പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി മിന്നുന്ന പ്രകടനത്തിലൂടെ ആരാധകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. കരിയറിലെ അവസാനത്തെ ഐപിഎല്ലില്‍ കളിക്കുന്ന 41 കാരന്‍ എല്ലാ തരത്തിലും ഇതു ആഘോഷിക്കുകയാണ്. ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലും കസറിയാണ് അദ്ദേഹം ആരാധകരെ രസിപ്പിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു സീസണുകളിലായി തനിക്കു നഷ്ടമായെന്നു കരുതിയ ഫിനിഷിങ് പാടവം ധോണി ഇത്തവണ പൊടി തട്ടിയെടുത്തിരിക്കുകയാണ്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഏഴു ബോളില്‍ 14ഉം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ മൂന്നു ബോളില്‍ 12ഉം റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. എന്നാല്‍ ഇവയെയെല്ലാം കടത്തിവെട്ടുന്നതായിരുന്നു രാജസ്ഥാന്‍ റോയല്‍സിനെതിരായ ഇന്നിങ്‌സ്. 17 ബോളില്‍ പുറത്താവാതെ ധോണി അടിച്ചെടുത്തത് 32 റണ്‍സായിരുന്നു. എട്ടാം നമ്പറില്‍ ഇറങ്ങിയായിരുന്നു അദ്ദേഹത്തിന്റെ ഈ കിടിലന്‍ പ്രകടനം.

ബാറ്റിങില്‍ വാലറ്റത്ത് ഇറങ്ങി അവിശ്വസനീയ ഇന്നിങ്‌സ് കളിച്ചുകൊണ്ടിരിക്കുന്ന എംഎസ് ധോണിയെക്കുറിച്ച് ഒരു വലിയ പ്രവചനം നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗന്‍. ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം. ഈ സീസണില്‍ ധോണി ബാറ്റിങില്‍ ടോപ്പ് ഓര്‍ഡറിലേക്കു സ്വയം പ്രൊമോട്ട് ചെയ്‌തേക്കുമെന്നാണ് മോര്‍ഗന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍ അതു സിഎസ്‌കെ പ്ലേഓഫിലെത്തിയെങ്കില്‍ മാത്രമേ സംഭവിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് ലൈനപ്പ് ഇപ്പോള്‍ വളരെധികം ശക്തമാണ്. എംഎസ് ധോണി സ്വയം ബാറ്റിങില്‍ താഴേക്ക് ഇറങ്ങാനാണ് ഇഷ്ടപ്പെടുന്നതെന്നു എനിക്കറിയാം. അല്ലായിരുന്നെങ്കില്‍ അദ്ദേഹം ഇതിനകം തന്നെ ബാറ്റിങില്‍ സ്വയം മുകളിലേക്കു പ്രൊമോട്ട് ചെയ്യുമായിരുന്നു. നിലവില്‍ ധോണി മുന്‍നിരയിലേക്കു ബാറ്റ് ചെയ്യാന്‍ വരുമെന്നു എനിക്കു തോന്നുന്നില്ല.
പക്ഷെ സിഎസ്‌കെ പ്ലേഓഫിലേക്കു യോഗ്യത നേടിയാല്‍ കാര്യങ്ങള്‍ മാറിയേക്കും. ഒരുപക്ഷെ വ്യത്യസ്തമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാല്‍ അപ്പോള്‍ ധോണി ബാറ്റിങില്‍ മുന്‍നിരയിലേക്കു വന്നേക്കും. പക്ഷെ ഇപ്പോത്തെ സാഹചര്യത്തില്‍ അദ്ദേഹം ഇതേ രീതിയില്‍ ലോവര്‍ ഓര്‍ഡറില്‍ തന്നെ തുടര്‍ന്നും ബാറ്റ് ചെയ്യും. സ്വന്തം തന്നക്കുറിച്ച് വിലയിരുത്താന്‍ കഴിവുള്ള വ്യക്തിയാണ് ധോണിയെന്നും ഒയ്ന്‍ മോര്‍ഗന്‍ വ്യക്തമാക്കി.

അതേസമയം, തന്റെ മുന്‍ ടീമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനും ഓള്‍റൗണ്ടറുമായ ആന്ദ്രെ റസ്സലിന്റെ മോശം ഫോമില്‍ ഒയ്ന്‍ മോര്‍ഗന്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ കെകെആറിനായി ഏറ്റവുമധികം വിക്കറ്റുകളെടുത്ത റസ്സലിന് ഇത്തവണ ഒരോവര്‍ പോലും ബൗള്‍ ചെയ്തിട്ടില്ല. ബാറ്റിങിലാവട്ടെ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി നേടിയത് 35 റണ്‍സ് മാത്രമാണ്.
19, 0, 1 എന്നിങ്ങനെയാണ് സ്‌കോറുകള്‍. എന്നാല്‍ മറ്റു താരങ്ങള്‍ മികച്ച പ്രകടനം നടത്തുന്നതിനാല്‍ റസ്സലിന്റെ ഫോം ഇനിയും കെകെആറിനെ കാര്യമായി ബാധിച്ചിട്ടില്ല. പക്ഷെ ടൂര്‍ണമെന്റ് മുന്നോട്ടുപോകവെ അദ്ദേഗത്തിന്റെ പ്രകടനം ടീമിനു തലവേദനയായേക്കും.
നിലവില്‍ മോശം ഫോമിലാണെങ്കിലും ആന്ദ്രെ റസ്സലിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കുന്നതിനെക്കുറിച്ച് ടീം മാനേജ്‌മെന്റ് ആലോചിക്കുമെന്നു ഞാന്‍ കരുതുന്നില്ല. റസ്സല്‍ ടീമിനു നല്‍കുന്ന മൂല്യം വളരെ വലുതാണ്. കഴിഞ്ഞ വര്‍ഷം അദ്ദേഹം കെകെആറിനായി റണ്ണെടുത്തിരുന്നു. മാത്രമല്ല ടീമിനായി ഏറ്റവുമധികം വിക്കറ്റുകളെടുത്തതും റസ്സലായിരുന്നു.
നിലവില്‍ കെകെആറിനെ സംബന്ധിച്ച് ഏറ്റവും മികച്ച കാര്യം റസ്സലിനെ ആശ്രയിക്കുന്നില്ലയെന്നതാണ്. കൂടാതെ സുനില്‍ നരെയ്‌നെയും ആശ്രയിക്കാതെയാണ് ടീം മുന്നോട്ടുപോവുന്നത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഇത്തവണ കെകെആറിനു വേണ്ടി കളിക്കുന്നില്ലെന്നതു നമ്മള്‍ ഓര്‍ക്കണമെന്നും ഒയ്ന്‍ മോര്‍ഗന്‍ പറഞ്ഞു.