ചെന്നൈ: ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് ആരാധകരെ സൃഷ്ടിക്കുകയെന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. ഒന്നോ രണ്ടോ മികച്ച പ്രകടനങ്ങള്‍ക്കൊണ്ടുപോലും വലിയൊരു ആരാധക സംഘത്തെ സൃഷ്ടിക്കാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കാവും. എന്നാല്‍ ആരാധകരുടെ വികാരമായി മാറുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഒരു നോട്ടത്തില്‍ പോലും ആരാധകരുടെ ആവേശമായി മാറാനായി എന്നത് അപൂര്‍വ്വം താരങ്ങള്‍ക്ക് മാത്രം ലഭിച്ച ഭാഗ്യമാണ്.
സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം അത്തരമൊരു ഭാഗ്യം ലഭിച്ചത് എംഎസ് ധോണിക്ക് മാത്രമാണെന്ന് പറയാം. ധോണിയെ ഹൃദയത്തില്‍ കുടിയിരുത്തിയിരിക്കുന്ന വലിയൊരു ആരാധക സമൂഹം ഇന്നുണ്ട്. അവരെ സിഎസ്‌കെ എന്ന പേരിലേക്ക് ചുരുക്കിയാലും തെറ്റില്ല. സിഎസ്‌കെയ്ക്ക് ധോണി കേവലമൊരു താരമല്ല, മറിച്ച് ടീമിന്റെ ആത്മാവാണ്. ധോണിക്കും സിഎസ്‌കെ വാക്കുകള്‍ക്കപ്പുറമുള്ള സ്‌നേഹമാണ്.

അഞ്ചാം കിരീടത്തോടെ സിഎസ്‌കെയെ ഐപിഎല്ലിലെ രാജാക്കന്മാരായി ധോണി വാഴിക്കുമ്പോള്‍ ആ യാത്രയിലേക്കുള്ള ദൂരം വളരെ വലുതായിരുന്നു. സിഎസ്‌കെയ്‌ക്കൊപ്പമുള്ള ധോണിയുടെ നാള്‍വഴികള്‍ പരിശോധിക്കാം. പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയില്‍ ധോണിയുണ്ട്. വീരേന്ദര്‍ സെവാഗിനെ നോട്ടമിട്ട സിഎസ്‌കെയ്ക്ക് പക്ഷെ ധോണിയെയാണ് ലഭിച്ചത്. അന്നത് ടീം മാനേജ്‌മെന്റിന് നിരാശയുണ്ടാക്കിയെങ്കിലും ഇന്നത് മഹാ ഭാഗ്യമായി കരുതുന്നു.
സിഎസ്‌കെ അഞ്ച് തവണ കിരീടം ചൂടിയപ്പോഴും നായകസ്ഥാനത്ത് ധോണിയുണ്ടായിരുന്നു. പ്രഥമ സീസണ്‍ മുതല്‍ മികവ് കാട്ടിയെങ്കിലും 2010ലാണ് സിഎസ്‌കെ കന്നി ഐപിഎല്‍ കിരീടത്തിലേക്കെത്തിയത്. അതൊരു വലിയ യാത്രയുടെ തുടക്കമായിരുന്നു. 2011, 2018, 2021, 2023 സീസണുകളിലും സിഎസ്‌കെ കിരീടത്തില്‍ മുത്തമിട്ടു. ഇതിനെല്ലാം പിന്നില്‍ ധോണിയെന്ന മജീഷ്യന് മാത്രം സാധിക്കുന്ന ചില തന്ത്രങ്ങളുണ്ടായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണിയെന്ന നായകന്റെ വരവറിഞ്ഞത് 2007ലെ ടി20 ലോകകപ്പിലൂടെയാണ്. നീളന്‍ മുടിക്കാരനായ വെടിക്കെട്ട് ബാറ്റ്‌സ്മാനില്‍ നിന്ന് നായകനായുള്ള ധോണിയുടെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. 2007ലെ ടി20 ലോകകപ്പ് ധോണിയുടെ കരിയറിലെ കിരീട നേട്ടത്തിന്റെ തുടക്കം മാത്രമായിരുന്നു. 2010ല്‍ ഐപിഎല്ലും ചാമ്പ്യന്‍സ് ലീഗും ഏഷ്യാ കപ്പും നേടിയ ധോണി 2011ല്‍ ഇന്ത്യക്ക് ഏകദിന ലോകകപ്പും നേടിക്കൊടുത്തു. ഇതേ വര്‍ഷം സിഎസ്‌കെ ഐപിഎല്ലും നേടി.
