മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഗംഭീര പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിരാശപ്പെടുത്തി പിന്നോട്ട് പോവുകയാണ് മുംബൈ ഇന്ത്യന്‍സ്. ആദ്യ രണ്ട് മത്സരത്തില്‍ തോറ്റ മുംബൈ പിന്നീട് മൂന്ന് തുടര്‍ ജയങ്ങള്‍ നേടിയെങ്കിലും അവസാന രണ്ട് മത്സരങ്ങള്‍ തോറ്റ് വീണ്ടും നിരാശപ്പെടുത്തുകയാണ്. മുംബൈ ഇന്ത്യന്‍സിന് ബാറ്റിങ്ങിലും ബൗളിങ്ങിലും പ്രശ്‌നങ്ങളേറെ.
മുംബൈ ടീമിലെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത പക്ഷം ടീമിന് പ്ലേ ഓഫ് പ്രതീക്ഷിക്കാനാവില്ല. മുംബൈ ടീമില്‍ നിന്ന് നിലവിലെ പ്രകടനം വിലയിരുത്തി ആരെയൊക്കെ പുറത്താക്കണം ? ആരെയൊക്കെ പ്ലേയിങ് 11 ഉള്‍പ്പെടുത്തണം. പാതി മത്സരങ്ങള്‍ പിന്നിട്ടതിനാല്‍ത്തന്നെ ഇനിയും പരീക്ഷണം നടത്തി സമയം കളയാനാവില്ല. മുംബൈയുടെ പല പ്രധാന താരങ്ങളും പരിക്കിന്റെ പിടിയിലാണെന്നതാണ്.

ടീമിലെ ശേഷിക്കുന്നവരില്‍ പരിഗണിക്കാന്‍ സാധിക്കുന്നവരെയെല്ലാം മുംബൈ ഇതിനോടകം പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ ബാക്കി. അവസാന പരീക്ഷണമെന്ന നിലയില്‍ മുംബൈക്ക് രണ്ട് മാറ്റങ്ങള്‍ക്കൂടി വരുത്താവുന്നതാണ്. അത് എന്തൊക്കെയാണെന്ന് നോക്കാം. പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് ഇഷാന്‍ കിഷനെ മാറ്റുകയെന്നതാണ്. മോശം ഫോമിലുള്ള ഇഷാന്‍ ടീമിനെയാകെ സമ്മര്‍ദ്ദത്തിലാക്കുന്നു.
ഓപ്പണറായി ഇറങ്ങുന്ന ഇഷാന്‍ പവര്‍പ്ലേയില്‍ മെല്ലപ്പോക്ക് ബാറ്റിങ് നടത്തി നിരാശപ്പെടുത്തുന്നു. ഗുജറാത്തിനെതിരേ 21 പന്തില്‍ 13 റണ്‍സാണ് ഇഷാന് നേടാനായത്. 200ന് മുകളില്‍ വിജയലക്ഷ്യം പിന്തുടരുമ്പോഴാണ് പവര്‍പ്ലേയിലെ ഇഷാന്‍ മുട്ടിക്കളി. തന്റേതായ ദിവസം മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിച്ച് കടന്നാക്രമിക്കാന്‍ ഇഷാന് കരുത്തുണ്ട്. എന്നാല്‍ സ്ഥിരതയില്ലാത്ത താരമാണെന്നതാണ് പ്രശ്‌നം.
നിലവിലെ ഫോം പരിഗണിച്ചാല്‍ ഇഷാനെ മുംബൈ പുറത്തിരുത്തണം. പകരം കേരളക്കാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വിഷ്ണു വിനോദിനെ പരിഗണിക്കാവുന്നതാണ്. സഞ്ജു സാംസണെപ്പോലെ തല്ലിത്തകര്‍ക്കാന്‍ കഴിവുള്ളവനാണ് വിഷ്ണു. എന്നാല്‍ ഇഷാനെപ്പോലെ അന്താരാഷ്ട്ര താരമല്ല. അതുകൊണ്ട് തന്നെ മുംബൈ പരിഗണിക്കാനും സാധ്യത കുറവ്. ഇഷാന്‍ മോശം ഫോമിലാണെങ്കിലും നായകന്‍ രോഹിത് ശര്‍മ ഇഷാനെ പിന്തുണച്ചേക്കും.

