മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് ഇന്ന് ആരംഭമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് നേരിടുന്നത്. ഇത്തവണ 10 ടീമുകളും ഒന്നിനൊന്ന് ശക്തമായതും പുതിയ നിയമങ്ങളുടെ കടന്നുവരവും ഐപിഎല്ലിനെ കൂടുതല്‍ ആവേശകരമാക്കുമെന്നുറപ്പ്.
എല്ലാ എതിരാളികളും ഭയക്കുന്ന ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് രോഹിത് ശര്‍മയെന്ന ബുദ്ധിമാനായ നായകനുമുണ്ട്. തകര്‍പ്പന്‍ താരനിരയുള്ള മുംബൈക്ക് അല്‍പ്പം ക്ഷീണം നല്‍കുന്നത് ജസ്പ്രീത് ബുംറയുടെ പരിക്കാണ്. മറ്റെല്ലാ തരത്തിലും ടീം അതിശക്തമാണ്.

ഇത്തവണ കിരീട സാധ്യതയില്‍ മുന്നിലുള്ള നിരയാണ് രോഹിത്തിന്റെ മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ ടീമിലെ സൂപ്പര്‍ താരങ്ങളുടെ ഫോം ആശങ്ക ഉയര്‍ത്തുന്നു. ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിന്റെ കിരീട സാധ്യതയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ്. 'ഇതൊരു വിചിത്രമായ വര്‍ഷമാണ്.
2019-2020ലും തുടര്‍ച്ചയായി കിരീടം നേടിയതാണ് വലിയ നേട്ടമായി കരുതുന്നത്. എംഎസ് ധോണിയെ കാണുമ്പോള്‍ പ്രത്യേകമായൊരു അനുഭൂതിയാണ്. ഇനിയും ഒരുപാട് മേഖലകള്‍ ഉപയോഗപ്പെടുത്തേണ്ടതായുണ്ട്. ആളുകള്‍ 360 ഡിഗ്രി താരമെന്ന് വിളിക്കുന്നത് കേള്‍ക്കാന്‍ ഇഷ്ടമാണ്. എപ്പോഴും വിജയത്തിനായാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ നിലവിലെ പദ്ധതികളിലൂടെ മുന്നോട്ട് പോവുകയാണ് പ്രധാനം.

ജിയോ മൂവീസിന്റെ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു സൂര്യകുമാറിന്റെ പ്രതികരണം. ഇത്തവണത്തെ ഐപിഎല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പോലെ തന്നെ സൂര്യകുമാറിനും വളരെ പ്രധാനപ്പെട്ടതാണ്. അവസാന മൂന്ന് ഏകദിനത്തിലും ഗോള്‍ഡന്‍ ഡെക്കെന്ന് വലിയ നാണക്കേടോടെയാണ് സൂര്യകുമാര്‍ യാദവ് ഐപിഎല്ലിനിറങ്ങുന്നത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഐപിഎല്ലില്‍ മികവ് കാട്ടി തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്.
അല്ലാത്ത പക്ഷം സൂര്യകുമാര്‍ യാദവിന് ഏകദിന ലോകകപ്പ് ടീമില്‍ ഇടം കണ്ടെത്തുക പ്രയാസമായിരിക്കുമെന്ന് പറയാം. രോഹിത് ശര്‍മക്കും ലോകകപ്പ് വരാനിരിക്കെ ഐപിഎല്ലില്‍ തിളങ്ങേണ്ടതായുണ്ട്. ഐപിഎല്ലിന് ശേഷം ഏഷ്യാ കപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഏകദിന ലോകകപ്പ് എന്നിവയെല്ലാം നടക്കാനുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ നായകന്‍ കൂടിയായ രോഹിത് ശര്‍മ ഐപിഎല്ലിലെ മുഴുവന്‍ മത്സരങ്ങളും കളിച്ചേക്കില്ലെന്നാണ് സൂചന.
അങ്ങനെ വന്നാല്‍ നായകസ്ഥാനം സൂര്യകുമാര്‍ യാദവിനാവും ലഭിക്കുക. രണ്ടോ മൂന്നോ മത്സരത്തില്‍ കൂടുതല്‍ രോഹിത് വിട്ടുനില്‍ക്കാന്‍ സാധ്യതയില്ലെന്നാണ് പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞത്. അവസാന സീസണില്‍ നിന്ന് വലിയ മാറ്റങ്ങള്‍ മുംബൈയുടെ പ്ലേയിങ് 11ലുണ്ടാവും. അതുകൊണ്ട് തന്നെ ഇത്തവണ പ്രകടനം എങ്ങനെയാവുമെന്ന് കണ്ടറിയാം. തോറ്റ് തുടങ്ങി കപ്പടിക്കുന്ന ശീലമുള്ളവരാണ് മുംബൈ. ഇത്തവണയും ആ മികവ് കാണാനാവുമെന്ന് പ്രതീക്ഷിക്കാം.

രണ്ട് പ്രധാന താരങ്ങളുടെ വരവാണ് മുംബൈയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്. ഒരാള്‍ കാമറൂണ്‍ ഗ്രീനും രണ്ടാമന്‍ ജോഫ്രാ ആര്‍ച്ചറുമാണ്. രണ്ട് പേരുടെയും പ്രകടനം മുംബൈയുടെ കിരീടം തീരുമാനിക്കപ്പെടുന്നതില്‍ നിര്‍ണ്ണായകമാവും. ബുംറയുടെ അഭാവം ആര്‍ച്ചര്‍ നികത്തുമെന്ന് പ്രതീക്ഷിക്കം. എന്നാല്‍ കറെന്‍ പൊള്ളാര്‍ഡിന്റെ പകരക്കാരനാവാന്‍ ടിം ഡേവിഡിന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. ഇഷാന്‍ കിഷന്‍ ഫോമിലേക്കെത്തേണ്ടതും മുംബൈക്ക് നിര്‍ണ്ണായകം.
മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന ദൗര്‍ബല്യം സ്പിന്‍ നിരയാണ്. പീയൂഷ് ചൗളയെ ഒപ്പം കൂട്ടിയെങ്കിലും വിശ്വസ്തനായ സ്പിന്നര്‍ ഇപ്പോഴുമില്ല. ചെന്നൈ പോലുള്ള സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മൈതാനങ്ങളില്‍ മുംബൈ പ്രയാസപ്പെടാന്‍ സാധ്യത കൂടുതല്‍. അവസാന മെഗാ ലേലത്തില്‍ വലിയ പൊളിച്ചെഴുത്ത് നടത്തിയ മുംബൈക്ക് ഇത്തവണ തിരിച്ചുവരാന്‍ ഒന്നില്‍ നിന്ന് തുടങ്ങേണ്ടതായുണ്ടെന്നതാണ് വസ്തുത.