2013ല്‍ ചാമ്പ്യന്‍സ് ട്രോഫി, 2014ല്‍ ചാമ്പ്യന്‍സ് ലീഗ്, 2016ല്‍ ഏഷ്യാ കപ്പ്, 2018, 2021, 2023ല്‍ ഐപിഎല്‍ കിരീടം എന്നിങ്ങനെ എത്തിനില്‍ക്കുന്ന ധോണിയുടെ കിരീട നേട്ടം. 250 ഐപിഎല്‍ മത്സരം കളിക്കുന്ന ആദ്യത്തെ താരമാണ് ധോണി. 38ന് മുകളില്‍ ശരാശരിയില്‍ 5082 റണ്‍സ് ധോണിക്കുണ്ട്. 24 അര്‍ധ സെഞ്ച്വറികളും അതില്‍ ഉള്‍പ്പെടും. ഇന്ത്യക്കായി 99 ടി20 കളിച്ച ധോണി നേടിയത് രണ്ട് ഫിഫ്റ്റി മാത്രമാണ്.

സിഎസ്‌കെയില്‍ ധോണിയാണ് അവസാന വാക്ക്. പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ് പോലും ധോണിയുടെ തീരുമാനത്തിനനുസരിച്ച് നീങ്ങുന്നു. മറ്റൊരു ടീമിലും കാണാത്ത കാര്യമാണത്. സിഎസ്‌കെയുടെ ടീം മാനേജ്‌മെന്റ് താരങ്ങളെ ടീമിലേക്കെത്തിക്കുന്നതുപോലും ധോണിയുടെ തീരുമാന പ്രകാരമാണ്. മതീഷ പതിരണയുടെ സിഎസ്‌കെയിലേക്കെത്തിയത് ധോണിയുടെ ഇടപെടലിലൂടെയാണ്.
ഈ സീസണോടെ ധോണിയുടെ വിരമിക്കല്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അടുത്ത സീസണിലും കളിക്കാനാവുമെന്ന പ്രതീക്ഷയാണ് ധോണി പങ്കുവെച്ചത്. ധോണിയുടെ വലിയൊരു സ്വപ്‌നം ഇപ്പോഴും ബാക്കിയാണ്. അത് ചെന്നൈയില്‍ കിരീടം നേടി വിടപറയല്‍ നടത്തണമെന്നാണ്. ഇത്തവണ അഹമ്മദാബാദിലാണ് ഫൈനല്‍ നടന്നത്. അടുത്ത സീസണില്‍ ചെന്നൈയിലേക്ക് ഫൈനലെത്താന്‍ സാധ്യതയുണ്ട്.
ധോണിയെ അത്രമേല്‍ സ്‌നേഹിക്കുന്നവര്‍ക്ക് മുന്നില്‍ കപ്പടിച്ച് വിടപറയണമെന്നതാണ് ധോണിയുടെ മോഹം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിടപറയല്‍ മത്സരം ലഭിക്കാത്ത ധോണിക്ക് ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം രാജകീയ വിടപറയല്‍ തന്നെ ലഭിച്ചേക്കും. അടുത്ത സീസണോടെ ധോണി കളിക്കാരനായി വിരമിച്ചാലും ഉപദേശകനായി സിഎസ്‌കെയ്‌ക്കൊപ്പം എക്കാലവുമുണ്ടാവുമെന്നുറപ്പ്.