രോഹിത് ശര്‍മയും മോശം ഫോമില്‍ കളിക്കുന്ന സാഹചര്യത്തില്‍ ഇഷാനെ അദ്ദേഹം തഴയാന്‍ സാധ്യത കുറവ്. എന്നാല്‍ മുംബൈക്ക് പരീക്ഷിച്ചുനോക്കാവുന്ന കളിക്കാരനാണ് വിഷ്ണു. അണ്‍ക്യാപ്പഡ് താരങ്ങളില്‍ നിന്ന് അത്ഭുത പ്രകടനങ്ങള്‍ ഇതിന് മുമ്പ് ഐപിഎല്ലില്‍ കണ്ടിട്ടുള്ളതാണ്. ആഭ്യന്തര ക്രിക്കറ്റില്‍ അനുഭവസമ്പത്തുള്ള വിഷ്ണു ഈ സാഹചര്യത്തില്‍ അവസരം അര്‍ഹിക്കുന്നു.
മറ്റൊരു മലയാളിയായ സന്ദീപ് വാര്യരാണ് മുംബൈക്ക് പരിഗണിക്കാവുന്ന മറ്റൊരാള്‍. പേസറായ സന്ദീപിനെ ജസ്പ്രീത് ബുംറക്ക് പകരക്കാരനെന്ന നിലയിലാണ് മുംബൈ ടീമിലേക്കെത്തിച്ചത്. അതിവേഗ പേസറല്ലെങ്കിലും ഭേദപ്പെട്ട പ്രകടനം ആഭ്യന്തര ക്രിക്കറ്റില്‍ നടത്താന്‍ സന്ദീപിന് സാധിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ കെകെആറിനായും അദ്ദേഹം കളിച്ചിരുന്നു. നിലവിലെ മുംബൈയുടെ ബൗളിങ് നിരയില്‍ വിശ്വസ്തരായി ആരുമില്ല.
ഈ സാഹചര്യത്തില്‍ മുംബൈക്ക് പരിഗണിക്കാവുന്നവരിലൊരാളാണ് സന്ദീപ്. ജേസന്‍ ബെഹറന്‍ഡോര്‍ഫ്, റില്ലി മെറീഡത്ത് എന്നിവരിലൊരാളെ പുറത്തിരുത്തി മുംബൈക്ക് സന്ദീപിനെ പരിഗണിക്കാം. ടി20യില്‍ വലിയ റെക്കോഡ് സന്ദീപിനില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ സന്ദീപിനെ മുംബൈക്ക് പരിഗണിച്ച് നോക്കാവുന്നതാണ്. പേസ് നിര മെച്ചപ്പെടാത്ത പക്ഷം മുംബൈക്ക് ഈ സീസണില്‍ പച്ചപിടിക്കാനാവില്ല.
ഓപ്പണിങ്ങിലേക്ക് ഡെവാള്‍ഡ് ബ്രെവിസിനെ പരിഗണിക്കുന്നതും മുംബൈക്ക് ആലോചിക്കാവുന്ന കാര്യമാണ്. വിക്കറ്റിനെ ഭയക്കാതെ കടന്നാക്രമിച്ച് കളിക്കാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാനെ ഇപ്പോള്‍ മുംബൈക്ക് ആവിശ്യമാണ്. സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ് എന്നിവരൊന്നും പ്രതീക്ഷക്കൊത്തുയരാത്ത സാഹചര്യത്തില്‍ ബ്രെവിസിനെ മുംബൈക്ക് പരീക്ഷിച്ചുനോക്കാവുന്നതാണ്.