ഐപിഎല്ലില്‍ ഈ സീസണിലെ സര്‍പ്രൈസ് ക്യാപ്റ്റനാണ് ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ നിതീഷ് റാണ. സ്ഥിരം നായകന്‍ ശ്രേയസ് അയ്യര്‍ക്കു പരിക്കു കാരണം സീസണില്‍ നിന്നും പിന്‍മാറേണ്ടി വന്നതോടെ പുതിയ ക്യാപ്റ്റനെ തിരയേണ്ടി വരികയായിരുന്നു. പക്ഷെ റാണയ്ക്കായിരിക്കും നായകനായി നറുക്കുവീഴുകയെന്നു ആരും തന്നെ പ്രതീക്ഷിച്ചില്ല. അനുഭവസമ്പത്ത് കുറഞ്ഞ അദ്ദേഹത്തിനു ഈ ചുമതല നല്‍കിയപ്പോള്‍ പലരും സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ടീമിനെ ഭേദപ്പെട്ട നിലയില്‍ നയിച്ച് തന്റെ ക്യാപ്റ്റന്‍സി മിടുക്ക് തെളിയിച്ചിരിക്കുകയാണ് റാണ. മികച്ചൊരു ക്യാപ്റ്റന്‍ തന്നില്‍ ഒളിഞ്ഞു കിടക്കുന്നുണ്ടെന്നു അദ്ദേഹം കാണിച്ചു തരികയും ചെയ്തിരിക്കുകയാണ്. ടീമിനെ മുന്നില്‍ നിന്നു നയിക്കുന്ന, കളിക്കളത്തില്‍ ബോള്‍ഡായ തീരുമാനങ്ങളെടുക്കാന്‍ ശേഷിയുള്ള ക്യാപ്റ്റനാണ് റാണ. ബാറ്റിങിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനാവുന്നുണ്ട്.

13 മല്‍സങ്ങളില്‍ നിന്നും 405 റണ്‍സ് റാണ സ്‌കോര്‍ ചെയ്തു കഴിഞ്ഞു. ഓള്‍റൗണ്ടര്‍ കൂടിയായ അദ്ദേഹം തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കാവുന്നയാള്‍ കൂടിയാണ്. റാണയെ സ്‌പെഷ്യലാക്ക മാറ്റുന്ന മൂന്നു പ്രധാനപ്പെട്ട കഴിവുകള്‍ എന്തൊക്കെയാണെന്നു നോക്കാം. വളരെ പെട്ടെന്നു തീരുമാനങ്ങളെടുക്കാന്‍ സാധിക്കുന്നുവെന്നതാണ് ആദ്യത്തെ കഴിവായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കുക. ഐപിഎല്ലില്‍ ഇത്തവണ പല സന്ദര്‍ഭങ്ങളില്‍ റാണ ഇതു തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള അവസാനത്തെ മാച്ചില്‍ അദ്ദേഹം തന്റെ സ്പിന്നര്‍മാരെ ഉപയോഗിച്ച രീതി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മാത്രമല്ല മല്‍സരശേഷമുള്ള ചോദ്യങ്ങള്‍ക്കു വളരെ സത്യസന്ധമായി മറുപടി നല്‍കുന്ന, വളരെ കൂളായ വ്യക്തി കൂടിയാണ് റാണ. ഈ ഗുണങ്ങളെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു താരത്തെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്.
മുന്‍നിര ബാറ്റര്‍ മാത്രമല്ല സ്ഥിരമായി ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള ഓഫ് സ്പിന്നര്‍ കൂടിയാണെന്നതാണ് നിതീഷ് റാണയുടെ മറ്റൊരു കഴിവ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്തരം ഓള്‍റൗണ്ടര്‍മാരെയാണ് ഏതൊരും ടീമും ആഗ്രഹിക്കുന്നത്. സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന പിച്ചുകളില്‍ റാണയെ തീര്‍ച്ചയായും ടി20യില്‍ നാലോവറുകള്‍ ഏല്‍പ്പിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിനു വളരെയധികം ബാലന്‍സ് നല്‍കുകയും ചെയ്യും. ഈ സീസണില്‍ കെകആറിനായി റാണ അധികം ബൗള്‍ ചെയ്തിട്ടില്ല. എങ്കിലും മൂന്നു വിക്കറ്റുകള്‍ നേടാനായിട്ടുണ്ട്.

വളരെ മികവുളള മുന്‍നിര ബാറ്ററാണെന്നതാണ് നിതീഷ് റാണയുടെ മൂന്നാമത്തെ ഏറ്റവും വലിയ ഗുണമായി ചൂണ്ടിക്കാണിക്കാവുന്നത്. ഐപിഎല്ലില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കു വേണ്ടിയും സ്ഥിരയോടെ സ്‌കോര്‍ ചെയ്യാന്‍ ഇടംകൈയന്‍ ബാറ്റര്‍ക്കായിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയുടെ പൊസിഷനായ മൂന്നാം നമ്പറില്‍ റാണ മികച്ച ഓപ്ഷനായിരിക്കും.
നിലവില്‍ അധികം ഇടംകൈയന്‍മാര്‍ ടീമില്‍ ഇല്ലാത്തതും താരത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. നിലവില്‍ ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍മാരെ നന്നായി നേരിടാന്‍ ശേഷിയുള്ള ബാറ്റര്‍മാര്‍ കുറവാണ്. എന്നാല്‍ റാണയാവട്ടെ വളരെ അനായാസം സ്പിന്നര്‍മാര്‍ക്കെതിരേ സ്‌കോര്‍ ചെയ്യാനും മിടുക്കനാണ്. അതു മാത്രമല്ല സാഹചര്യം അനുസരിച്ച് ആങ്കറായും ഫിനിഷറായും വ്യത്യസ്ത ഘട്ടങ്ങളില്‍ ബാറ്റ് ചെയ്യാനുള്ള കഴിവും റാണയ്ക്കുന്നുണ്ട്.