവരാണ്. ശുബ്മാന്‍ 15 മത്സരത്തില്‍ നിന്ന് 722 റണ്‍സാണ് നേടിയത്. ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ രണ്ട് തുടര്‍ സെഞ്ച്വറികളും സീസണില്‍ നേടി. ഇന്ത്യയുടെ അടുത്ത ഇതിഹാസമെന്ന നിലയിലേക്ക് വളരുന്ന താരമാണ് ഗില്‍. യശ്വസി ജയ്‌സ്വാള്‍ 14 മത്സരത്തില്‍ നിന്ന് 625 റണ്‍സാണ് നേടിയത്.
രാജസ്ഥാന്‍ റോയല്‍സിന്റെ ഇടം കൈയന്‍ ഓപ്പണര്‍ ഒരു സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയും നേടിയിരുന്നു. ഇന്ത്യക്കായി വൈകാതെ അരങ്ങേറ്റം കുറിക്കാന്‍ കഴിവുള്ള താരമാണ് ജയ്‌സ്വാള്‍. മൂന്നാം നമ്പറില്‍ വിരാട് കോലിക്കാണ് സ്ഥാനം. ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും 14 മത്സരത്തില്‍ നിന്ന് 639 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും.
മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവിനാണ് നാലാം നമ്പറില്‍ അവസരം. 15 മത്സരങ്ങളില്‍ നിന്ന് 544 റണ്‍സുമായി സീസണില്‍ മികച്ച ഫോമിലാണ് സൂര്യകുമാര്‍ യാദവ് കളിക്കുന്നത്. ഒരു സെഞ്ച്വറിയും നാല് ഫിഫ്റ്റിയും താരം നേടി. അഞ്ചാം നമ്പറില്‍ കെകെആറിന്റെ സൂപ്പര്‍ ഫിനിഷര്‍ റിങ്കു സിങ്ങിനാണ് അവസരം. ഗംഭീര പ്രകടനം നടത്തുന്ന റിങ്കു സീസണിലെ ബെസ്റ്റ് ഫിനിഷര്‍മാരിലൊരാളാണ്.
ഇന്ത്യക്കും പ്രതീക്ഷ നല്‍കുന്ന താരമായി റിങ്കു മാറിക്കഴിഞ്ഞു. ആറാം നമ്പറില്‍ വിക്കറ്റ് കീപ്പറായി നിക്കോളാസ് പുരാനാണ് അവസരം. സീസണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന പുരാന്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം ഇത്തവണ ബാറ്റിങ് വെടിക്കെട്ടാണ് കാഴ്ചവെച്ചത്. കുറവ് പന്തുകളില്‍ നിന്ന് അതിവേഗം റണ്‍സുയര്‍ത്താന്‍ പുരാന് സാധിച്ചു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ് ലഖ്‌നൗ പുറത്തായി.

ഏഴാമനായി ഹര്‍ദിക് പാണ്ഡ്യയാണുള്ളത്. ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഹര്‍ദിക് പാണ്ഡ്യയെയാണ് നായകസ്ഥാനത്തേക്ക് റെയ്‌ന പരിഗണിച്ചിരിക്കുന്നത്. അടുത്ത ഇന്ത്യന്‍ ടീം നായകനായി എത്താന്‍ കൂടുതല്‍ സാധ്യതയുള്ള താരമാണ് ഹര്‍ദിക് പാണ്ഡ്യ. എട്ടാം നമ്പറില്‍ രവീന്ദ്ര ജഡേജക്കാണ് അവസരം. സിഎസ്‌കെ സ്പിന്‍ ഓള്‍റൗണ്ടര്‍ മികച്ച പ്രകടനമാണ് സീസണില്‍ കാഴ്ചവെക്കുന്നത്.
ഒമ്പതാം നമ്പറില്‍ ഗുജറാത്ത് പേസര്‍ മുഹമ്മദ് ഷമിക്കാണ് സ്ഥാനം. വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്താണ് ഇത്തവണ ഷമിയുള്ളത്. ഇന്ത്യയുടെ ടി20 ടീമിന് പുറത്താണെങ്കിലും ഐപിഎല്‍ ഷമി സൂപ്പര്‍ താരമാണ്. 15 മത്സരത്തില്‍ നിന്ന് 26 വിക്കറ്റാണ് അദ്ദേഹം നേടിയത്. 10ാം നമ്പറില്‍ ആര്‍സിബിയുടെ മുഹമ്മദ് സിറാജിനാണ് അവസരം. 14 മത്സരത്തില്‍ നിന്ന് 19 വിക്കറ്റാണ് സിറാജ് നേടിയത്.
സ്പിന്നറായി രാജസ്ഥാന്‍ റോയല്‍സിന്റെ യുസ് വേന്ദ്ര ചഹാലിനെയാണ് പരിഗണിച്ചത്. 14 മത്സരത്തില്‍ നിന്ന് 21 വിക്കറ്റാണ് ചഹാല്‍ നേടിയത്. റിസര്‍വ് താരങ്ങളായി കാമറൂണ്‍ ഗ്രീന്‍, റുതുരാജ് ഗെയ്ക് വാദ്, ജിതേഷ് ശര്‍മ, മതീഷ പതിരണ, യാഷ് ഠാക്കൂര്‍ എന്നിവരെയും റെയ്‌നെ പരിഗണിച്ചു.